ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

0
8

അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാക്കുന്നതിനായുള്ള അതിനിർണ്ണായകമായ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഭരണാനുമതി നൽകി.

എറണാകുളം, കോട്ടയം, ഇടുക്കി എന്നീ മൂന്ന് പ്രധാന ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതി പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഗതാഗത വകുപ്പ് ഉത്തരവിറക്കി.

ശബരി റെയിൽപ്പാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ താലൂക്കുകളിൽ നിന്നായി ആകെ 305.71 ഹെക്ടർ സ്ഥലമാണ് ഈ ഘട്ടത്തിൽ ഏറ്റെടുക്കുന്നത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലായി 152.05 ഹെക്ടർ സ്ഥലവും,

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി 119.89 ഹെക്ടർ സ്ഥലവും ഏറ്റെടുക്കും.

കൂടാതെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ നിന്നും 33.77 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വിട്ടുനൽകേണ്ടി വരിക.

പദ്ധതിയുടെ ആകെ നിർമ്മാണ ചിലവ് 3,800.9 കോടി രൂപയാണ് കണക്കാക്കുന്നത്.

ഇതിന്റെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ബാക്കി 50 ശതമാനം തുക കേന്ദ്ര സർക്കാരാണ് നൽകുന്നത്. കിഫ്ബി മുഖേന തുക ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

 

റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരും.

നിലവിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്റർ പാതയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

പെരിയാറിന് കുറുകെ ഒരു കിലോമീറ്റർ നീളമുള്ള പാലവും കാലടി റെയിൽവേ സ്റ്റേഷനും നിലവിൽ സജ്ജമാണ്.

ഇനി പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം വരെയുള്ള ഭാഗങ്ങളിൽ സ്ഥലം നിശ്ചയിച്ച് കല്ലിട്ടു കഴിഞ്ഞു.

ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ സ്റ്റേഷനുകൾക്കായി എത്രയും വേഗം സർവ്വേ പൂർത്തിയാക്കാൻ റവന്യൂ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here