തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാൻ അഞ്ചുദിവസം ശേഷിക്കെ വോട്ടെണ്ണൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ചൊവ്വാഴ്ച ആരംഭിച്ചു. അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.
അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, അസിസ്റ്റൻ്റുമാർ എന്നിവരെ വിവിധ ബാച്ചുകളായി തിരിച്ചാണ് പരിശീലനം. മെയ് ഒന്നിനാണ് രണ്ടാംഘട്ടം. സംസ്ഥാനത്തെ അമ്പതോളം സ്കൂൾ, കോളേജ് ക്യാമ്പസുകളിലായാണ് വോട്ടെണ്ണൽ. ഇവിടങ്ങളിൽ ഓരോ മണ്ഡലത്തിനുമായി ഓരോ കേന്ദ്രങ്ങളുണ്ടാകും.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് ഇവിഎമ്മിലെ വോട്ടുകളും. ഇവിഎമ്മിൻ്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിങ്ങിന് മേശകൾ ക്രമീകരിക്കുക. ഒരു ഹാളിൽ ഏഴുമുതൽ 14വരെ മേശയൊരുക്കും. ഓരോ മേശയ്ക്കുസമീപവും ബാരിക്കേഡിനടുത്ത് പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് വോട്ടെണ്ണൽ നിരീക്ഷിക്കാൻ കൗണ്ടിങ് ഏജന്റുമാരെ രാഷ്ട്രീയപ്പാർട്ടികൾക്കു നിയോഗിക്കാം. പോസ്റ്റൽ വോട്ട്, സർവീസ് വോട്ട് എന്നിവ എണ്ണുന്ന മേശയ്ക്കടുത്തും ഈ സൗകര്യമുണ്ടാകും.
ഒരേസമയം എല്ലാമേശകളിലെയും ഇവിഎമ്മിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണുന്ന ഹാളിൻ്റെ മേൽനോട്ടത്തിന് ഒരു ഉപവരണാധികാരിയുണ്ടാകും. വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർവൈസറും അസിസ്റ്റൻ്റുമുണ്ടാകും. വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനുശേഷം കിട്ടുന്ന പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ കവറുകൾ തുറക്കില്ല.
തെരഞ്ഞെടുപ്പ് കമീഷൻ്റെ വെബ്സൈറ്റിലൂടെ ഓരോ റൗണ്ടിലെയും വിവരങ്ങ ൾ ലഭ്യമാകും. 79.63 ശതമാനമാണ് സംസ്ഥാനത്ത് പോളിങ്. സ്‌ട്രോങ് റൂമുകൾ നിലവിൽ സിസിടിവി നിരീക്ഷണത്തിലാണ്. സായുധ പോലീസിൻ്റെ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സിസിടിവി നിരീക്ഷണം ഉ ണ്ടാകും.
വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കവെയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. മൂന്നാമതും തുടർഭരണം നേടാമെന്നും കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം ലഭിക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് എൽഡിഎഫ്. അതേസമയം നില മെച്ചപ്പെടുത്തി ഭേദപ്പെട്ട വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏതാനും സീറ്റുകളിൽ ജയം ഉറപ്പാണെന്ന് ബിജെപിയും വിശ്വസിക്കുന്നു.
ഇന്ന് വൈകീട്ട് എക്സിറ്റ് പോൾ ഫലങ്ങൾ വരുന്നതോടെ മുന്നണികളുടെ നെഞ്ചിടിപ്പ് കൂടും. അതേസമയം കൃത്യസമയത്ത് തപാൽ ബാലറ്റുകൾ എത്തിക്കാത്തതിനാൽ 20,000ലേറെ ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ല. സർവീസ് സംഘടനകളുടെ പരാതി കോടതിയുടെ പരിഗണനയിലാണ്.







