സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളും ജീവിതശൈലിയും മൂലമുണ്ടാകുന്ന നിരന്തരമായ മാനസിക സമ്മർദം ഹൃദയത്തിൻ്റെ ഘടനയിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തുമെന്ന് പഠനം. ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത നീർക്കെട്ട് (ഇൻഫ്ലമേഷൻ) ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും യുകെയിലെ ഇംപീരിയൽ കോളജ് ലണ്ടനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
യുകെ ബയോബാങ്കിൽ നിന്നുള്ള 4,88,000 മുതിർന്ന ആളുകളുടെ വിവരങ്ങളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഹൃദയത്തിൻ്റെ ഇമേജിങ്, ജനിതക വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ശരീരത്തിലെ നീർക്കെട്ട് അളക്കുന്ന ഗ്ലൈക്കോപ്രോട്ടീൻ അസറ്റൈൽസ് (GlycA) എന്ന രക്തപരിശോധനാ മാർക്കറും സംഘം വിലയിരുത്തി. യൂറോപ്യൻ ജേണൽ ഓഫ് പ്രിവൻ്റീവ് കാർഡിയോളജിയിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയത്തിൻ്റെ ഘടനയിലെ മാറ്റങ്ങൾ
ഗ്ലൈക്കോപ്രോട്ടീൻ അസറ്റൈൽസിൻ്റെ അളവ് കൂടുതലുള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇതിനുപുറമെ ഇവരുടെ ഹൃദയത്തിൻ്റെ ഘടനയിലും പ്രകടമായ മാറ്റങ്ങൾ ദൃശ്യമായി. ഹൃദയഭിത്തികൾക്ക് കട്ടി കൂടുക, ഹൃദയ അറകൾ ചെറുതാകുക, രക്തം നിറയുന്ന പ്രക്രിയ തടസ്സപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഹൃദയപരാജയത്തിലേക്ക് നയിക്കുന്നതിന് മുൻപ് വർഷങ്ങളോളം യാതൊരു ലക്ഷണങ്ങളുമില്ലാതെ ഈ മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിലെ വിട്ടുമാറാത്ത നീർക്കെട്ട് ഹൃദയത്തിൻ്റെ ഇടത് വെൻട്രിക്കിളിൻ്റെ വ്യാപ്തി കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇൻ്റർല്യൂക്കിൻ-1 (IL-1), ട്യൂമർ നെക്രോസിസ് ഫാക്ടർ (TNF) തുടങ്ങിയ സൈറ്റോകൈനുകളും ഗ്രോത്ത് ഫാക്ടറുകളുമാണ് ഇതിന് പ്രധാന കാരണമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്ലൈക്കോപ്രോട്ടീൻ അസറ്റൈൽസിൻ്റെ ഉയർന്ന അളവ് ഇടത് വെൻട്രിക്കിളിൻ്റെ എൻഡ്-ഡയസ്റ്റോളിക് വോളിയം, സ്ട്രോക്ക് വോളിയം എന്നിവ കുറയ്ക്കുന്നതിനൊപ്പം ഹൃദയമിടിപ്പ് വർധിപ്പിക്കാനും കാരണമാകുന്നുണ്ട്.
മറഞ്ഞിരിക്കുന്ന അപകടം
ദശലക്ഷക്കണക്കിന് ആളുകൾ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നീർക്കെട്ടുമായി ജീവിക്കുന്നുണ്ടാകാമെന്നും ഇത് കാലക്രമേണ ഹൃദയത്തെ ബാധിച്ച് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്നും ഇംപീരിയൽ കോളജ് ലണ്ടനിലെ കാർഡിയോവാസ്കുലർ എഐ വിഭാഗം മേധാവി ഡെക്ലാൻ ഒറെഗൻ വ്യക്തമാക്കി. ഈ വിഷയത്തിൽ നടക്കുന്ന ഏറ്റവും വലിയ പഠനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ചുറ്റുപാടുകൾ, കുടുംബത്തിൻ്റെ ആരോഗ്യനില, ജീവിതശൈലി എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ദീർഘകാലം നേരിയ തോതിൽ പ്രവർത്തിക്കുന്ന അവസ്ഥയാണ് വിട്ടുമാറാത്ത നീർക്കെട്ട്. കാൻസർ, പ്രമേഹം തുടങ്ങിയ പല രോഗങ്ങളുമായും ഇതിന് ബന്ധമുണ്ട്. ഹൃദ്രോഗത്തിൻ്റെ മറഞ്ഞിരിക്കുന്ന കാരണമായി ഇത് മാറുകയാണ്. പുകവലി, അമിതവണ്ണം തുടങ്ങിയവ ഒഴിവാക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ നേരിടാനാകുമെന്ന് ഡെക്ലാൻ ഒറെഗൻ ചൂണ്ടിക്കാട്ടി.
മുൻപ് ഹൃദ്രോഗം ഇല്ലാത്തവരിൽ പോലും നീർക്കെട്ട് കൂടുതലുള്ള ആദ്യത്തെ 20 ശതമാനം ആളുകൾക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത 43 ശതമാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ദാരിദ്ര്യം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ ശരീരത്തിൽ ജൈവികമായ മാറ്റങ്ങൾ ഉണ്ടാക്കുകയും അത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഈ കണ്ടെത്തലുകൾ അടിവരയിടുന്നത്.






