
പൊന്നോണക്കാലത്ത് തിരുവോണം പോലെ ഏറ്റവും പ്രാധാന്യം ഉള്ള ദിവസമാണ് ഉത്രാടം. ഉത്രാടദിനത്തിൻ്റെ പ്രത്യേകതകൾ അറിയാം വിശദമായി.
പൊന്നോണ നാളിൻ്റെ പത്തു ദിനങ്ങൾ കേരളക്കരയിൽ ഒരു മാമാങ്കം തന്നെയാണ്. പാട്ടും നൃത്തവും മത്സരങ്ങളും വിനോദവുമെല്ലാം ഒരു ഉത്സവം തന്നെ. കേരളത്തിൽ മാത്രമല്ല, നാനാദേശത്തുള്ള മലയാളികള്‍ക്കും ഓണം ഒരു അനുഭൂതിയാണ്. പഴമയും തനിമയും നിലനിർത്തി ‘കേരളോത്സവ’ത്തിൻ്റെ പാരമ്പര്യം എല്ലാക്കാലത്തും മലയാളികൾ പിന്തുടരുന്നു.
തിരുവോണപ്പുലരിയും പായസവും ഉപ്പേരിയും ഓണക്കറികളും തൂശനിലയിൽ പകർന്ന തൂവെള്ളച്ചോറും ആഘോഷവുമെല്ലാം കേരളസംസ്‌കാരത്തെ കൂടി വിളിച്ചോതുന്നു. അത്തം തുടങ്ങിയാൽ പിന്നെ ദിവസങ്ങൾ കടന്നുപോകുന്നതേ അറിയില്ല. അപ്പോഴേക്കും ഉത്രാടവും ഇങ്ങെത്തിയിട്ടുണ്ടാകും. പിന്നെ തിരക്കുകളായി, ഓട്ടമായി, അങ്ങനെയങ്ങനെ നീളും ആ ദിനവും.
എന്നാൽ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതൽ നൽകിയിട്ടുള്ളത്. ഉത്രാടദിനത്തെപ്പറ്റിയും ഉത്രാടപ്പാച്ചിലിനെ കുറിച്ചും വിശദമായി അറിയാം.
ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിൻ്റെ അവസാനഘട്ട ഒരുക്കത്തിനാണ് ഉത്രാടപ്പാച്ചിൽ എന്ന് പറയുന്നത്. സദ്യവട്ടങ്ങൾക്കായി മലയാളികൾ ഓണത്തലേന്ന് ചന്തകളിൽ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ എത്തുന്നു. ചന്തകളും വഴിയോരങ്ങളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസം കൂടിയാണ് ഉത്രാടം.
ഓണത്തിന് ആവശ്യമായ സാധനങ്ങളൊക്കെ ഈ ദിവസം വാങ്ങിക്കൂട്ടും. സാമഗ്രികളൊക്കെ വാങ്ങിക്കഴിയുമ്പോൾ പോക്കറ്റ് കാലിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും മലയാളികൾ കാശ് നോക്കാതെ ആവശ്യം നോക്കി ചെലവാക്കും എന്നാണ് പറച്ചിൽ.
ഉത്രാടനാളുകളിൽ വിപണികൾ വളരെ വൈകിയും സജീവമായിരിക്കും. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലും നിന്നു തിരിയാൻ കഴിയാത്തവിധം തിരക്കുമായിരിക്കും. പണ്ട് കാലങ്ങളിൽ ഗ്രാമച്ചന്തകളിൽ ആയിരുന്നു ഇത്തരം തിക്കുള്ള കാഴ്‌ച എങ്കിൽ ഇന്ന് ഷോപ്പിങ് മാളുകളിലും കാണാൻ കഴിയും ഈ ഉത്രാടപ്പാച്ചിലിൻ്റെ തിരക്ക്.
ഉത്രാടത്തിലെ തെയ്യക്കോലങ്ങൾ
ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് കാസർകോട് ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകൾ കയറിയിറങ്ങിയും ഓണക്കാലം അറിയിച്ചെത്തുന്ന ആടിവേടൻ തെയ്യങ്ങളുണ്ട്. ആധിയും വ്യാധിയും ഒഴിഞ്ഞ നല്ലൊരു ഓണക്കാലത്തിനായി പ്രാർഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങൾക്കു മുൻപിൽ കാണാൻ കഴിയും.
കുട്ടികൾ കോലം കെട്ടി വീടുകൾ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നു. ആടിവേടൻ തെയ്യത്തിനു പിറകെ ഓണത്താർ തെയ്യവും രംഗപ്രവേശം ചെയ്യും.
