കേരളത്തിന് എന്തുകൊണ്ട് അതിവേഗ പാതയില്ലെന്ന ചോദ്യം ശക്തമാകുമ്പോഴാണ് മന്ത്രി കേരളത്തിന് ഗുണം ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന് പിന്നാലെ റെയിൽവേയുടെ ബജറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കവെയാണ് റെയിൽവേ മന്ത്രിയുടെ പ്രതികരണം. കേരളത്തിന് അതിവേഗ പാത അനുവദിക്കാത്തതിനെ സംബന്ധിച്ച് ചോദ്യം ഇയർന്നപ്പോഴാണ് ഹൈ സ്പീഡ് റെയിൽ കോറിഡോർ കേരളത്തിനും ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞത്. എങ്ങനെയാണ് കേരളത്തിന് ഗുണമാകുകയെന്ന ചോദ്യത്തിന്, കേരളത്തിൽ ഉളളവർ തമിഴ്നാട്ടിലും കർണാടകത്തിലും പോകാറില്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
മലയാളികൾ ചെന്നൈ, ബെംഗളരൂ തുടങ്ങിയ നഗരങ്ങളിലെത്തിയാൽ അവിടെ നിന്നുള്ള യാത്രകൾക്ക് അതിവേഗ ട്രെയിനുകൾ ഉപയോഗിക്കാമെന്ന വാദമാണ് മന്ത്രി ഉയർത്തുന്നത്. കർണാടകക്കും തമിഴ്നാടിനും അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചിട്ടുണ്ട്. ചെന്നൈ – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ഹൈദരാബാദ് – ബെംഗളൂരു, പൂണെ – ഹൈദരാബാദ്, മുംബൈ – പൂണെ, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിങ്ങനെയാണ് പുതിയ ഏഴ് ഇടനാഴികൾ.
അതേസമയം അതിവേഗ റെയിൽ പാത പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനിയിൽ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ പറഞ്ഞു.
ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് ഇ ശ്രീധരന്‍റെ തീരുമാനം. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ നടത്തും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പിന്നാലെ പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനാണ് പദ്ധതി.







