അതിശൈത്യത്തിൽ ഭാഗികമായി തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം;

0
25

ടൊറൻ്റോ: വടക്കേ അമേരിക്കയിൽ തുടരുന്ന കനത്ത ശൈത്യത്തിൽ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ലോകപ്രശസ്മായ നയാഗ്ര വെള്ളച്ചാട്ടവും മഞ്ഞുപാളികളിലായത്. നയാഗ്ര വെള്ളച്ചാട്ട പ്രദേശത്ത് -20 ഡിഗ്രിയിൽ താഴെയാണ് താപനില.

വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങളും മരങ്ങളും പൂർണ്ണമായും മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ്. മരവിച്ച നിലയിലുള്ള മരങ്ങളുടെയും പാറക്കെട്ടുകളുടെയും ദൃശ്യങ്ങൾ പ്രദേശവാസികൾ പങ്കുവെച്ചിട്ടുണ്ട്. ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലകണങ്ങൾ അന്തരീക്ഷത്തിൽ വെച്ച് തന്നെ ഐസ് കട്ടകളായി മാറുകയാണ്.

നയാഗ്ര വെള്ളച്ചാട്ടം പൂർണ്ണമായും നിശ്ചലമാകില്ലെങ്കിലും ഉപരിതലത്തിൽ മഞ്ഞുപാളികൾ രൂപപ്പെട്ടതിനാൽ വെള്ളച്ചാട്ടം നിശ്ചലമായ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ ഭാഗത്തെ വെള്ളച്ചാട്ടത്തിലാണ് കൂടുതൽ മഞ്ഞുപാളികൾ രൂപപ്പെട്ടിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് താഴെ കട്ടിയുള്ള ഐസ് പാളികൾ രൂപപ്പെട്ട് ഐസ് ബ്രിഡ്ജ് പ്രതിഭാസവും ദൃശ്യമാണ്. ഇത് നേരിൽ കാണാനായി നിരവധി സഞ്ചാരികളാണ് യുഎസ് – കാനഡ അതിർത്തിയിലേക്ക് എത്തുന്നത്.

നേരത്തെ 1848 ലാണ് നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തവണത്തെ അതിശൈത്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതിശൈത്യം അവഗണിച്ച് കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ കർശന സുരക്ഷാ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.

അതേസമയം അതിശൈത്യം കണക്കിലെടുത്ത് യുക്രൈനിൽ ഒരാഴ്ച വെടിനിർത്തലിന് റഷ്യൻ പ്രസിഡൻ്റ് പുടിൻ സമ്മതിച്ചിരുന്നു. അതിശൈത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ശൈത്യത്തിനിടയിൽ യുക്രൈൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു ട്രംപ് ഇടപെട്ടത്.

കീവിൽ നിലവിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് യുക്രൈനിൽ വൈദ്യുതിക്ഷാമം നേരിടാറുണ്ട്. ഇതിനിടെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം കൂടിയാകുന്നതോടെ രാജ്യമൊന്നാകെ പ്രതിസന്ധിയിലാകും. ഇതുകൂടി കണക്കിലെടുത്തായിരുന്നു യുദ്ധം നിർത്തിവെക്കാനുള്ള ആവശ്യം.

അതിശൈത്യം കാരണം യുഎസിൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാഴ്ചാപരിമിതിയും സാങ്കേതിക പ്രശ്നങ്ങളും ഉടലെടുത്തതോടെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. അതേസമയം ശൈത്യ കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയുടെ വലിയ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here