വസ്‌ത്രങ്ങള്‍ക്ക് മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വരെ വില കുറയും, നിര്‍ണായക ജിഎസ്‌ടി ക‍ൗൺസിൽ യോഗം ഇന്ന്;

0
40

ചെറിയ കാറുകൾ, സിമൻ്റ്, തുകൽ ഉൽപന്നങ്ങൾ, കുട, പാൽ ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്‌ടി കുറഞ്ഞേക്കും. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു

ന്യൂഡൽഹി: രണ്ട് ദിവസത്തെ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം. സെപ്റ്റംബർ മൂന്ന് മുതൽ നാല് വരെ രണ്ട് ദിവസത്തേക്കാണ് ഡൽഹിയിൽ 56-ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം നടക്കുക. ജിഎസ്‌ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കുന്നതിലടക്കം ഇന്ന് തീരുമാനം ഉണ്ടാകും.

നിലവിലെ നാല് ജിഎസ്‌ടി സ്ലാബുകൾ രണ്ടായി കുറച്ചുകൊണ്ട് പരോക്ഷ നികുതി വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കിയേക്കും. 12 ശതമാനവും 28 ശതമാനവും ജിഎസ്‌ടി നിരക്കുകൾ ഒഴിവാക്കി അഞ്ച് ശതമാനവും 18 ശതമാനവും ജിഎസ്‌ടി നിരക്കുകൾ മാത്രം നിലനിർത്താനുമുള്ള കേന്ദ്ര സർക്കാർ ശിപാർശയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

12 ശതമാനം സ്ലാബിൻ്റെ 99 ശതമാനം ഇനങ്ങളും അഞ്ച് ശതമാനത്തിലേക്ക് മാറ്റും. അതുപേലെതന്നെ 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഇനങ്ങളും 18 ശതമാനം സ്ലാബിലേക്ക് മാറ്റാനുമാണ് സർക്കാർ നിർദേശമുള്ളത്. ഇതോടെ നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടിയിൽ കുറവ് വരും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് വലിയൊരു സമ്മാനമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. എന്നാൽ പുതുക്കിയ ജിഎസ്‌ടി പ്രാബല്യത്തിൽ വന്നാൽ അത് സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്‌ടമുണ്ടാകുമെന്ന ആശങ്കയും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

നേരത്തെ ചെന്നൈയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വരാനിരിക്കുന്ന ജിഎസ്‌ടി നിയമങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. പരിഷ്‌കരിച്ച ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചെറുകിട ബിസിനസുകൾക്ക് ഗുണം ചെയ്യുമെന്നാണ് നിർമ്മല സീതാരാമൻ പറഞ്ഞത്. അതേസമയം പുകയില,പാൻ മസാല പോലുള്ള വസ്‌തുക്കൾക്ക് 40 ശതമാനം പുതിയ സ്ലാബ് നിർദേശിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്‌ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരി​ഗണിച്ചേക്കും.

എന്നാൽ വരുമാന നഷ്‌ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ കൗൺസിൽ യോ​ഗത്തിൽ വാദിക്കും. ചെറിയ കാറുകൾ, സിമൻ്റ്, തുകൽ ഉൽപന്നങ്ങൾ, കുട, പാൽ ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്‌ടി കുറഞ്ഞേക്കും. അതുകൊണ്ട് തന്നെ ഇവയ്‌ക്ക് വില കുറയും. അതേസമയം, പുതിയ നിര്‍ദേശം ജിഎസ്‌ടി വരുമാനത്തിൽ പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുമെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിന്‌ പതിനായിരം കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. പ്രതിപക്ഷം ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവ ജിഎസ്‌ടി പുനഃസംഘടനയെ എതിര്‍ക്കുന്നുണ്ട്.

വില കുറയാൻ സാധ്യതയുള്ളവ

  • ചെറിയ കാറുകൾ, സിമൻ്റ്, തുകൽ ഉൽപന്നങ്ങൾ, കുട, പാൽ ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, തുണിത്തരങ്ങൾ
  • നെയ്യ്, പരിപ്പ്, കുടിവെള്ളം (20 ലിറ്റർ), നോൺ-എയറേറ്റഡ് പാനീയങ്ങൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയവ, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി മാറാൻ സാധ്യതയുണ്ട്.
  • പെൻസിലുകൾ, സൈക്കിളുകൾ മുതൽ ഹെയർ പിന്നുകൾ വരെയുള്ള സാധാരണ ഉപയോഗ വസ്‌തുക്കളും 5 ശതമാനം സ്ലാബിലേക്ക് മാറും.
  • ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലകൾ നിലവിൽ 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുന്നതിനാൽ വില കുറയാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here