വിവാഹത്തിന് മുമ്പേ തന്നെ അമ്മയാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി സ്വര ഭാസ്കർ. വിവാഹം തന്റെ ജീവിതത്തിൽ സംഭവിക്കണമെന്നില്ലെന്ന് ഒരുകാലത്ത് കരുതിയിരുന്നെങ്കിലും, ഒരു കുഞ്ഞിന്റെ അമ്മയാകണമെന്ന ആഗ്രഹത്തിൽ നിന്ന് പിന്നോട്ടുപോകാൻ തയാറായിരുന്നില്ലെന്നും അവർ പറയുന്നു. അതിന്റെ ഭാഗമായി അജ്ഞാത ബീജദാതാവിന്റെ സഹായത്തോടെ രണ്ടുതവണ ഐവിഎഫ് ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും രണ്ടും വിജയിച്ചില്ലെന്നും സ്വര വെളിപ്പെടുത്തി.
ആ തീരുമാനം ആദ്യം കുടുംബത്തിന് എളുപ്പത്തിൽ ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീട് അവർ പിന്തുണച്ചുവെന്നും സ്വര പറയുന്നു. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തേണ്ടിവന്നാലും അതിന് തയ്യാറായിരുന്നു എന്നായിരുന്നു അന്നത്തെ നിലപാട്. പിന്നീട് ഫഹദ് അഹമ്മദുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും 2023ൽ വിവാഹിതരാകുകയും ചെയ്തു. തുടർന്ന് ദമ്പതികൾക്ക് റാബിയ എന്ന മകൾ ജനിച്ചു.
മാതൃത്വത്തിലേക്കുള്ള യാത്ര എല്ലാവർക്കും ഒരേ രീതിയിലല്ലെന്നും, ചിലരുടെ ജീവിതത്തിൽ അത് പ്രതീക്ഷിക്കാത്ത വഴികളിലൂടെ എത്താമെന്നും തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സ്വര ഓർമ്മിപ്പിക്കുന്നു. വ്യക്തിപരമായി ഏറെ സ്വകാര്യമായ ഒരു അനുഭവം തുറന്ന് പറഞ്ഞ താരത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.








