ജമാഅത്തെ ഇസ്‌ലാമിയാണോ അതോ ശബരിമലയെ കൊള്ളയടിക്കുന്നവരാണോ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിതെന്ന് രാജീവ് ചന്ദ്രശേഖർ
എറണാകുളം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോർമുഖം തുറന്നുകൊണ്ട് കൊച്ചിയിൽ എൻഡിഎയുടെ വിപുലമായ നേതൃയോഗം. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിൽ എൻഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയാണോ അതോ ശബരിമലയെ കൊള്ളയടിക്കുന്നവരാണോ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽഡിഎഫിൻ്റെ ‘ഒന്നായി തുടരാം’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച അദ്ദേഹം സ്വർണക്കള്ളക്കടത്തും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണോ ഒന്നായി തുടരേണ്ടതെന്ന് ചോദിച്ചു. കോൺഗ്രസും ജമാഅത്തെ ഇസ്‌ലാമിയുമാണ് നാട് വിട്ടു പോകേണ്ടതെന്നും യുഡിഎഫിൻ്റെ ‘കടക്ക് പുറത്ത്’ മുദ്രാവാക്യത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
എൻഡിഎ ഇത്തവണ മത്സരിക്കുന്നത് ജയിക്കാൻ മാത്രമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റത്തിന് എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അറുപത് ദിവസത്തെ തീവ്ര കർമപദ്ധതിക്ക് യോഗം രൂപം നൽകി. ബൂത്ത് തലം മുതൽ അസംബ്ലി തലം വരെ സംഘടനയെ ശക്തിപ്പെടുത്താനാണ് എൻഡിഎയുടെ തീരുമാനം. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന സന്ദേശവുമായാണ് എൻഡിഎ ജനങ്ങളെ സമീപിക്കുന്നത്.
ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വീണ്ടും നിലപാട് മാറ്റുമെന്നും അയ്യപ്പ സംഗമം വരെ നടത്തിയവരാണ് അവരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2018-ലെ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. നേമം മണ്ഡലത്തോടാണ് തനിക്ക് താൽപ്പര്യമെങ്കിലും അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയിലേക്ക് രണ്ട് പാർട്ടികൾ കൂടി
നാഷണൽ ഫാർമേഴ്സ് പാർട്ടി ( ARS), ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഭാഗമാകും.
മുൻ കോൺഗ്രസ് നേതാവും മുൻ മൂവാറ്റുപുഴ എംപിയും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായിരുന്ന ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിലാണ് നാഷണൽ ഫാർമേഴ്സ് പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ ചേർന്നത്.
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാർ
സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പത്തു വർഷം കേന്ദ്രം നൽകിയ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മധുരയിൽ എയിംസ് വന്നപ്പോൾ കോഴിക്കോട് ഭൂമി ഏറ്റെടുത്ത് നൽകാൻ പോലും സർക്കാരിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി എൻഡിഎയിലെ പ്രമുഖ നേതാക്കൾ അഞ്ച് സെഷനുകളിലായി നടന്ന ചർച്ചകളിൽ പങ്കെടുത്തു.









