നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കാൻ തയാറാണെന്നും നിരസിച്ചാൽ റഷ്യ തീർച്ചയായും പ്രതികരിക്കുമെന്നും പുടിൻ.
ന്യൂയോർക്ക്: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ചർച്ച നടത്തി യുക്രൈൻ യൂറോപ്യൻ പ്രതിനിധികൾ. ഫ്ലോറിഡയിൽ ഫലപ്രദമായ ചർച്ചകൾ നടന്നതായി വൈറ്റ് ഹൗസ് പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.
നാല് വർഷത്തെ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും യൂറോപ്പും തമ്മിലുള്ള തന്ത്രപരമായ കൂടിക്കാഴ്‌ച നടന്നതായി സ്‌റ്റീവ് വിറ്റ്കോഫ് എക്‌സിൽ കുറിച്ചു. കൊലപാതകം തടയുക, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, യുക്രെയ്‌നിൻ്റെ സ്ഥിരതയ്ക്കും ദീർഘകാല അഭിവൃദ്ധിക്കും സാഹചര്യങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് ഞങ്ങളുടെ പൊതുവായ മുൻഗണന. ശത്രുത അവസാനിപ്പിക്കുക മാത്രമല്ല, സമാധാനവും സ്ഥിരതയുമുള്ള ഭാവി കെട്ടിപെടുക്കുക എന്നതും കൂടിയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി.
ട്രംപ് ഭരണകൂടം മാസങ്ങളായി നടത്തിവരുന്ന ഇടപെടലുകളുടെ ഭാഗമാണ് മിയാമിയിൽ നടന്ന ചർച്ച. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌ൻ ആക്രമിച്ചതിനെത്തുടർന്ന് ഏകദേശം നാല് വർഷം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള ഡിമാൻഡുകള്‍ പരസ്‌പരം അംഗീകരിക്കാതായതോടെ ചർച്ചകള്‍ നീണ്ട് പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം സമാധാന നീക്കങ്ങൾ യുക്രെയ്‌ൻ നിരസിച്ചാൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡൻ്റ് വ്ളോഡിമർ പുടിൻ രംഗത്ത് എത്തിയിരുന്നു. അമേരിക്ക തയാറാക്കിയ പദ്ധതിയെക്കുറിച്ച് യുക്രേനിയൻ, യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുടിൻ പ്രതികരിച്ചത്. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കാൻ തയാറാണെന്നും എന്നാൽ അത് നിരസിച്ചാൽ റഷ്യ തീർച്ചയായും പ്രതികരിക്കുമെന്നും പുടിൻ വ്യക്തമാക്കി.
അതേസമയം ഫ്ലോറിഡയിൽ നടന്ന ചർച്ചകൾ ഫലപ്രദമാണെന്ന് ക്രെംലിൻ പ്രതിനിധി കിറിൽ ദിമിട്രിവ് പറഞ്ഞു. ”യുദ്ധം അവസാനിപ്പിക്കുന്നതിനും മറ്റുമാണ് ചർച്ചകൾ നടന്നതെന്ന് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. റഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്” – ക്രെംലിൻ പ്രതിനിധി വ്യക്തമാക്കി. ചർച്ചകൾ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നുണ്ടെന്നും, ഫ്ലോറിഡയിലെ ടീമുമായി പ്രവർത്തിക്കുന്നുണ്ടെന്നും യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി ടെലിഗ്രാമിൽ കുറിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡൻ്റുമായി സംസാരിക്കാനുള്ള വ്ളാഡിമർ പുടിൻ്റെ സന്നദ്ധതയെ സ്വാഗതം ചെയ്‌ത് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണ്‍. വെടിനിർത്തലും സമാധാന ചർച്ചകളും കൂടുതൽ വ്യക്തമാകുകയാണെങ്കിൽ അത്തരം ആശയവിനിമയം സഹായകരമാകുമെന്നും കൂടിക്കാഴ്‌ചയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഫ്രഞ്ച് പ്രസിഡൻ്റ് വ്യക്തമാക്കി.








