പ്രായം 40 കഴിഞ്ഞോ?; സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

0
5

40 വയസ്സ് പിന്നിടുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ പലപ്പോഴും സ്ത്രീകളെ ആശങ്കയിലാക്കാറുണ്ട്. എന്നാൽ പ്രായം നാൽപ്പത് കഴിഞ്ഞതുകൊണ്ട് മാത്രം ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്നതാണ് യാഥാർഥ്യം. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തിയാൽ ആരോഗ്യവും യൗവനവും നിലനിർത്താനാകും.

പെരിമെനോപോസ്, മെനോപോസ് തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ വലിയ രീതിയിലുള്ള ഹോർമോൺ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് പേശികളുടെയും എല്ലുകളുടെയും ബലത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും ശരീരഘടനയെയും നേരിട്ട് ബാധിക്കും. കൂടാതെ ഉറക്കം, ഊർജം, വിശപ്പ് എന്നിവയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നാൽപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഭക്ഷണ നിയന്ത്രണങ്ങൾ ഒഴിവാക്കി പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണമെന്ന് മുംബൈ ഡോംബിവ്‌ലിയിലെ എയിംസ് ആശുപത്രിയിലെ കൺസൾട്ടൻ്റ് ന്യൂട്രീഷനിസ്റ്റ് കവിത നാഥൻ വ്യക്തമാക്കി. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്യസമയത്തുള്ള ആഹാരം, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ശരീരഭാരം നിയന്ത്രിക്കുക എന്നത് മാത്രമല്ല, പേശികൾ നിലനിർത്തുക, എല്ലുകളെ സംരക്ഷിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ഊർജം നിലനിർത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

നാൽപ്പത് കഴിഞ്ഞവർ കഴിക്കേണ്ടവ

പ്രായം കൂടുന്തോറും പേശികളുടെ ബലം സ്വാഭാവികമായും കുറയുന്നതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. പരിപ്പ്, ബീൻസ്, പാലുത്പന്നങ്ങൾ, മുട്ട, മത്സ്യം, ചിക്കൻ, ടോഫു, പനീർ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മെനോപോസ് സമയത്ത് ഈസ്ട്രജൻ്റെ അളവ് കുറയുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും അത്യന്താപേക്ഷിതമാണ്. പാൽ, തൈര്, പനീർ, റാഗി, എള്ള്, ഇലക്കറികൾ എന്നിവ ഇതിനായി കഴിക്കാവുന്നതാണ്. വിറ്റാമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകൾ ഉപയോഗിക്കാം.

ആർത്തവ സമയത്ത് അമിത രക്തസ്രാവം ഉള്ള സ്ത്രീകൾക്ക് ഇരുമ്പിൻ്റെ അംശം കൂടുതലായി ആവശ്യമാണ്. പയറുവർഗങ്ങൾ, ബീൻസ്, ഇലക്കറികൾ, മുട്ട, ഇറച്ചി എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. സസ്യങ്ങളിൽ നിന്നുള്ള ഇരുമ്പ് ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് നല്ലതാണ്. ദഹനം സുഗമമാക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഫൈബർ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി നട്സ്, അവോക്കാഡോ, സസ്യ എണ്ണകൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കണം.

ഭക്ഷണത്തിൽ പ്രോട്ടീൻ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്താനാണ് ന്യൂട്രീഷനിസ്റ്റ് കവിത നാഥൻ നിർദേശിക്കുന്നത്. സംസ്കരിച്ച ലഘുഭക്ഷണങ്ങളും മധുരപാനീയങ്ങളും പൂർണമായും ഒഴിവാക്കണം. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനായി സ്ഥിരമായി വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. അനാവശ്യമായ സപ്ലിമെൻ്റുകളും കഠിനമായ ഡയറ്റുകളും സ്ത്രീകൾ ഒഴിവാക്കണം.

ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വ്യത്യസ്തമായതിനാൽ അസുഖങ്ങളുള്ളവരും പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്നവരും ഡോക്ടറുടെയോ ഡയറ്റീഷ്യൻ്റെയോ നിർദേശം തേടണം. നാൽപ്പത് വയസ്സിന് ശേഷം ഭക്ഷണം കുറയ്ക്കുന്നതിന് പകരം ഗുണനിലവാരമുള്ള ആഹാരം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മികച്ച ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയിലൂടെ സ്ത്രീകൾക്ക് ഏത് പ്രായത്തിലും ആരോഗ്യവും ഊർജവും നിലനിർത്താൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here