നിങ്ങളുടെ ചിന്തകള്‍ ഉയരത്തില്‍ പറക്കട്ടെ’; ചാച്ചാജി സ്‌മരണയില്‍ രാജ്യം

0
10

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത് നമ്മൾ അവരെ വളർത്തുന്ന രീതിയെ ആശ്രയിച്ചിരിക്കും രാജ്യത്തിന്‍റെ ഭാവി’…

മനസില്‍ ആഴത്തില്‍ തറക്കുന്ന ഈ വാക്കുകള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടേതാണ്. ഇന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 137ആം ജന്മദിനമാണ്. നെഹ്‌റുവിന് കുട്ടികളോടുള്ള സ്നേഹം പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ നെഹ്‌റുവിന്‍റെ ജന്മദിനം രാജ്യം ശിശുദിനമായാണ് കൊണ്ടാടുന്നത്. രാഷ്ട്ര ശില്‍പികളില്‍ ഒരാളായ നെഹ്‌റുവിന്‍റെ ആശയങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. ശിശുദിനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. കീശയില്‍ റോസാപ്പൂവ് വച്ച് ചെറുപുഞ്ചിരി തൂകിയുള്ള ആ മുഖം.

ജവഹർലാൽ നെഹ്‌റുവിന് കുട്ടികളോട് അഗാധമായ സ്‌നേഹമായിരുന്നു. രാജ്യത്തിന്‍റെ ഭാവിയെയാണ് അദ്ദേഹം കുട്ടികളിലൂടെ കണ്ടിരുന്നത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ നെഹ്റു ജീവിതത്തിലെ വലിയൊരു സമയം കുട്ടികൾക്കായി മാറ്റിവച്ചിരുന്നു. നെഹ്‌റുവിന് മുന്നിലിരിക്കുന്ന ഓരോ കുട്ടികളുടെയും കണ്ണില്‍ അദ്ദേഹം ഇന്ത്യയുടെ ഭാവിയെ കണ്ടു.

ഇത് അദ്ദേഹത്തിന്‍റെ ദീര്‍ഘ ദൃഷ്‌ടിയെയാണ് എടുത്തുക്കാട്ടുന്നത്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ അദ്ദേഹം ചാച്ചാജി എന്നറിയപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രയത്നിച്ചു. കുട്ടികളോടുള്ള സ്‌നേഹവും വാത്സ്യവും വളരെ പ്രസിദ്ധമാണ്.

കുട്ടികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍, തട്ടികൊണ്ടുപോകല്‍, ബാലവേല എന്നിവയെ ഇല്ലാതാക്കാനും അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള അനേകം പ്രതിസന്ധികളിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ ശിശു ദിനം ഏറെ പ്രധാനപ്പെട്ടതാണെന്ന് പറയാം. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുക എന്നൊരു വലിയ ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്.

നെഹ്‌റുവിന്‍റെ ജനനവും ജീവിതവും

137 വര്‍ഷങ്ങള്‍ക്ക് മുമ്പ് നവംബര്‍ 14നാണ് ഇന്ത്യയുടെ മഹാപുത്രന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. അതായത് 1889ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ജനനം. പ്രശസ്‌ത അഭിഭാഷകനും കോൺഗ്രസ് നേതാവുമായിരുന്ന മോത്തിലാൽ നെഹ്റുവിന്‍റെയും സ്വരൂപ്‌ റാണിയുടെയും മകനാണ് ജനഹര്‍ലാല്‍ നെഹ്‌റു.

വീട്ടില്‍ തന്നെയായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റ് കോളജില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസം നേടി. ഇതിന് പിന്നാലെ ഇന്നർ ടെമ്പിളിൽ നിന്ന് നിയമബിരുദവും പൂര്‍ത്തിയാക്കി. പഠനമെല്ലാം പൂര്‍ത്തിയാക്കിയ നെഹ്‌റു 1912ലാണ് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചത്. കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായി ജോലിയും അന്വേഷിച്ച് തുടങ്ങി. എന്നാല്‍ മഹാത്മഗാന്ധിയുടെ ആശയങ്ങള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായതിനാല്‍ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങുകയും ചെയ്‌തു.

ഒടുക്കം ഇന്ത്യയുടെ പ്രഥമ സ്ഥാനത്തേക്ക്

1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടർന്ന് ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി. രാഷ്ട്രനിർമാണം, സാമ്പത്തിക ആസൂത്രണം, വ്യാവസായിക വളർച്ച, ജനാധിപത്യ സ്ഥാപനങ്ങളുടെ കെട്ടിപ്പടുക്കൽ എന്നിവയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്‍റെ പ്രശസ്‌തമായ “ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി” എന്ന പ്രസംഗം സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തെ അടയാളപ്പെടുത്തുന്നതായി.

നെഹ്‌റുവിന്‍റെ പ്രധാന നേട്ടങ്ങൾ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ അദ്ദേഹം 17 വർഷത്തോളം ആ പദവിയിൽ സേവനമനുഷ്‌ഠിച്ചൂവെന്നത് തന്നെ ജീവിതത്തില്‍ പ്രധാന നേട്ടമായി. പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച നെഹ്‌റു രാജ്യത്തിന്‍റെ ഉന്നമനത്തിനായി രാപകല്‍ പ്രവര്‍ത്തിച്ചു. ആസൂത്രണ കമ്മിഷൻ പോലുള്ള സുപ്രധാന സ്ഥാപനങ്ങൾക്ക് അദ്ദേഹം രൂപം നല്‍കി. വ്യവസായങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വികസനത്തെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് പിന്തുണ നൽകി. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. അതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാനമന്ത്രിയായിരിക്കെ പോലും കുട്ടികള്‍ക്കൊപ്പം അദ്ദേഹം സമയം ചെലവിട്ടു. അതിന് പ്രധാന കാരണമായത് ഇന്നത്തെ കുട്ടികളാണ് നാളെത്തെ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് എന്ന ചിന്ത കൊണ്ട് തന്നെയാണ്. അതുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവരുന്ന പുതുതലമുറ വിദ്യാസമ്പന്നരാകണം എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

രാജ്യത്തിനായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച ചാച്ചാജിയുടെ ജീവിതം തന്നെ കുട്ടികള്‍ക്ക് ഏറെ മാതൃകയാണ്. നെഹ്‌റുവില്‍ നിന്നും നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെയും ശാസ്ത്രീയ ചിന്താഗതിയുടെയും പ്രാധാന്യം, ദേശസേവനത്തോടുള്ള സമർപ്പണബോധം, ജനാധിപത്യത്തിന്‍റെയും സമത്വത്തിന്‍റെയും മൂല്യം, വെല്ലുവിളികളെയും വിമർശനങ്ങളെയും നേരിടാനുള്ള ധൈര്യം തുടങ്ങി നിരവധി കാര്യങ്ങളില്‍ പ്രാവീണ്യം നേടാന്‍ വിദ്യാര്‍ഥികള്‍ സാധിച്ചു. ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഏവര്‍ക്കും ഇടിവി ഭാരതിന്‍റെ ശിശുദിനാശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here