ഇന്ത്യയിലെ അംഗീകൃത അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ഗവേഷണ നിർദേശങ്ങള്‍ ക്ഷണിച്ച് ഐഎസ്ആർഒ.
ബെംഗളൂരു: ചന്ദ്രയാൻ-3 ശേഖരിച്ച ഡാറ്റാ വിശകലനത്തിനായി ശാസ്ത്രജ്ഞരെ ക്ഷണിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ പഠനവിധേയമാക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ.
ഇന്ത്യയിലെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും ഗവേഷകരിൽ നിന്നുമായി ഗവേഷണ നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. 2025 ഒക്ടോബർ 21 ആണ് നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.
ജൂലൈ 14നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ലക്ഷ്യങ്ങൾ വിജയകരമായി നേടിയെടുത്തതായി ഐഎസ്ആർഒ അറിയിച്ചു. ഒരു ചാന്ദ്ര ദിവസത്തെ പ്രവർത്തനങ്ങൾ, ഭൂകമ്പ പ്രവർത്തനങ്ങൾ, താപ-ഭൗതിക സവിശേഷതകൾ, പ്ലാസ്‌മ പരിസ്ഥിതി, ലാൻഡിങ് സൈറ്റിൻ്റെ മൂലക ഘടന എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ദൗത്യത്തിൻ്റെ പേലോഡുകൾ ശേഖരിച്ചു.
ചന്ദ്രയാൻ-1, ചന്ദ്രയാൻ-2 എന്നീ പേടകങ്ങൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങൾ ചന്ദ്രൻ്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനും, മൂലക, ധാതു ഘടന വിശകലനം ചെയ്യുന്നതിനുമാണ് ഉപയോഗിച്ചത്. കൂടാതെ, ചന്ദ്രൻ്റെ പ്രതലത്തെ കുറിച്ച് അന്വേഷിക്കുന്നതിനും ഇത് ഉപകാരപ്പെട്ടതായി ഐഎസ്ആർഒ പറഞ്ഞു.
ചന്ദ്രൻ്റെ പരിണാമ പ്രക്രിയകളെക്കുറിച്ച് കൂടുതൽ ആഴമേറിയതും ഉൾക്കാഴ്‌ച നൽകുന്നതുമായ ആശയങ്ങള്‍ ഈ പഠനങ്ങൾ വാഗ്‌ദാനം ചെയ്‌തതായി ബഹിരാകാശ ഏജൻസി പറഞ്ഞു. ശാസ്ത്ര സമൂഹത്തിനുള്ളിൽ പങ്കാളിത്തം വിശാലമാക്കുന്നതിനായി, ഐഎസ്ആർഒ ഒരു ഡാറ്റാ വിനിയോഗ പ്രഖ്യാപനം (AO) പുറത്തിറക്കിയിരുന്നു. അതിൻ്റെ ഫലമായി വിവിധ അക്കാദമിക് സ്ഥാപനങ്ങളിൽ 30 സജീവ ഗവേഷണ പദ്ധതികൾ രൂപപ്പെട്ടു.
ശാസ്ത്രീയ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്ന നൂതന ഗവേഷണ നിർദേശങ്ങളാണ് ഐഎസ്ആർഒ ക്ഷണിയ്‌ക്കുന്നത്. ചന്ദ്രയാൻ-3 ലാൻഡർ, റോവർ പേലോഡുകൾ ശേഖരിച്ച ഡാറ്റ ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിദഗ്‌ധർ അവലോകനം ചെയ്‌ത ശാസ്ത്രീയ ഡാറ്റ ഡൊമെയ്ൻ 2024 ഓഗസ്റ്റ് 23ന് പൊതുജനങ്ങൾക്ക് ലഭ്യമാക്കി. പേലോഡ് ടീമുകൾ ഡാറ്റാസെറ്റുകൾ വിശകലനം ചെയ്‌ത് അവരുടെ കണ്ടെത്തലുകൾ പ്രശസ്‌തമായ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരിച്ചുവെന്ന് ഐഎസ്ആർഒ പത്രക്കുറിപ്പിൽ പറഞ്ഞു,
ബഹിരാകാശത്തേയ്‌ക്ക് ഉയർന്ന് ഇന്ത്യ
കഴിഞ്ഞ മാസം എയ്‌റോസ്‌പേസ് എഞ്ചിനീയറായ വി നാരായണനുമായി നടന്ന അഭിമുഖത്തിൽ ബഹിരാകാശ ഏജൻസി ഭാവിയിൽ ഒരുപാട് ദൗത്യങ്ങൾ കൈവരിക്കാൻ പദ്ധതിയിടുന്നതായി അഭിപ്രായപ്പെട്ടിരുന്നു. ഗഗൻയാനും ചന്ദ്രയാൻ-4 ഉം യഥാക്രമം 2026 ലും 2027 ലും അണിനിരക്കും. ശുക്രൻ, ചൊവ്വ ദൗത്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബഹിരാകാശത്തിൻ്റെ ചലനാത്മകതയെക്കുറിച്ച് മനസിലാക്കാനും ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നിവയെക്കുറിച്ച് ഉൾക്കാഴ്‌ച നൽകാനും ഇത് നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന് LEO-യ്ക്ക് 30,000 കിലോഗ്രാം പേലോഡ് ശേഷി ഉണ്ടായിരിക്കും, ഇത് SLV 3-നേക്കാൾ 1,000 മടങ്ങ് വലുതാണ്.






