ഹിമാലയം 5404 അപൂര്‍വ സസ്യവര്‍ഗങ്ങളുടെ പാരമ്പര്യ ശേഖരം-പഠനം

0
3

ഡെറാഡൂണ്‍: ഹിമാലയത്തില്‍ -കാടുകളിലും താഴ്‌വരകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ജീവിക്കുന്ന ജനങ്ങള്‍ക്ക് ഇത് കേവലമൊരു ഭൂവിഭാഗമല്ല. ഭക്ഷണം, മരുന്ന്, ഇന്ധനം, കന്നുകാലികള്‍ക്കുള്ള തീറ്റ,കെട്ടിടനിര്‍മാണത്തിനുള്ള സാമഗ്രികള്‍ എന്നിവയുടെ അക്ഷയപാത്രമാണ്. നിരവധി ചെടികള്‍ ഇവിടുത്തെ പ്രാദേശിക ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മതപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

 

ഇവിടുത്തെ സംബന്ധിച്ച അറിവുകളെല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വാമൊഴികളിലൂടെ കൈമാറ്റം ചെയ്‌ത് പോരുന്നു. ഒരു പുത്തന്‍ ഫഠനം ഈ ചിതറിക്കിടക്കുന്ന അറിവുകളെയെല്ലാം കൂടി കോര്‍ത്തിണക്കാന്‍ ശ്രമിക്കുകയാണ്. ഒപ്പം ഇന്ത്യന്‍ ഹിമാലയത്തിന്‍റെ ഉപയോഗമുള്ള ജൈവസമ്പത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ക്രോഡീകരിക്കാനും.

ഹിമാലയന്‍ മേഖലയിലുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന 5404 ഇനത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. ഈപട്ടികയില്‍ കേവലം സസ്യങ്ങള്‍ മാത്രമല്ല ഉള്ളത്. ഫംഗസുകള്‍, ആല്‍ഗെകള്‍, പായലുകള്‍ എന്നിവയെക്കുറിച്ചും അവര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. നിലവിലെ പഠനപ്രകാരം ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ഉപയോഗ യോഗ്യമായ സസ്യവര്‍ഗങ്ങളുള്ളത്. പഠനത്തില്‍ കണ്ടെത്തിയ സസ്യവര്‍ഗങ്ങളില്‍ 44.6ശതമാനവും സംസ്ഥാനത്താണ് ഉള്ളത്. എന്നാല്‍ ഗവേഷകര്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മറ്റ് ഹിമാലയന്‍ മേഖലകളെക്കാള്‍ കൂടുതലായി ഉത്തരാഖണ്ഡിനെ പഠിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

ഇന്ത്യന്‍ ഹിമാലയത്തിലെ പരമ്പരാഗത സസ്യ സമ്പത്ത്

എത്തനോബോട്ടാണിക്കല്‍ വെല്‍ത്ത് ഓഫ് ഇന്ത്യന്‍ ഹിമാലയാസ്; എ സിന്തസിസ് ഓഫ് യൂസ്‌ഫുള്‍ സ്‌പീഷീസ് ,ട്രഡീഷണല്‍ നോളജ് ആന്‍ഡ് കണ്‍സര്‍വേഷന്‍ പ്രയോറിറ്റീസ് എന്ന പഠനം 2026 സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറങ്ങിയ എത്തനോളജി ആന്‍ഡ് എത്തനോമെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവന ദങ്വാള്‍, ധാനി ആര്യ, ഇന്ദ്ര ദത്ത് ഭട്ട്,സുരേഷ്‌കുമാര്‍ റാണ എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ ഹിമാലയന്‍ മേഖലയിലെ 146 ജില്ലകളിലെ 2283 പഠനങ്ങള്‍ പരിശോധിച്ചു.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്,അരുണാചല്‍ പ്രദേശ്, ജമ്മു കശ്‌മീര്‍,ലഡാക്ക്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം,ത്രിപുര തുടങ്ങിയ മേഖലകള്‍ അവര്‍ പഠന വിധേയമാക്കി. ഇതിന് പുറമെ അസം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ മലയോര മേഖലകളെയും.ഇവര്‍ കണ്ടെത്തിയ 5404 സസ്യവര്‍ഗങ്ങളില്‍ 90ശതമാനവും പൂക്കുന്ന ചെടികളാണ്. 4.5 ശതമാനം ഫംഗസുകളുണ്ട്. ഇവര്‍ കണ്ടെത്തിയ സസ്യവര്‍ഗങ്ങളില്‍ പകുതിയും ഔഷധസസ്യങ്ങളാണ്.

