നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പല ബ്രാൻഡുകളിലും മായം കലരാൻ സാധ്യതയുണ്ട്.
പാരഫിൻ വാക്‌സോ കെമിക്കലുകളോ ചേർത്ത എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വെളിച്ചെണ്ണയിലെ മായം വീട്ടിലിരുന്ന് തന്നെ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം:
ഫ്രിഡ്ജ് ടെസ്റ്റ് (ഏറ്റവും എളുപ്പവഴി)
ഒരു കുപ്പിയില്‍ അല്പം വെളിച്ചെണ്ണ എടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ പൂർണ്ണമായും കട്ടിയാകും. എന്നാല്‍ മായം കലർന്നതാണെങ്കില്‍, എണ്ണക്ക് മുകളില്‍ മറ്റൊരു പാളിയായി നിറവ്യത്യാസമുള്ള ദ്രാവകം കാണാൻ സാധിക്കും.
വെണ്ണ ഉപയോഗിച്ചുള്ള പരീക്ഷണം
അല്പം വെളിച്ചെണ്ണയില്‍ ചെറിയൊരു കഷ്ണം ശുദ്ധമായ വെണ്ണ ചേർക്കുക. എണ്ണയുടെ നിറം ചുവപ്പായി മാറുന്നുണ്ടെങ്കില്‍ അതില്‍ മാരകമായ കെമിക്കലുകളോ പെട്രോളിയം ഉല്‍പ്പന്നങ്ങളോ ചേർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.
വെള്ളം ഉപയോഗിച്ചുള്ള പരിശോധന
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കാതെ മുകളില്‍ ഒരു പാളിയായി നില്‍ക്കും. മായം ചേർത്ത എണ്ണയാണെങ്കില്‍ അത് വെള്ളത്തില്‍ കലരുന്നതായി കാണാം.
പേപ്പർ ടെസ്റ്റ്
ഒരു വെള്ള പേപ്പറില്‍ അല്പം എണ്ണ ഒഴിച്ച് വയ്ക്കുക. എണ്ണ പേപ്പറിലേക്ക് നന്നായി പടരുന്നുണ്ടെങ്കില്‍ അത് ശുദ്ധമാണ്. എന്നാല്‍ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കില്‍ മായം സംശയിക്കാം.
ചൂടാക്കി നോക്കാം
രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ഒരു മിനിറ്റ് ചൂടാക്കുക. മായം കലർന്ന എണ്ണയാണെങ്കില്‍ ചൂടാകുമ്പോള്‍ കരിഞ്ഞ മണമോ രൂക്ഷഗന്ധമോ അനുഭവപ്പെടും.
ഗന്ധവും സ്പർശനവും
മണം: ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നാളികേരത്തിന്റെ സ്വാഭാവികമായ സുഗന്ധമുണ്ടാകും. രൂക്ഷഗന്ധം മായത്തിന്റെ ലക്ഷണമാണ്.
ചർമ്മം:
കൈകളില്‍ വെളിച്ചെണ്ണ പുരട്ടുമ്പോള്‍ അത് പെട്ടെന്ന് ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും മൃദുത്വം നല്‍കുകയും വേണം. ഒട്ടിപ്പിടിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വ്യാജ വെളിച്ചെണ്ണയാകാം.







