വേഗതയേറിയ ഹോക്കിക്ക് പേരുകേട്ട കൊറിയയ്‌ക്കെതിരെയാണ് സൂപ്പർ 4 ലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാകപ്പ് ഹോക്കിയിലെ ആവേശകരമായ സൂപ്പർ 4 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. കഴിഞ്ഞ മത്സരത്തില്‍ കസാഖ്‌സ്ഥാനെ 15 ഗോളിനാണ് ഇന്ത്യ തകർത്തത്. ചൈന, മലേഷ്യ, ദക്ഷിണകൊറിയ ടീമുകളും സൂപ്പർ ഫോറിലുണ്ട്. ഇവർ പരസ്‌പരം ഏറ്റുമുട്ടി ആദ്യ രണ്ട്‌സ്ഥാനക്കാർ ഫൈനൽ കളിക്കും. ഇന്ന് ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ജപ്പാനും ചൈനീസ് തായ്‌പേയിയും തമ്മിൽ ഏറ്റുമുട്ടും.
വൈകുന്നേരം 5 മണിക്ക് ചൈന മലേഷ്യയെ നേരിടും. വേഗതയേറിയ ഹോക്കിക്ക് പേരുകേട്ട കൊറിയയ്‌ക്കെതിരെയാണ് സൂപ്പർ 4 ലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ പ്രതിരോധവും മധ്യനിരയും ഇന്ന് പരീക്ഷിക്കപ്പെടും. ഈ കളി ഇന്ത്യ വിജയിച്ചാൽ, ഫൈനലിലേക്കുള്ള വഴി എളുപ്പമാകും. രാത്രി 7:30 ന് ആണ് മത്സരം. ബീഹാറിലെ രാജ്‌ഗിറിലുള്ള ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മൂന്ന് തവണ (2003, 2007, 2017) ഏഷ്യാ കപ്പ് കിരീടം നേടുകയും അഞ്ച് തവണ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്‌ത ഇന്ത്യ, പൂൾ എയിൽ ജപ്പാൻ, ചൈന, കസാക്കിസ്ഥാൻ എന്നിവരോടൊപ്പമാണ്. നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ റെക്കോർഡ് ജേതാക്കളുമായ റിപ്പബ്ലിക് ഓഫ് കൊറിയ, പൂൾ ബിയിൽ ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഇതുവരെ 101 ഗോളുകൾ
ടൂർണമെന്‍റില്‍ ഇതുവരെ ആകെ 101 ഗോളുകളാണ് പിറന്നത്. ആദ്യ ദിവസം 26 ഗോളുകളും, രണ്ടാം ദിവസം 16 ഗോളുകളും, മൂന്നാം ദിവസം 19 ഗോളുകളും, നാലാം ദിവസം 40 ഗോളുകളും പിറന്നു. ടീമുകളില്‍ 23 ഗോളുകളുമായി മലേഷ്യ ഒന്നാമതും, 22 ഗോളുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ചൈന 18, കൊറിയ 13, ജപ്പാൻ 11, ബംഗ്ലാദേശ് 10, ചൈനീസ് തായ്‌പേയ് 3, കസാക്കിസ്ഥാൻ ഒരു ഗോൾ മാത്രമാണ് നേടിയത്.







