കൂപ്പ്കുത്തി സെൻസെക്‌സും നിഫ്റ്റിയും,ഏഷ്യൻ വിപണികളിൽ വീണ്ടും ഇടിവ്;

0
3

പശ്ചിമേഷ്യയിൽ വർധിച്ച് കൊണ്ടിരിക്കുന്ന സംഘർഷങ്ങളുടേയും വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കിൻ്റേയും പശ്ചാത്തലത്തിൽ ഏഷ്യൻ വിപണികളിൽ വൻ ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സെൻസെക്‌സും നിഫ്റ്റിയും വീണ്ടും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 572.43 പോയിൻ്റ് ഇടിഞ്ഞ് 79,443.47 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി 178.75 പോയിൻ്റ് ഇടിഞ്ഞ് 24,587.15 എന്ന നിലയിലും എത്തി.

ബിഎസ്‌ഇയ്ക്ക് 30 ഓഹരികളും എൻഎസ്ഇയ്‌ക്ക് 50 ഓഹരികളുമാണ് നിലവിലുള്ളത്. യുഎസ് ഓഹരികളുടെ ബലഹീനതയും ഏഷ്യൻ വിപണികളുടെ മന്ദഗതിയും വിപണികളെ ബാധിച്ചിട്ടുണ്ട്. സെൻസെക്‌സ് ഓഹരികളിൽ ഐസിഐസിഐ ബാങ്ക്, ഇൻ്റർഗ്ലോബ് ഏവിയേഷൻ, ലാർസൻ & ട്യൂബ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, അൾട്രാടെക് സിമൻ്റ്, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ നേട്ടമുണ്ടാക്കി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡിൻ്റെ വില 1.17 ശതമാനം ഇടിഞ്ഞ് ബാരലിന് 84.41 ഡോളറായി.

ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി വിപണി സൂചികയായ കോസ്‌പി ഒരു ശതമാനത്തിലധികം താഴ്ന്നു. ജപ്പാൻ്റെ ഓഹരി വിപണി സൂചിക 225 പോയിൻ്റ് താഴ്‌ന്നു. എന്നാൽ ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവ വൻ നേട്ടമുണ്ടാക്കി. യുഎസ് വിപണിയിലും ഇടിവുണ്ടായിട്ടുണ്ട്.

“മധ്യപൗരസ്ത്യ ദേശത്തെ തുടർച്ചയായ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അസംസ്‌കൃത എണ്ണവിലയുടെ വർധനവിന് ഇടയാക്കുന്നു. ഇത് മൂലം ആഗോള പണപ്പെരുപ്പവും പണനയങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങളും ഉണ്ടാവാനിടയുണ്ട്. ഇത് ആശങ്ക വർധിപ്പിക്കുകയും നിക്ഷേപകരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്. വ്യാപാര പങ്കാളികൾ അപകട സാധ്യതയില്ലാത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഓൺലൈൻ ട്രേഡിങ്, വെൽത്ത് ടെക് സ്ഥാപനമായ എൻറിച്ച് മണി സിഇഒ പൊൻമുടി ആർ പറഞ്ഞു.

ഇന്നലെ വിദേശ നിക്ഷേപകർ (എഫ്ഐഐ) 3,752.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 5,153.37 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കി. ഇന്നലെ സെൻസെക്‌സ് പോയിൻ്റ് 899.71 അഥവാ 1.14 ശതമാനം ഉയർന്ന് 80,015.90 ലെത്തിയതോടെ നാല് ദിവസം നഷ്‌ടം നേരിട്ട ഓഹരി വിപണി വീണ്ടും ഉയരുകയും നിഫ്റ്റി 285.40 പോയിൻ്റ് അഥവാ 1.17 ശതമാനം ഉയർന്ന് 24,765.90ലെത്തുകയും ചെയ്‌തു. ഇതോടെ മൂന്ന് ദിവസത്തെ ഓഹരി വിപണിയിലുണ്ടായ നഷ്‌ടമാണ് നികത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here