ഹൈദരാബാദ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്തു. ലോകകപ്പിൽ 20 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും, അതിവേഗം 20 ലോകകപ്പ് ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡുമാണ് എംബാപ്പെ സ്വന്തമാക്കിയത്.
ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 ന് തകർത്ത് ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിയില്‍ പ്രവേശിച്ച മത്സരത്തിലാണ് 27-കാരനായ എംബാപ്പെയുടെ ഈ ചരിത്ര നേട്ടം. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തനിക്ക് ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, ശക്തമായി തിരിച്ചുവന്ന എംബാപ്പെ 60-ാം മിനിറ്റിൽ മനോഹരമായ ഒരു ഫീൽഡ് ഗോളിലൂടെ ഫ്രാൻസിന് ലീഡ് സമ്മാനിച്ചു. തുടർന്ന് കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സഹതാരം ഉസ്‌മാനെ ഡെംബെലെയുടെ ഗോളിന് കൃത്യമായ പാസിലൂടെ വഴിയൊരുക്കുകയും ചെയ്‌തു.
മത്സരങ്ങളും ഗോൾ വേട്ടയും
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ (30 മത്സരങ്ങൾ) പേരിലാണ്. എന്നാൽ ഫ്രാൻസിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി എംബാപ്പെ (20 മത്സരങ്ങൾ) മാറി. മുൻ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിനൊപ്പമാണ് എംബാപ്പെയുടെ സ്ഥാനം.
അന്‍റോയിൻ ഗ്രീസ്‌മാന്‍, ഒലിവീർ ജിറൂഡ്, റാഫേൽ വരാനെ എന്നിവരെയെല്ലാം താരം ഇതിനോടകം മറികടന്നു കഴിഞ്ഞു. നടപ്പു ലോകകപ്പിലെ തന്‍റെ എട്ടാം ഗോളോടെ എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 20 ആയി ഉയർന്നു. 2018, 2022, 2026 പതിപ്പുകളിലായി വെറും 20 മത്സരങ്ങളിൽ നിന്നാണ് ഈ അവിശ്വസനീയമായ നേട്ടം. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ലയണൽ മെസ്സിയുടെ (21 ഗോളുകൾ) റെക്കോർഡിന് തൊട്ടരികിലാണ് എംബാപ്പെ.
കൂടുതൽ വിജയങ്ങളും നോക്കൗട്ട് ഗോളുകളും
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഫ്രഞ്ച് താരമെന്ന റെക്കോർഡും ഇപ്പോൾ എംബാപ്പെയുടെ പേരിലാണ്. സ്വീഡനെതിരായ മത്സരത്തിലെ വിജയത്തോടെ 15 വിജയങ്ങൾ നേടിയ എംബാപ്പെ, പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലിന്‍റെ കഫുവിനൊപ്പം (16 വിജയങ്ങൾ) എത്തിയിരുന്നു. മൊറോക്കോയ്‌ക്കെതിരായ ഈ ക്വാർട്ടർ വിജയത്തോടെ ലോകകപ്പിൽ 17 വിജയങ്ങളെന്ന ജർമ്മനിയുടെ ഇതിഹാസ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പവും എംബാപ്പെ എത്തിക്കഴിഞ്ഞു.
20 വിജയങ്ങളുള്ള മെസ്സി മാത്രമാണ് ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത്. കൂടാതെ, ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കി. സ്വീഡൻ, പരാഗ്വേ, മൊറോക്കോ ടീമുകൾക്കെതിരായ മിന്നുന്ന പ്രകടനത്തോടെയാണ് നോക്കൗട്ട് ഘട്ടത്തിലെ തന്‍റെ ആകെ ഗോളുകളുടെ എണ്ണം താരം 12 ആയി ഉയർത്തിയത്. ബ്രസീലിന്‍റെ റൊണാൾഡോ, ലിയോണിഡാസ് എന്നിവരുടെ റെക്കോർഡുകളാണ് എംബാപ്പെ തകർത്തത്.
ഗോൾഡൻ ബൂട്ട് റേസ്
| താരം | ഗോള്‍ | അസിസ്റ്റ് | കളിച്ച മിനിറ്റ് |
|---|---|---|---|
| കൈലിയൻ എംബാപ്പെ (ഫ്രാൻസ്) | 8 | 3 | 564 |
| ലയണൽ മെസ്സി (അർജന്‍റീന) | 8 | 1 | 465 |
| എർലിംഗ് ഹാലാൻഡ് (നോർവേ) | 7 | 0 | 418 |
| ഹാരി കെയ്ൻ (ഇംഗ്ലണ്ട്) | 6 | 1 | 489 |
| ഉസ്‌മാനെ ഡെംബെലെ (ഫ്രാൻസ്) | 5 | 2 | 492 |