ഇവയില്‍ ഓരോ വര്‍ഗത്തിനും ഒന്നിലേറെ ഉപയോഗങ്ങളുമുണ്ട്. ഒരിടത്ത് ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഇല മറ്റൊരിടത്ത് മരുന്നാണ്. മറ്റൊന്ന് ചിലപ്പോള്‍ കന്നുകാലികള്‍ക്കുള്ള തീറ്റയാണെങ്കില്‍ വീടുകളില്‍ തീ കത്തിക്കാനും നാരുകളായും മറ്റും ഇതുപയോഗിക്കുന്നു. ചിലത് ഉത്സവ വേളകളില്‍ ഉപയോഗിക്കുന്നു, ചിലത് മതചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും.

കണക്കുകള്‍ വാക്കുകളേക്കാള്‍ കൂടുതല്‍ സംസാരിക്കും

96.4ശതമാനം വര്‍ഗം സസ്യങ്ങളും പരമ്പരാഗത ചികിത്സകള്‍ക്ക് ഉപയോഗിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.49 ശതമാനം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. 36.6ശതമാനം തടി, നാരുകള്‍, എണ്ണ, കഴ, പശ, വര്‍ണം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ കണക്കുകള്‍ മുന്‍കാല പഠനങ്ങളിലും പ്രാദേശിക സമൂഹങ്ങളിലും സൂചിപ്പിച്ചിട്ടുള്ളവയാണ്. എന്നാല്‍ എല്ലാ പരമ്പരാഗത ചികിത്സകളും ശാസ്‌ത്രീയമായോ വൈദ്യപരമായോ തെളിയിച്ചിട്ടുള്ളതല്ല.

ഉത്തരാഖണ്ഡിലാണ് ഇവയിലേറെയും ഉള്ളത്. 44.6ശതമാനവും ഇവിടെയാണ്. തൊട്ടുപിന്നാലെ ഹിമാചല്‍പ്രദേശുണ്ട്. 34 ശതമാനമാണ് ഇവിടെയുള്ള സസ്യങ്ങളുടെ കണക്ക്. അരുണാചല്‍ പ്രദേശില്‍ 30.9ശതമാനം സസ്യങ്ങളുണ്ട്. ജമ്മുകശ്‌മീരില്‍ 27ശതമാനമാണ് സസ്യങ്ങളുള്ളത്. മേഘാലയയില്‍ 21ശതമാനം സസ്യങ്ങള്‍ കാണപ്പെടുന്നു. മണിപ്പൂരില്‍ പതിനേഴ് ശതമാനവും സിക്കിമില്‍ പതിനാറ് ശതമാനവും ഉണ്ട്. നാഗാലാന്‍ഡില്‍ പതിനഞ്ച്, ലഡാക്കില്‍ പതിനാല്, മിസോറാമില്‍ പന്ത്രണ്ട്, പശ്ചിമബംഗാളിലെ കുന്നുകളില്‍ 11ത്രിപുരയില്‍ പത്ത്,അസം കുന്നുകളില്‍ എട്ട് ശതമാനം എന്നിങ്ങനെയാണ് സസ്യലതാദികളുടെ കണക്ക്.

