കോക്രോച്ച് ജനതാ പാർട്ടിയിലെ പ്രധാന നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചതായി ഡൽഹി പൊലീസ്. ഫോൺ സംഭാഷണങ്ങളുടെ രേഖകൾ, ഇ-മെയിൽ വിവരങ്ങൾ, വിവിധ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ എന്നിവ അന്വേഷണത്തിൽ ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പാർട്ടി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് പൊലീസ് വാദം. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആസൂത്രണം, സാമ്പത്തിക സഹായം, വിവിധ പരിപാടികളുടെ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ ഇവർക്ക് ഇത്തരം ശക്തികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലായി റിപ്പോർട്ടിൽ പറയുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ആസൂത്രണം, സാമ്പത്തിക സഹായം, നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലും നേതാക്കൾക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.ഇതിനായി ഫോൺ സംഭാഷണങ്ങളുടെ രേഖകൾ, ഇ-മെയിൽ വിവരങ്ങൾ, വിവിധ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചതായാണ് റിപ്പോർട്ട്.
മൂന്ന് നേതാക്കൾക്കും ജിഹാദി സംഘടനകളുമായി ബന്ധമുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് നേതാക്കളെയും ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമോ എന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം. എന്നാൽ നിലവിൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.









