കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂരും, കാസർകോടും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക, ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
24/06/2026 & 25/06/2026: സോമാലിയൻ തീരം , ഒമാൻ തീരം , തെക്ക് പടിഞ്ഞാറൻ അറബിക്കടൽ , മധ്യ പടിഞ്ഞാറൻ അറബിക്കടൽ , വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇതേദിവസങ്ങളിൽ ഗൾഫ് ഓഫ് മാന്നാർ, ഒഡീഷ തീരം, ഗംഗാതീര പശ്ചിമ ബംഗാൾ, കന്യാകുമാരി പ്രദേശം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന വടക്ക് കിഴക്കേ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ (24/06/2026) മഹാരാഷ്ട്ര തീരത്തും ഗോവ തീരത്തും അതിനോട് ചേർന്ന മധ്യ കിഴക്കേ അറബിക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മറ്റന്നാൾ തെക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന മധ്യ കിഴക്കേ അറബിക്കടൽ തെക്കൻ മഹാരാഷ്ട്ര തീരം ഗോവ തീരം അതിനോട് ചേർന്നിട്ടുള്ള മധ്യ കിഴക്കേ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.