ഈ കണക്കുകളെ നമുക്ക് കൂട്ടിച്ചേര്‍ക്കാനാകില്ല. കാരണം ഒരേതരം സസ്യങ്ങള്‍ പല സംസ്ഥാനങ്ങളിലും കാണാം. 791സസ്യവര്‍ഗങ്ങള്‍ രണ്ടോ അതിലേറെയോ ഹിമാലയന്‍ മേഖലകളില്‍ കണ്ടെത്തി. എന്ത് കൊണ്ടാണ് ചില സംസ്ഥാനങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഉപയോഗയോഗ്യമായ സസ്യവര്‍ഗങ്ങല്‍ ഉള്ളതെന്നും ഗവേഷകര്‍ പരിശോധിച്ചു. ഓരോ മേഖലയിലും നടത്തിയ ഗവേഷണങ്ങള്‍ തമ്മില്‍ വലിയവ്യത്യാസമുണ്ടെന്നും കണ്ടെത്തി.

ഉറവിട പഠനങ്ങളെ കുറിച്ച്

ഉത്തരാഖണ്ഡ് മാത്രം 783 ഉറവിട പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അസമിലെ മലമ്പ്രദേശങ്ങളെ കുറിച്ച് കേവലം പതിനേഴ് പഠനങ്ങള്‍ മാത്രമേ ഉള്ളൂ. വലിയ തോതിലുള്ള പഠനങ്ങള്‍ ഉത്തരാഖണ്ഡില്‍ നടന്നിട്ടുള്ളതിനാല്‍ പട്ടികയില്‍ ഇവിടെ നിന്നുള്ള കൂടുതല്‍ സസ്യങ്ങളുണ്ട്. താരതമ്യ പഠനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനായി ഗവേഷകര്‍ കണക്കുകള്‍ വീണ്ടും കൂട്ടി നോക്കി.ഓരോ മേഖലയിലും ഒരേ എണ്ണം പഠനം നടത്തി. ഇതോടെ അരുണാചല്‍ പ്രദേശ് 946 സസ്യ വര്‍ഗങ്ങളുമായി ഒന്നാമതെത്തി.

816 സസ്യ വര്‍ഗങ്ങളുമായി നാഗാലാന്‍ഡ് രണ്ടാം സ്ഥാനത്തും 655 ഇനങ്ങളുമായി മേഘാലയ മൂന്നാമതും 622 ഇനങ്ങളുമായി മണിപ്പൂര്‍ തൊട്ടുപിന്നിലുമുണ്ട്. ഉത്തരാഖണ്ഡില്‍ 587 ഇനങ്ങളും ഹിമാചല്‍ പ്രദേശില്‍ 555 ഇനങ്ങളുമുണ്ട്.

പുനക്രമീകരിച്ച കണക്കുകള്‍ പ്രകാരം കിഴക്കന്‍ ഹിമാലയത്തിലാണ് കൂടുതല്‍ ഉപകാരപ്രദമായ സസ്യവര്‍ഗങ്ങളുള്ളത്. അവയൊന്നും പക്ഷേ ഉത്തരാഖണ്ഡിലേത് പോലെയോ മറ്റ് ചില പശ്ചിമ ഹിമാലയന്‍ സംസ്ഥാനങ്ങളെ പോലെയോ പഠിച്ചിട്ടില്ല. ഉത്തരാഖണ്ഡിലേത് പോലും ഉപയോഗപ്രദമായ സസ്യവര്‍ഗങ്ങളുടെ കേവലം 62.3ശതമാനം മാത്രമാണ് പൂര്‍ണമായും പട്ടിക പെടുത്തിയിട്ടുള്ളത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങളില്‍ കണ്ടുപിടുത്തങ്ങള്‍ 69ശതമാനത്തിന് അപ്പുറം കടന്നിട്ടില്ല.

ഇതിനര്‍ത്ഥം 5404 എന്നത് ഒരു അന്തിമ കണക്കാകില്ല. പ്രാദേശിക ജനത ഉപയോഗിക്കുന്ന മിക്ക ചെടികളും വര്‍ഗങ്ങളും ഇപ്പോഴും ശാസ്‌ത്രീയ രേഖകള്‍ക്ക് പുറത്താണ്. ഭക്ഷ്യ ചെടികളാണ് ഈ പ്രകൃതി സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അരുണാചല്‍ പ്രദേശില്‍ മനുഷ്യര്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന 1237 സസ്യവര്‍ഗങ്ങള്‍ ഉണ്ട്. പ്രദേശത്തെ പഠനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇത് തന്നെയാണ്. തൊട്ടുപിന്നാലെ ഉത്തരാഖണ്ഡ് ഉണ്ട്. 1220 സസ്യവര്‍ഗങ്ങളാണ് ഇവിടെയുള്ളതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഹിമാചല്‍പ്രദേശില്‍ 1004 ഭക്ഷ്യ വര്‍ഗങ്ങളുണ്ട്. ജമ്മുകശ്‌മീരില്‍ 847ഉം മേഘാലയയില്‍ 830ഉം ഉണ്ട്.

