ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ രംഗത്ത്. പ്രധാനമന്ത്രി ഫോണുകള്‍ ചോര്‍ത്തുന്നയാളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പിട്രോഡ പറഞ്ഞത്. അതേസമയം, തന്റെ ഫോണും ലാപ്‌ടോപ്പും നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ഒരു സ്‌ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ഫോണ്‍ ചോര്‍ത്തുന്നയാളല്ല പ്രധാനമന്ത്രി എന്നുമായിരുന്നു പിട്രോഡയുടെ പ്രതികരണം. തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്നും പിട്രോഡ പറഞ്ഞു. ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും ലാപ്‌ടോപ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
വിദഗ്ധരുടെ സഹായം തേടിയതായും ഉപകരണങ്ങള്‍ പരിശോധിച്ച ശേഷം ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അവര്‍ നല്‍കിയതായും പിട്രോഡ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ആരെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോ ഇത് ചെയ്യുന്നുണ്ട്. ആരാണെന്ന് അറിയില്ല. അതേക്കുറിച്ച് തനിക്ക് ആശങ്കയില്ല. അതുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. ചുറ്റും മോശം ആളുകളുണ്ട്. എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത്. കേന്ദ്രസര്‍ക്കാര്‍ തന്നെ നിരീക്ഷണത്തിന് വിധേയനാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാം. കാരണം അദ്ദേഹം എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. എന്നോട് മുഖാമുഖം സംവാദത്തിന് തയ്യാറാകുന്ന ദിവസം വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ആരാണെന്നും എല്ലാവര്‍ക്കും മനസിലാകും’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
വിദേശശക്തികളുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രിയെന്നതിന് ആവശ്യമായ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടുതന്നെ ആ തെളിവുകള്‍ എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും രാഹുല്‍ അവകാശപ്പെട്ടു. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പിന്തുണച്ചപ്പോള്‍ ബിജെപി ആരോപണം തള്ളുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്താനുള്ള രാഹുലിന്റെ തന്ത്രമാണിതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.







