ഇടുക്കിയിൽ വനംവകുപ്പിനെതിരെ പ്രക്ഷോഭം കടുപ്പിച്ച് സിപിഐ,

0
2

ഇടുക്കി: ഹൈറേഞ്ചിൽ വന്യജീവി ആക്രമണം രൂക്ഷമാകുമ്പോഴും വനംവകുപ്പ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ പ്രക്ഷോഭം കടുപ്പിച്ച് സിപിഐ. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഐ ദേവികുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളം ഡിഎഫ്ഒ ഓഫിസിലേക്ക് ബഹുജന മാർച്ചും സത്യഗ്രഹവും നടത്തി. തോട്ടം തൊഴിലാളികളും സാധാരണക്കാരും കാട്ടാനയുടെയും പുലിയുടെയും കടുവയുടെയും ഭീതിയിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധ സത്യഗ്രഹം സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനംവകുപ്പ് വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിൽ അനാസ്ഥ കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരും വനംവകുപ്പും കേരളത്തിലെ വനഭാഗവും വനവിസ്തൃതിയും വർധിപ്പിക്കുന്നതിനുള്ള ബോധപൂർവമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മലയോര ജനതയെയും തോട്ടം തൊഴിലാളികളെയും പൂർണമായി അവഗണിക്കുന്ന ഈ സമീപനം അംഗീകരിക്കാനാകില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സലിംകുമാർ ആവശ്യപ്പെട്ടു.

തൊഴിലാളികൾ ഭീതിയിൽ
ദേവികുളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാട്ടാനശല്യത്തിന് പുറമെ സമീപകാലത്തായി പുലി, കടുവ എന്നിവയുടെ സാന്നിധ്യവും വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. മൂന്നാർ, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലകളിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായി മാറി. കാലങ്ങളായി ഹൈറേഞ്ച് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് വന്യജീവി ശല്യം. വേനൽക്കാലം ആരംഭിക്കുന്നതോടെ വനത്തിൽ നിന്ന് തീറ്റയും വെള്ളവും തേടി മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാണ്. എന്നാൽ ഇതിന് തടയിടാൻ വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പലയിടത്തും തകർന്ന നിലയിലാണ്. പുലർച്ചെ കൃഷിയിടങ്ങളിലേക്കും തോട്ടങ്ങളിലേക്കും ജോലിക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ കഴിയുന്നത്. ലയങ്ങൾക്ക് മുന്നിൽ വരെ കാട്ടാനകൾ എത്തുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. വന്യജീവികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടും നഷ്ടപരിഹാരം വൈകുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു.

പ്രധാന ആവശ്യങ്ങൾ
കൃഷിയിടങ്ങളിലും തൊഴിലാളി ലയങ്ങളിലും വന്യജീവികൾ ഇറങ്ങുന്നത് തടയാൻ ശാശ്വത സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. വന്യജീവി ആക്രമണത്തിൽ ജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടം സംഭവിച്ചവർക്ക് വൈകാതെ അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ജനവാസ മേഖലകളിലും തോട്ടം ലയങ്ങളിലും അടിയന്തര സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.

സമരം കടുപ്പിക്കാൻ സിപിഐ
വനംവകുപ്പ് ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. വന്യജീവി ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വനംവകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ ഉപരോധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിന് പുറമെ ഹൈറേഞ്ചിൽ ഹർത്താൽ ഉൾപ്പെടെയുള്ള തീവ്ര സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സത്യഗ്രഹത്തിൽ പ്രാദേശിക നേതാക്കൾക്കും ജനപ്രതിനിധികൾക്കും പുറമെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here