ഹിമാലന്‍ സസ്യവര്‍ഗങ്ങളുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകള്‍

പരമ്പരാഗത ഔഷധ അറിവുകള്‍ പഠനത്തിന്‍റെ വലിയ ഭാഗമായിരുന്നു. ഗവേഷകര്‍ ഹിമാലയന്‍ സസ്യവര്‍ഗങ്ങളുമായി ബന്ധപ്പെട്ട 047 രോഗങ്ങളും ആരോഗ്യ പ്രശ‌‌നങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി, മുറിവുകള്‍, ചര്‍മ്മപ്രശ്‌നങ്ങള്‍, ചുമ, വയറിളക്കം, പ്രമേഹം, വയറു വേദന, ജലദോഷം ന്നിവയ്ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന അഞ്ഞൂറിലേറെ സസ്യവര്‍ഗങ്ങളെ കണ്ടെത്തി.

ചില സസ്യങ്ങള്‍ പഠനത്തില്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. 169 രോഗങ്ങള്‍ക്ക് പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സസ്യമാണ് അകോറസ് കാലാമസ്, അതേസമയം സെന്‍റല്ല ഏഷ്യാറ്റിക 154 രോഗങ്ങള്‍ക്കും. പിക്രോര്‍ഹിസ കുറോവ150 രോഗങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.ഫിലിയാന്തരസ് എംബ്ലിക്ക അഥവ നെല്ലിക്ക 147 രോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.

ഗുരുതര രോഗങ്ങള്‍ക്കും ഇവ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. 286 ഇനം സസ്യങ്ങള്‍ അര്‍ബുദ രോഗങ്ങള്‍ക്ക് മരുന്നായിരുന്നു. അള്‍സറിന് 431ഉം, ദഹനപ്രശ്‌നങ്ങള്‍ക്ക് 453ഉം കരള്‍ പ്രശ്‌ന്ങള്‍ക്ക് 340ഉം സസ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. 434സസ്യങ്ങള്‍ മഞ്ഞപ്പിത്തത്തിനും 315എണ്ണം ഒടിവുകള്‍ക്കും 130 സസ്യങ്ങള്‍ വൃക്കയിലെ കല്ലിന്‍റെ ചികിത്സകള്‍ക്കും ഉപയോഗിച്ചിരുന്നു. പരമ്പരാഗത ഉപയോഗത്തെക്കുറിച്ച് മാത്രമുള്ളതാണ് ഈ കണക്കുകള്‍. ഈ സസ്യങ്ങളെല്ലാം രോഗം മാറ്റുമെന്നത് ശാസ്‌ത്രീയമായി തെളിയിച്ചിട്ടില്ല.ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍ രോഗം തിരിച്ചറിയുകയും യോഗ്യതയുള്ള ഡോക്‌ടര്‍മാരുടെ ചികിത്സ തേടുകയും വേണം.

