ബേഡഡുക്ക അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ ആമക്കുളത്തിൽ വെള്ളം താഴ്ന്നപ്പോൾ രണ്ടായിരം വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ കണ്ടെത്തി. മനുഷ്യരുടെയും മൃഗങ്ങളുടെയും കാൽപ്പാടുകൾ കൊത്തിയ ഈ ചിത്രങ്ങൾ മഹാശിലാ കാലഘട്ടത്തിലെ ചരിത്രസാക്ഷ്യങ്ങളാണ്
വിശ്വാസവും ചരിത്രവും ഇഴചേർന്നു നിൽക്കുന്ന കാസർകോട് ബേഡഡുക്കയിലെ മോലോത്തും കാവ് അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ കുളത്തില്‍ അപൂർവമായ ശിലാചിത്രങ്ങൾ കണ്ടെത്തി. ചർമരോഗ ശമനത്തിനായി ഭക്തർ ആമയൂട്ട് നടത്തുന്ന പ്രശസ്തമായ ആമക്കുളത്തിലാണ് മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതുന്ന ശിലാചിത്രങ്ങൾ ദൃശ്യമായത്. കുളത്തിലെ വെള്ളം അല്‍പം താഴ്ന്നപ്പോഴാണ് പാറയിൽ കൊത്തിവെച്ച നിലയിലുള്ള ചിത്രങ്ങൾ ചരിത്ര ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഓരോ ദിവസവും നിരവധി ഭക്തജനങ്ങൾ ഉച്ചനേരത്ത് ചർമ രോഗശമനത്തിനായി ആമകൾക്ക് നിവേദ്യം സമർപ്പിക്കുന്നതിലൂടെ പ്രശസ്തമാണ് ഈ ക്ഷേത്രത്തിലെ ആമക്കുളം. ആമക്കുളത്തിന് നടുവിലായി കൂർമാവതാരത്തിലുള്ള മഹാവിഷ്ണുവിൻ്റെ വിഗ്രഹവുമുണ്ട്.
ആമക്കുളത്തിലെ ചരിത്രവിസ്മയം
മനുഷ്യൻ്റെ ഒരു ജോഡി കാൽപ്പാടുകളും മൃഗങ്ങളുടെ നിരവധി കാൽപ്പാടുകളുമാണ് രണ്ടായിരം വർഷം മുമ്പുള്ളത് എന്ന് കരുതുന്ന സംസ്കാരത്തിൻ്റെ ചരിത്ര സാക്ഷിയായി ഇന്നും നശിക്കപ്പെടാതെ നിലനിൽക്കുന്നത്. ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ പള്ളം എന്നറിയപ്പെടുന്ന ജലാശയത്തില്‍ കണ്ടെത്തിയ ശിലാചിത്രങ്ങളുടേതിനു സമാനമായി അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെയും ആമക്കുളത്തില്‍തന്നെയാണ് ശിലാചിത്രമുള്ളത്. മഴക്കാലത്ത് മുഴുവനും വെള്ളത്തിനടിയിലായിരിക്കുന്ന ശിലാ ചിത്രങ്ങൾ കുളത്തിലെ വെള്ളം കുറയുമ്പോൾ മാത്രമാണ് ദൃശ്യമാകുക.
അപൂർവ ശിലാചിത്രങ്ങൾ
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥികളായ എ കെ അമൃത, കെ ശ്രീനന്ദ എന്നിവരിൽ നിന്ന് ആമക്കുളത്തിലെ ആമയൂട്ടിനെക്കുറിച്ചറിഞ്ഞ ചരിത്ര ഗവേഷകനും നെഹ്റു കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ശിലാചിത്രങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള വന ശാസ്താകാവിൽ പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതെന്ന് കരുതുന്ന നായയുടെ രൂപത്തിലുള്ള നേർച്ച സമർപ്പണത്തിൻ്റെ ശേഷിപ്പുകളുമുണ്ട്. ക്ഷേത്രത്തിൻ്റെ ചുറ്റിലുമായി മധ്യകാലഘട്ടത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന മാടോടിൻ്റെ അവശിഷ്ടങ്ങളും ചിതറി കിടക്കുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ക്ഷേത്രം നിലനിൽക്കുന്ന പ്രദേശത്തിൻ്റെ ചരിത്രപരമായ പ്രാധാന്യമാണെന്ന് ചരിത്രാധ്യാപകനായ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ വയനാട് വരെ ചെങ്കൽ പാറകളിൽ സമാന രീതിയിലാന്ന് പ്രാചീന മനുഷ്യർ ശിലാ ചിത്രങ്ങൾ വരച്ചു വച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തിന് സമീപത്തുള്ള ചെങ്കൽ പാറകളിൽ കാണപ്പെടുന്ന ആയിരത്തിലധികം ശിലാ ചിത്രങ്ങൾക്ക് രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
അപൂർവ ശിലാചിത്രങ്ങൾ
നൂറ്റാണ്ടുകൾക്ക് മുമ്പ് ആമക്കുളത്തിനടുത്ത് ജീവിച്ചിരുന്ന മനുഷ്യർ വിശ്രമവേളകളിൽ കാൽപാടുകൾ കൊത്തിവച്ചതായിരിക്കാനാണ് സാധ്യത. എരിക്കുളം ഉമ്മിച്ചിയിൽ മൃഗങ്ങളുടെ പത്തിലധികം കാൽപ്പാടുകൾ പാറയിൽ കൊത്തി വച്ചിട്ടുണ്ട്. ചീമേനി അരിയിട്ട പാറയിലും മനുഷ്യൻ്റെയും മൃഗങ്ങളുടേയും ചിത്രങ്ങൾക്ക് പുറമെ മൃഗങ്ങളുടെ അറുപതിലധികം കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപൊയിലിൽ നാൽപതിലധികം ജോഡി പാദമുദ്രകൾ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.









