ഭോപ്പാല്‍: ചിത്രശലഭങ്ങളെ ആകർഷിക്കുകയും അവയുടെ ജീവിതചക്രത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ നൽകുകയും ചെയ്യുന്ന ഉദ്യാനമാണ് മധ്യപ്രദേശിലെ നൗരദേഹി കടുവ സംരക്ഷണ കേന്ദ്രം. ചിത്രശലഭങ്ങളുടെ ലാർവകൾക്ക് ഭക്ഷണം നൽകാനും മുട്ടയിടാനും കഴിയുന്ന നാടൻ സസ്യങ്ങൾ പലപ്പോഴും ചിത്രശലഭങ്ങളെ ആകർഷിക്കും. മധ്യപ്രദേശിലെ വീരംഗന റാണി ദുർഗാവതി (നൗരദേഹി) കടുവ സംരക്ഷണ കേന്ദ്രം ചിത്രശലഭങ്ങളുടെ ഒരു നിധിശേഖരമാണ്.
വർണാഭമായതും ആകർഷകവുമായ ഈ ചിത്രശലഭങ്ങൾ ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടുന്നു. കുറഞ്ഞത് 40 ഇനം ചിത്രശലഭങ്ങളെങ്കിലും ഇവിടെ കാണപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. അതിൽ 15 എണ്ണം അപൂർവ ഇനങ്ങളാണ്. വേട്ടക്കാരെ കബളിപ്പിക്കാനും ഇണകളെ ആകർഷിക്കാനും നിറവും ആകൃതിയും ഉപയോഗിക്കുന്ന ചിത്രശലഭങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
പൂക്കളെപ്പോലെ തന്നെ ചിത്രശലഭങ്ങളും ധാരാളം ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പരിസ്ഥിതി സംരക്ഷണവുമായും സമ്പന്നമായ ജൈവ വൈവിധ്യവുമായും സാധാരണക്കാരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പാലമാണിത്. പതിവായി ചിത്രശലഭങ്ങളുടെ സർവേകൾ നടത്താന്‍ പോകുമ്പോള്‍ വനം വകുപ്പ് പരിസരവാസികളെയും ഒപ്പം കൂട്ടാറുണ്ട്.
ഇവിടെ കാണപ്പെടുന്ന ചിത്രശലഭ ഇനങ്ങളിൽ വേട്ടക്കാരെ കബളിപ്പിക്കുന്ന ഇനമാണ് ജുനോണിയ കുടുംബത്തിൽ ഉള്‍പ്പെട്ടവ. വേട്ടക്കാരന് പേടി തോന്നുന്ന തരത്തിൽ ചുറ്റുമുള്ള പരിസ്ഥിതിക്ക് അനുസൃതമായി ചിറകുകൾ മറയ്ക്കാൻ ഈ ചിത്രശലഭത്തിന് പ്രത്യേക കഴിവുണ്ട്.
തത്ത, പുള്ളിപ്പുലി, ജെസബെൽ എന്നിങ്ങനെയുള്ള ഇനം ചിത്രശലഭങ്ങള്‍ ഇവിടെയുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്‌ടര്‍ എഎ അൻസാരി വെളിപ്പെടുത്തി. “ഭൂരിപക്ഷം ഇനം ചിത്രശലഭവും ഇവിടെ കാണപ്പെടുന്നു. ഒന്നിലധികം സർവേകള്‍ നടത്തിയപ്പോള്‍ വിവിധ വെറൈറ്റികളെ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു.
ചിത്രശലഭങ്ങൾ വനം-വന്യജീവി സംരക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമായതിനാൽ സാധാരണക്കാരെ അവരുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല മാർഗം ചിത്രശലഭ സർവേകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുക എന്നതാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രശലഭങ്ങളുടെ വ്യത്യസ്‌ത ആവാസ വ്യവസ്ഥയെയും പെരുമാറ്റത്തെയും കുറിച്ചുള്ള സമ്പന്നമായ ഒരു ഡാറ്റാബേസ് സര്‍വേകളിലൂടെ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉദ്യാനത്തിൻ്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി ചിത്രശലഭങ്ങൾക്ക് വിവിധ സൂക്ഷ്‌മ ആവാസ വ്യവസ്ഥകൾ പ്രദാനം ചെയ്യുന്നു. കൊപ്ര, ബാംനർ, ബിയർമ തുടങ്ങിയ ധാരാളം വന അരുവികളിലൂടെയും നദികളിലൂടെയുമുള്ള ട്രെക്കിങുകള്‍ സന്ദർശകർക്ക് ചിത്രശലഭങ്ങളെ കാണാൻ സഹായിക്കുന്നു.
പുൽമേടുകൾ ചിത്രശലഭങ്ങൾക്ക് ഭക്ഷണം തേടാനുള്ള സ്ഥലങ്ങളുമാണ്. ലാർവകൾക്ക് വിരിയാന്‍ വിവിധ വൃക്ഷ ഇനങ്ങളും കുറ്റിച്ചെടികളും, ഔഷധസസ്യങ്ങളും, പുല്ലുകളും ഇവിടെയുണ്ട്. പുലർച്ചെയും വൈകുന്നേരവുമാണ് ചിത്രശലഭങ്ങളെ കാണാൻ ഏറ്റവും നല്ല സമയമെന്ന് വിദഗ്‌ധർ പറയുന്നു. വലിയ ചിത്രശലഭങ്ങൾ വെയിലിൽ ചൂടായതിനുശേഷം സജീവമായിരിക്കും.
മഞ്ഞുമൂടിയ സമയത്ത് ചിത്രശലഭങ്ങൾ അനങ്ങാതെ പുല്‍മേടുകള്‍ക്കുള്ളിലായിരിക്കും. ശൈത്യകാലത്തിൻ്റെ ആദ്യകാല പ്രഭാതങ്ങൾ ഫോട്ടോഗ്രാഫിക്ക് ഒരു മികച്ച സമയമാണെന്ന് വിദഗ്‌ധര്‍ പറയുന്നു. അതേസമയം, രാത്രിയിൽ ഊർജസ്വലരാകുന്ന ബ്രൗൺസ്, ബുഷ് ബ്രൗൺസ് പോലുള്ള ചിത്രശലഭങ്ങളും ഇവിടെയുണ്ട്.