പ്രക്രിയ

സസ്യങ്ങള്‍ ശേഖരിക്കപ്പെടുന്ന രീതിയും മറ്റൊരു ആശങ്കയാണ്. മിക്ക ചെടികളുടെയും ഇലകളാണ് സര്‍വസാധാരണമായി ഉപയോഗിക്കുന്നത്. 2,771 വര്‍ഗങ്ങളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 1647 വര്‍ഗങ്ങളുടെ എല്ലാ ഭാഗവും ആളുകള്‍ ഉപയോഗിക്കുന്നു. 1488 സസ്യങ്ങളുടെ പഴങ്ങളാണ് ഉപയോഗിക്കുന്നത്. 1411 സസ്യവര്‍ഗങ്ങളുടെ വേരുകള്‍ ഉപയോഗിക്കുന്നു. 858 സസ്യങ്ങളുടെ കാണ്ഡമാണ് ഉപയോഗിക്കുന്നത്. 821 സസ്യവര്‍ഗങ്ങളുടെ പൂക്കളും. പഴങ്ങളോ പൂക്കളോ പരിമിതമായ അളവില്‍ ഇലകളോ ഒരു സസ്യത്തില്‍ നിന്ന് നാം ശേഖരിക്കുമ്പോള്‍ അതിന്‍റെ ജീവിത ചക്രം തുടരാനാകും. എന്നാല്‍ വേരുകളും തണ്ടുകളും ഒക്കെ എടുക്കുമ്പോള്‍ ആ സസ്യത്തെ നാം പൂര്‍ണമായും നശിപ്പിക്കുകയാണ്. ഇതിന് പിന്നീട് വളരാനാകുന്നില്ല.

51.3ശതമാനം സ്യങ്ങളുടെയും ഒരു ഭാഗമെങ്കിലും എടുക്കുന്നത് ആ സസ്യത്തെ നശിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. ഇതിര്‍ത്ഥം ഈ ചെടികളെ നിലനില്‍ക്കാനാകാത്ത വിധം ഉപയോഗിക്കണമെന്നല്ല. ഇവയെ നമുക്ക് ഉപയോഗിക്കാം. പക്ഷേ കൃത്യമായ സംരക്ഷണം ആവശ്യമാണ്.

മറ്റൊരു പ്രശ്‌നം ഇവയുടെ സംരക്ഷണ നില സംബന്ധിച്ചുള്ള വിവരങ്ങളുടെ അഭാവമാണ്. 5404 ഉപയോഗപ്രദമായ സസ്യവര്‍ഗങ്ങളില്‍ കേവലം 1270 എണ്ണം മാത്രമാണ് രാജ്യാന്തര യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍സ് റെഡ് ലിസ്റ്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയില്‍ 17 ഇനം അതീവ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ്. 34 എണ്ണം വംശനാശ ഭീഷണി നേരിടുന്നു. 44 എണ്ണത്തിന്‍റെ കാര്യം അപകടത്തിലാണ്. മറ്റൊരു 26 വിഭാഗം സസ്യങ്ങള്‍ക്ക് ഭീഷണിയുണ്ട്. അതേസമയം 74 സസ്യവര്‍ഗങ്ങളുടെ കാര്യത്തില്‍ വിവരങ്ങള്‍ അപര്യാപ്‌തവും.

ഔഷധ സസ്യങ്ങളായ നര്‍ദോസ്റ്റാചിസ് ജതമന്‍സി, പിക്രോഹിസ കുറോവ, അകോണിടം ഹെറ്റെറോഫൈലം, പോഡോഫൈലം, ഹെക്‌സാണ്ട്രം, ഡാക്‌ടിലോര്‍ഹിസ ഹറ്റാഗിരിയ തുടങ്ങിയവയ്ക്കാണ് അതീവ കരുതല്‍ ആവശ്യമുള്ളത്.

ഔഷധ സസ്യങ്ങളുടെ ശേഖരണവും വില്‍ക്കലും

ഇവയുടെ സംരക്ഷണം കേവലം പരിസ്ഥിതി വിഷയം മാത്രമല്ല. പല ഗ്രാമങ്ങളുടെയും ഉപജീവനമാര്‍ഗം ഇത്തരം സസ്യങ്ങളുടെ ശേഖരണവും വിപണനവുമാണ്. പര്‍വതങ്ങളുടെ മുകളില്‍ കഴിയുന്ന പല കുടുംബങ്ങളുടെയും കുടുംബ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഇതില്‍ നിന്നാണ്.

വിപണിയില്‍ ആവശ്യക്കാരേറുമ്പോള്‍ ഇത് ശേഖരിക്കുന്നവര്‍ കൂടുതല്‍ ചെടികള്‍ കാട്ടില്‍ നിന്ന് എടുക്കുന്നു. ഈ ചെടികളെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ വരുമാന മാര്‍ഗം ഇവ ഇല്ലാതാകുന്നതോടെ ഇല്ലാതാകുകയും ചെയ്യുന്നു. നഷ്‌ടം ചെടികല്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും അപ്പുറമാണ്. പാരമ്പര്യ അറിവുകളും വെല്ലുവിളി നേരിടുന്നു.

