അണ്ടർ 19 ലോകകപ്പ്: പാകിസ്ഥാനെ വീഴ്‌ത്തി ഇന്ത്യ

0
24

ബുലവായോ: അണ്ടർ 19 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ കൗമാരതാരങ്ങള്‍. ബുലവായോയിലെ ക്വീൻസ് സ്പോർട്‌സ് ക്ലബ്ബിൽ നടന്ന സൂപ്പർ സിക്‌സ് മത്സരത്തിൽ പാകിസ്ഥാനെതിരെ 58 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയോടു തോൽവി ഏറ്റുവാങ്ങും മുന്‍പേതന്നെ പാക് പട സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.5 ഓവറിൽ 252 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റേന്തിയ പാകിസ്ഥാന്‍ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ ടൂർണമെന്‍റില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി.

92 പന്തിൽ 66 റൺസെടുത്ത ഉസ്‌മാന്‍ ഖാൻ അർധ സെഞ്ചറി നേടി. ഓപ്പണർ ഹംസ സഹൂർ (49 പന്തിൽ 42), ഫർഹാൻ യൂസഫ് (39 പന്തിൽ 38) എന്നിവരാണു പാക്കിസ്ഥാന്‍റെ മറ്റു പ്രധാന സ്കോറർമാർ‍. ഇന്ത്യയ്‌ക്കായി 35 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖിലൻ പട്ടേലും 21 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുമാണ് പന്തെടുത്ത് പാകിസ്‌താനെ വീഴ്ത്തിയത്.

ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ 49.5 ഓവറിൽ 252 റൺസടിച്ചു പുറത്തായിരുന്നു. 98 പന്തുകൾ നേരിട്ട വേദാന്ത് 68 റൺസടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കനിഷ്‌ക് ചൗഹാൻ (35), വൈഭവ് സൂര്യവംശി (30), ആർ.എസ്. അംബരീഷ് (29) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ആരോൺ ജോർജ് 14 റണ്‍സെടുത്തു മടങ്ങിയപ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് റണ്ണൊന്നും നേടാനായില്ല.

U19 ലോകകപ്പിലെ നാല് സെമിഫൈനലിസ്റ്റുകൾ

ഗ്രൂപ്പ് രണ്ടില്‍ നിന്നും എട്ട് പോയിന്‍റുമായി ഇന്ത്യ ഒന്നാമതെത്തി. ഇതേ ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും സെമിഫൈനലിന് യോഗ്യത നേടി. ഓസ്‌ട്രേലിയയും അഫ്‌ഗാനും എ ഗ്രൂപ്പിൽ നിന്നാണ് സെമിയില്‍ പ്രവേശിച്ചത്. സിംബാബ്‌വെയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കുന്ന ആദ്യ സെമി മത്സരത്തിൽ ഇന്ത്യ അഫ്‌ഗാനെതിരെ കളിക്കും. ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് തമ്മിലാണ് രണ്ടാമത്തെ സെമിഫൈനൽ മത്സരം. രണ്ട് ഫൈനലുകളിലെയും വിജയികൾ ഫെബ്രുവരി 6 ന് ഹരാരെയിൽ നടക്കുന്ന കിരീട നിർണയ മത്സരത്തിൽ കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here