ഓണത്താർ തെയ്യം
പ്രധാനമായും കാസർകോട് ജില്ലയിലാണ് ഓണത്താർ തെയ്യം കാണാൻ കഴിയുന്നത്. ആടിവേടൻ മടങ്ങിക്കഴിയുമ്പോൾ ഉത്രാടദിനത്തിൽ ഓണത്താറിൻ്റെ വരവായി. മഹാബലി സങ്കൽപമാണ് ഓണത്താറിന് പിന്നിലുള്ളത്. ഉടയാടയും മുഖത്തെഴുത്തും അണിഞ്ഞ് കയ്യിൽ ഒരു ഓണവില്ലും ഏന്തി മണിക്കിലുക്കവും കേൾപ്പിച്ചാണ് ഓണത്താർ ഗ്രാമവീഥികളിലൂടെ ഓരോ വീടുകളിലും എത്തുന്നത്.
വീട്ടമ്മമാർ വിളക്കുകൾ കൊളുത്തിവച്ച് ഓണത്താറിനെ വരവേൽക്കും. വീട്ടിലെത്തുന്ന ഓണത്താറ് വീട്ടുകാരോട് ആടട്ടെ എന്ന് അനുവാദം ചോദിച്ചിട്ട് ഒറ്റച്ചെണ്ടയുടെ താളത്തിൽ വീട്ടുമുറ്റത്ത് ഇട്ടിരിക്കുന്ന അത്തപ്പൂക്കളത്തിൻ്റെ ചുറ്റും നൃത്തം വെക്കുന്നു. ഉത്രാടത്തിനും തിരുവോണത്തിനും ഓണത്താർ എത്താറുണ്ട്.
ചില പ്രദേശങ്ങളിൽ അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസത്തിലും ഓണത്താർ വീടുകളിൽ എത്താറുണ്ട്. തിരിച്ചുമടങ്ങുന്ന ഓണത്താറിന് ദക്ഷിണയും അരിയും നൽകുന്നു. വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുന്നത്. ആറുമുതൽ പതിനാറ് വയസുവരെ പ്രായമുള്ള കുട്ടികളെ ഇതിനായി നിയോഗിക്കുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം പോലുള്ള ഭാഗങ്ങളിൽ ഓണത്താറിന് മഹാവിഷ്ണു സങ്കൽപമാണ് പിന്നിലുള്ളത്.
ക്ഷേത്രത്തിൽ കാഴ്ചക്കുലകൾ സമർപ്പിക്കുന്നത് ഉത്രാടദിനത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഗുരുവായൂർ ക്ഷേത്രത്തിലൊക്കെ എത്തിയാൽ ഈ കാഴ്‌ച കാണാം. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് അന്നേദിവസം ക്ഷേത്രങ്ങളിൽ എത്തുന്നത്. ചങ്ങാലിക്കോടൻ ഇനത്തിൽപ്പെട്ട നേന്ത്രക്കുലകളാണ് പ്രധാനമായും കാഴ്ചക്കുലകളായി സമർപ്പിക്കുക.
ഉത്രാടവിളക്ക്
ഉത്രാടത്തിന് കുറച്ച് ദിവസം മുൻപ് തന്നെ വീട്ടിലുള്ള വിളക്കുകളൊക്കെ പുളിയും ചാരവുമൊക്കെ ഉപയോഗിച്ച് വൃത്തിയായി കഴുകിത്തേച്ച് വെക്കും. ഇതിൽ ഏറ്റവും വലിയ വിളക്ക് ഉത്രാട ദിവസം നിറയെ എണ്ണ ഒഴിച്ച് തിരി കത്തിച്ച് വെക്കും. പൂക്കൾ കൊണ്ട് വിളക്ക് അലങ്കരിക്കുകയും ചെയ്യും. ഈ ചടങ്ങിനെയാണ് ഉത്രാട വിളക്ക് എന്ന് വിളിക്കുന്നത്. അന്നും ഇന്നും ഉത്രാവിളക്കിന് കേരളത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.
ഓണനിലാവ്
ഉത്രാടനാളിലെ രാത്രിക്കാണ് ഓണനിലാവ് എന്ന് പറയുന്നത്. ഉത്രാടത്തിലെ തിരക്കുകളും ഓട്ടവും കഴിയുന്ന ഊഷ്മളമായ രാത്രി കഴിഞ്ഞ് പുലരുന്നത് തിരുവോണത്തിലേക്കാണ്. പിന്നെ കുളിച്ചൊരുങ്ങി വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് സദ്യക്കുള്ള തയാറെടുപ്പായി.