പല ഹിമാലന്‍ സമൂഹങ്ങളിലും ആളുകള്‍ തങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് കഴിക്കാനാകുന്ന സസ്യങ്ങളെയും ഔഷധച്ചെടികളെയും കുറിച്ചുള്ള വിവരങ്ങള്‍ സ്വയത്തമാക്കിയിരുന്നു. എന്നാല്‍ ഈ അറിവുകള്‍ എങ്ങും എഴുതി സൂക്ഷിച്ചിട്ടില്ല. ചിലയിടങ്ങളില്‍ കഠിനമായ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ചില പാരമ്പര്യ വൈദ്യന്‍മാര്‍ക്കോ അവരുടെ സഹായികള്‍ക്കോ മാത്രമേ അറിയൂ.

നഷ്‌ടമായ കണ്ണി

കുടിയേറ്റവും ജീവിതചര്യയിലുണ്ടായ മാറ്റങ്ങളും തലമുറകള്‍ തമ്മിലുള്ള ഈ കണ്ണികളെ ദുര്‍ബലമാക്കി. വൃദ്ധനായ ഒരാള്‍ അടുത്ത തലമുറയെ തന്നിലുള്ള അറിവുകള്‍ കൈമാറാതെ മരിക്കുമ്പോള്‍ വര്‍ഷങ്ങളായി സ്വയത്തമാക്കിയ അറിവുകള്‍ ആ വ്യക്തിയോടൊപ്പം ഇല്ലാതാകുന്നു. ഗവേഷകര്‍ കൂടുതല്‍ ഫീല്‍ഡ് പഠനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ മറ്റ് പട്ടികപ്പെടുത്തിയിട്ടുള്ള മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്. പ്രാദേശിക-ഗോത്രവര്‍ഗ ജനതയും നേരിട്ട് ഇതിന്‍റെ ഭാഗമാകണമെന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്നു.

നിര്‍ദ്ദിഷ്‌ട സമൂഹങ്ങളുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ പാരമ്പര്യ അറിവുകള്‍ സമാഹരിക്കാവു എന്നും ഭാവന ദഗ്‌വാള്‍ പറയുന്നു. വേരുകളും കിഴങ്ങുകളും മറ്റും ശേഖരിക്കുന്നതിന് കൃത്യമായ നിരീക്ഷണവും ഉണ്ടാകണമെന്നും ദങ്വാള്‍ പറയുന്നു.

കാട്ടില്‍ നാശത്തിന്‍രെ വക്കിലായിരിക്കുന്ന ഔഷധ ചെടികളെ സംരക്ഷിക്കാന്‍ നിയന്ത്രിത കൃഷി പ്രോത്സാഹിപ്പിക്കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. തങ്ങളുടെ സമൂഹം ആര്‍ജിച്ച അറിവുകള്‍ യുവാക്കളിലേക്ക് എത്തിാക്കാനുള്ള പരിപാടികളും വേണം. ഹിമാലയമെന്നാല്‍ കേവലം പര്‍വതങ്ങളോ കാടുകളോ നദികളോ കൊണ്ട് മാത്രമല്ല മൂല്യവത്താകുന്നതെന്നും ഈ പഠനം പറയുന്നു. ഇതിന്‍റെ സമ്പത്ത് പതിനായിരക്കണക്കിന് ജീവി വര്‍ഗങ്ങളിലും അവ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ച ജനങ്ങളിലുമാണെന്നും പഠനം പറയുന്നു.

രണ്ടും സംരക്ഷിക്കാത്ത പക്ഷം ഒരു ചെടി അതിന്‍റെ പേരോ ഉപയോഗമേ ഇടമോ പോലും സാമൂഹ്യ ജീവിതത്തില്‍ ശേഷിപ്പിക്കാതെ കാട്ടില്‍ നിന്ന് മറയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here