
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ചെറിയൊരു ആശ്വാസമായി സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വിലയിൽ കുറവുണ്ടാകുന്നത്. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. ഇന്ന് (മാർച്ച് 06) പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയാണ്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210 രൂപയും പവന് 97,680 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,505 രൂപയും പവന് 76,040 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,130 രൂപയും പവന് 49,040 രൂപയുമായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമായി തന്നെ തുടരുന്നു. മാർച്ച് മാസത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്നലെ (മാർച്ച് 05) രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയ്‌ക്ക് ശേഷം വില വീണ്ടും കുറഞ്ഞ് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. വിപണി ക്ലോസ് ചെയ്യുമ്പോൾ 1,19,440 രൂപയായിരുന്നു പവൻ വില രേഖപ്പെടുത്തിയിരുന്നത്.
ഒരു പവന് ഇന്നത്തെ വില: ആഭരണം വാങ്ങുമ്പോൾ സ്വർണ വിലയ്‌ക്കൊപ്പം പണിക്കൂലി, ജിഎസ്‌ടി, ഹാൾമാർക്ക് ചാർജ് എന്നിവയും ചേർത്താണ് വില നിശ്ചയിക്കുന്നത്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയേക്കാൾ അധിക വില നൽകണം. അതായത് 5% പണിക്കൂലി, 3% ജിഎസ്‌ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കി ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
സ്വര്‍ണ വിലയിലെ ഇടിവിന് കാരണം: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ആദ്യം കുതിച്ചുയർന്ന സ്വർണ വില പിന്നീട് കുത്തനെ ഇടിയാൻ തുടങ്ങുകയായിരുന്നു. ആഗോള വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും യുഎസ് ഡോളർ കരുത്താർജിച്ചതുമാണ് വില കുറയാനുള്ളതിൻ്റെ പ്രധാന കാരണങ്ങൾ. കൂടാതെ അന്താരാഷ്ട്ര തലത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ടെന്ന് വിപണി വിദഗ്‌ധര്‍ പറയുന്നു.







