നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ബിഹാറിലെ ഗണ്ടക് നദിയില്‍ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതാ പട്ടികയിലാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ, കര്‍ശന നീരീക്ഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതിനിടെ, ടിബറ്റിലെ ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവര്‍ത്തനം ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി രൂപപ്പെട്ട തടയിണ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തകരോട് ഒരു കിലോമീറ്റര്‍ പിന്നോട്ട് മാറാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.പ്രളയത്തില്‍ ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേവിഘട്ട് ഉള്‍പ്പെടെ 13-ഓളം ജലവൈദ്യുത നിലയങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി വെട്ടിച്ചുരുക്കി. ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം 800 മെഗാവാട്ടില്‍ നിന്ന് 400 മെഗാവാട്ടാക്കി കുറച്ചു.
അതേസമയം, നേപ്പാളിന് എന്തു സഹായവും നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തു. ഇന്നലെ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം ഡോളര്‍ ദുരിതാശ്വാസ സഹായത്തിന് പുറമേയാണ് ട്രംംപിന്റെ പരാമര്‍ശം.
പ്രളയത്തില്‍ കണ്ടെടുത്ത മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേരെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദന്‍ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. നേപ്പാള്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ശരീരത്തില്‍ നിന്നാണ് ആഭരണം മോഷ്ടിച്ചത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് സ്വര്‍ണക്കമ്മലുകള്‍ മോഷ്ടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്ത്രീയുടെ മൃതദേഹം മരപ്പലകകള്‍ ഉപയോഗിച്ചും മുടിയില്‍ പിടിച്ചും തറയിലൂടെ വലിച്ചിഴയ്ക്കുന്നത് വീഡിയോയില്‍ കാണാം.





