കഴിഞ്ഞ ഫെബ്രുവരി പത്തിന് ഭരണസിരാകേന്ദ്രത്തിന്‍റെ മുന്നില്‍ ആരംഭിച്ച ആശാ പ്രവര്‍ത്തകരുടെ അനിശ്ചിത കാല സമരം വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ആശാ പ്രവര്‍ത്തകരുടെ ആത്മാഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കാനായി നടത്തിയ ഒരു പോരാട്ടമായിരുന്നു ഇത്. വര്‍ഷങ്ങളായി നിത്യവും പന്ത്രണ്ട് പതിമൂന്ന് മണിക്കൂര്‍ പ്രതിബദ്ധതയോടെ തൊഴിലെടുത്ത ഇവരുടെ അടിസ്ഥാന അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനായിരുന്നു ഇത്.
സ്വയം സുരക്ഷിതരാകുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള ഏറ്റവും വലിയ ആവശ്യം. 264 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തി. ഇവരുയര്‍ത്തിയ എല്ലാ ആവശ്യങ്ങളും നേടിയെടുക്കാന്‍ ആയില്ലെങ്കിലും തലകുനിക്കാതെ തന്നെയാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് ഇവരുടെ മടക്കം. സമരം അവസാനിച്ചിട്ടില്ല. പ്രാദേശിക വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് താഴെത്തട്ടില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
264 ദിവസം നീണ്ട പ്രതിഷേധം, തലമുണ്ഡനം അടക്കം നടത്തിയത് പല സമരമുറകള്‍
ഫെബ്രുവരി പത്തിനാണ് സെക്രട്ടറിയേറ്റ് നടയില്‍ കേരളത്തിലെ ആശാ പ്രവര്‍ത്തകരുടെ പ്രക്ഷോഭം ആരംഭിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. ഒപ്പം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
264 ദിവസം നീണ്ട സമരത്തില്‍ തല മുണ്ഡനം ചെയ്യല്‍ അടക്കമുള്ള പല പ്രതിഷേധ മുറകളും അരങ്ങേറി. ക്രമേണ സംസ്ഥാനം കണ്ടതില്‍ വച്ചേറ്റവും വലിയ വനിതാ മുന്നേറ്റമായി ഇത് മാറി. പട്ടിണി സമരം, തലമൊട്ടയടിക്കല്‍, നിയമസഭ മാര്‍ച്ച്, തുടങ്ങിയവയും അരങ്ങേറി. ഇവര്‍ സംസ്ഥാനവ്യാപകമായി തന്നെ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവില്‍ കിടന്നുറങ്ങി.
മുഖ്യമന്ത്രി സമരത്തിലിടപെടണമെന്ന ആവശ്യവുമായി എട്ട്മാസങ്ങള്‍ക്ക് ശേഷം , സമരത്തിന്‍റെ 256മത്തെ ദിവസം ആശമാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ഇത് ജലപീരങ്കി പ്രയോഗത്തിലും ബലം പ്രയോഗിച്ചുള്ള അറസ്റ്റിലേക്കും വഴി വച്ചു. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി വനിതാ തൊഴിലാളികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസിന്‍റെ മൃഗീയ നടപടികള്‍ ഉണ്ടായി. 19 സ്‌ത്രീകളെ കസ്റ്റഡിയിലെടുത്തു. വസ്‌ത്രങ്ങള്‍ വലിച്ച് കീറി. തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടു. ഇവരുടെ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ചരിത്ര രാപ്പകല്‍ ആശാ സമരത്തിന്‍റെ നേട്ടങ്ങള്‍
264 ദിവസം നീണ്ട ഈ ചരിത്ര പോരാട്ടത്തില്‍ ആശാപ്രവര്‍ത്തകര്‍ക്ക് അവരുടെ ചില അവകാശങ്ങള്‍ നേടിയെടുക്കാനായി.
സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചു; സംസ്ഥാന സര്‍ക്കാര്‍ ആശമാരുടെ പ്രതിമാസ ഓണറേറിയത്തില്‍ ആയിരം രൂപയുടെ വര്‍ദ്ധന വരുത്തി.
കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്‍റീവ് കൂട്ടി: കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്‍റീവ് 1500 രൂപ വര്‍ദ്ധിപ്പിച്ചു.
ടീം അധിഷ്‌ഠിത ഇന്‍സെന്‍റീവ് : ടീം അധിഷ്‌ഠിത ഇന്‍സെന്‍റീവായി ആയിരം രൂപ അനുവദിച്ചു.
പ്രതിമാസ വേതന വര്‍ദ്ധന: ഫെബ്രുവരി പത്തിന് ശേഷം ഇവരുടെ പ്രതിമാസ വേതനത്തില്‍ 3,500 രൂപയുടെ വര്‍ദ്ധന ഉണ്ടായി.
വിരമിക്കല്‍ ആനുകൂല്യം നല്‍കി: വിരമിക്കുന്നവര്‍ക്ക് ഇപ്പോള്‍ 50,000 രൂപ കിട്ടുന്നു.
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഇല്ലാതാക്കി; ഓണറേറിയം നിശ്ചയിക്കുന്നതിന് മുമ്പ് പത്ത് മാനദണ്ഡങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി.
വിരമിക്കല്‍ പ്രായ ഉത്തരവ് പിന്‍വലിച്ചു; 62വയസില്‍ നിര്‍ബന്ധമായും പിരിഞ്ഞ് പോകണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു.
കൃത്യസമയത്ത് വേതനം; എല്ലാ മാസവും കൃത്യസമയത്ത് വേതനം നല്‍കാമെന്ന ഉറപ്പ് നേടി.
തൊഴില്‍ സംബന്ധിച്ച നിബന്ധനകള്‍ പ്രാബല്യത്തില്‍; സേവന വേതന വ്യവസ്ഥക്‍ ഔദ്യോഗികമായി നിലവില്‍ വന്നു.
പ്രതിഷേധത്തിന്‍റെ നാള്‍ വഴികള്‍
- ഫെബ്രുവരി 10- കേരള ആശ ആരോഗ്യ പ്രവര്‍ത്തക അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ആരംഭിച്ചു.
- ഫെബ്രുവരി 21- സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
- മാര്‍ച്ച് 3 -നിയമഭാ മാര്‍ച്ച്
- മാര്‍ച്ച് 8- വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് വനിതാ സംഗമം
- മാര്‍ച്ച് 17-സെക്രട്ടറിയേറ്റ് സ്‌തംഭിപ്പിക്കല്‍
- മാര്‍ച്ച് 20-നിരാഹാരം സമരം ആരംഭിച്ചു
- മാര്‍ച്ച് 24- കൂട്ട നിരാഹാരം
- മാര്‍ച്ച് 30- തലമൊട്ടയടിച്ച് പ്രതിഷേധം
- മെയ് 5 മുതല്‍ ജൂണ്‍ 17 വരെ- കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപ്പകല്‍ മാര്‍ച്ച്
- മെയ് 15- പ്രതിഷേധിക്കുന്ന ആശമാര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിശോധിക്കാനും പഠിക്കാനും സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
- ജൂണ്‍18- ആശ പ്രവര്‍ത്തകരുടെ മഹാറാലി
- ഒക്‌ടോബര്‍ 22- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആശമാരുടെ മാര്‍ച്ച്
- ഒക്‌ടോബര്‍ 23-ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ നരനായിട്ടില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം.
- നവംബര്‍ 1- സമര പ്രതിജ്ഞാറാലി









