ആടിൻ്റെ ജഡം ഇരയായി വെച്ചാണ് കടുവയെ കുടുക്കിയത്. ഇതോടെ രണ്ട് മാസമായി നാട്ടുകാർ അനുഭവിച്ച ഭീതിക്ക് ആശ്വാസമായി. വൈദ്യപരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കും.
പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയതിനെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്ന് പുലർച്ചെ കടുവ വീണത്. കഴിഞ്ഞ രണ്ടുമാസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം രൂക്ഷമായിരുന്നു.
ഞായറാഴ്ച രാവിലെയാണ് കടുവ ഇറങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്. പ്രദേശത്ത് ഒരു ആടിനെ കടുവ പിടികൂടുകയും ചെയ്തിരുന്നു. വനത്തോടുചേർന്നുള്ള വിജനമായ സ്ഥലത്താണ് ആടിൻ്റെ ജഡം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് ആടിൻ്റെ ജഡംതന്നെ ഇരയായി വച്ച് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വീണ്ടും ഇരതേടിയെത്തിയ കടുവ കൂട്ടിലാവുകയായിരുന്നു.
വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലും വീടുകളിലും എത്തി എരുമ, നായ, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ കടുവ പിടികൂടുന്നത് പതിവായിരുന്നു. കടുവയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സിസിടിവി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ആശ്വാസത്തിൽ നാട്ടുകാർ
നാട്ടുകാരുടെ ഉറക്കംകെടുത്തിയ ‘വില്ലൻ’ ഒടുവിൽ കൂട്ടിലായതോടെ വലിയൊരാശ്വാസത്തിലാണ് കുമ്പളത്താമണ്ണിലെ ജനങ്ങൾ. റബർ തോട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ ഈ മേഖലയിൽ അതിരാവിലെ ടാപ്പിങ്ങിനും മറ്റും പോകാൻ തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യമായിരുന്നു. പലരും ജോലികൾ ഉപേക്ഷിച്ച് വീടുകൾക്കുള്ളിൽത്തന്നെ കഴിയുകയായിരുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റാന്നി ഡിഎഫ്ഒയുടെ നിർദേശപ്രകാരം ദ്രുതകർമസേനയും (ആർആർടി) വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിരീക്ഷണം ശക്തമാക്കിയത്.
തുടർനടപടികൾ ഇങ്ങനെ
പിടികൂടിയ കടുവയെ വൈദ്യപരിശോധനയ്ക്കായി സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കൂട്ടിലായ കടുവയ്ക്ക് ഏകദേശം പത്തു വയസ്സ് പ്രായം തോന്നിക്കുന്നുണ്ടെന്ന് വനപാലകർ പ്രാഥമിക വിലയിരുത്തലിൽ പറഞ്ഞു. കടുവയ്ക്ക് കാര്യമായ പരിക്കുകളോ അവശതയോ ഉണ്ടോ എന്ന് വെറ്ററിനറി സർജൻ്റെ വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. പല്ലുകൾക്കും നഖങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ കാട്ടിലേക്ക് തിരികെ അയക്കില്ല. മറിച്ച് തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കോ അല്ലെങ്കിൽ നെയ്യാറിലെ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റാനാണ് സാധ്യത. എന്നാൽ ആരോഗ്യവാനാണെങ്കിൽ ജനവാസമേഖലയിൽനിന്നും വളരെ അകലെ ഉൾവനത്തിൽ തുറന്നുവിടും. കടുവ മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്നും എന്നാൽ വളർത്തുമൃഗങ്ങളെ നിരന്തരം കൊന്നൊടുക്കുന്നത് നാട്ടുകാരിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കടുവയെ കൊണ്ടുപോകുന്നതറിഞ്ഞ് നിരവധിപ്പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കടുവയെ കൂട്ടിലാക്കിയെങ്കിലും പ്രദേശത്ത് ഇനിയും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. കാമറകൾ തൽക്കാലം അവിടെത്തന്നെ നിലനിർത്തും. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ, പ്രത്യേകിച്ച് ശബരിമല പാതയോട് ചേർന്നുള്ള വടശ്ശേരിക്കര, ളാഹ, പെരുനാട് ഭാഗങ്ങളിൽ വന്യമൃഗശല്യം വർധിച്ചുവരികയാണ്. വേനൽ കടുത്തതോടെ കാടിനുള്ളിൽ വെള്ളവും ഭക്ഷണവും ലഭിക്കാത്തതാകാം മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നിഗമനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.




