സ്വര്‍ണ വില വീണ്ടും താഴേക്ക്, ഈ മാസത്തെ ഏറ്റവും കുറവ് ഇന്ന്

0
6
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് (മാർച്ച് 05). 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,315 രൂപയും പവന് 98,520 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,590 രൂപയും പവന് 76,720 രൂപയുമായി.

9 കാരറ്റ് ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 1,26,920 രൂപയായിരുന്നു. ഏകദേശം 7000 രൂപയുടെ കുറവാണ് നാല് ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വലിയ മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 5183 ഡോളറാണ്. വെള്ളി വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 285 രൂപ തുടരുന്നു.

സ്വര്‍ണ വില കുറയാന്‍ കാരണം: യുദ്ധം തുടങ്ങിയാല്‍ സ്വര്‍ണ വില ഉയരുമെന്ന് പല സാമ്പത്തിക വിദഗ്‌ധരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിന് വിപരീതമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്വർണ വിലകൾ. സ്വര്‍ണ വില ഇടിയാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഡോളര്‍ കരുത്ത് കൂട്ടിയതാണ്. ഇന്ന് രൂപയുടെ മൂല്യവും ചെറിയ തോതിൽ ഉയര്‍ന്നിട്ടുണ്ട്. 99 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇതിന് പിന്നാലെ 91.57 എന്ന നിരക്കിലേക്ക് രൂപ മെച്ചപ്പെടുകയും ചെയ്‌തു.

ഇന്നലെ 92 കടന്ന് താഴേക്ക് പോയതിന് ശേഷമാണ് വീണ്ടും രൂപ മൂല്യം ഉയർന്നത്. ഈ രണ്ട് മാറ്റങ്ങളും സ്വര്‍ണ വില കുറയാന്‍ വലിയ രീതിയിൽ സഹായിക്കുന്നു. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറും. മാത്രമല്ല, രൂപ മൂല്യം കൂടുമ്പോള്‍ ഇറക്കുമതി ചെലവ് കുറയുകയും ചെയ്യും.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഏകദേശം 1.28 ലക്ഷം രൂപയോളം ചെലവ് വരാം. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ ഇതിൽ നിന്നും വില വീണ്ടും കുറച്ച് നൽകിയാൽ മതിയാകും. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഈ വിലയിൽ സ്ഥിരത ഉണ്ടായിരിക്കുകയില്ല. വലിയ ഏറ്റക്കുറച്ചിലുകൾ വരും ദിവസങ്ങളില്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here