കേരളത്തിലെ റോഡപകട മരണങ്ങൾ കുറയ്ക്കാൻ പുത്തൻ ചുവടുവയ്‌പ്പ്; ‘ജീവ സുയാത്ര’ നാളെ മുതൽ

0
6

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്ന സമഗ്ര ദൗത്യത്തിന് നാളെ (നവംബർ 15) തുടക്കം കുറിക്കാനൊരുങ്ങി കേരളം. 2030 ഓടെ റോഡപകടങ്ങൾ, മരണങ്ങൾ, പരിക്കുകൾ എന്നിവ ഗണ്യമായി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. ‘ജീവ സുയാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളം ടൗൺ ഹാളിൽ വച്ച് മുഖ്യമന്ത്രി വിഡി സതീശൻ നാളെ ഉദ്‌ഘാടനം നിർവഹിക്കും.

ഗതാഗത മന്ത്രി സിപി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദൗത്യത്തിൻ്റെ ടീസർ പ്രകാശനം ചെയ്യും. ദൗത്യത്തിൻ്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി ലോഗോ അനാച്ഛാദനം ചെയ്യുന്നുമെന്നാണ് ഔദ്യോഗികമായി പുറത്ത് വരുന്ന വിവരം. 2030 ഓടെ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളും പരിക്കുകളും 50 ശതമാനം കുറയ്‌ക്കണമെന്ന ആഗോള ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ജീവൻ രക്ഷിക്കുന്നതിനുള്ള ഒരു സമഗ്ര സംരംഭമായിട്ടാണ് ഈ ദൗത്യം വിഭാവനം ചെയ്‌തിരിക്കുന്നത്.

ദൗത്യത്തിന് പിന്നിൽ അഞ്ച് പ്രധാന ലക്ഷ്യങ്ങളാണുള്ളത്. സുരക്ഷിതമായ റോഡുകൾ, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷിതമായ പെരുമാറ്റം, അപകടം നടന്നാൽ ഫലപ്രദമായ അടിയന്തര പ്രതികരണം, സുരക്ഷിതമായ വേഗതയും വാഹനങ്ങളും എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദൗത്യത്തിൻ്റെ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവത്‌ക്കരണ പരിപാടികൾ, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള നൂതന എഞ്ചിനിയറിങ് നടപടികൾ, ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ നടപ്പിലാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനുപുറമെ കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ നിരത്തുകളിൽ അപകടങ്ങളിൽപ്പെട്ട് പൊലിയുന്ന ജീവനുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. റോഡ് സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ അപര്യാപ്‌തതകളാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണവും അപകടകരമായ വളവുകളും കൃത്യമായ ലൈൻ മാർക്കിങുകളുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും അഭാവവും യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. ഇവയ്‌ക്ക് പുറമേ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വൻ വർധനവും അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here