ഹെലിപാഡിന്‍റെ ഉത്തരവാദിത്വം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്.
ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്‌റ്ററിന്‍റെ ടയര്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കേരള പൊലീസ്.
സംഭവത്തില്‍ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഇ ടിവി ഭാരതിനോടു പറഞ്ഞു. രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്. അവരാണ് കോന്നിയിലെ പ്രമാടത്ത് രാഷ്ട്രപതിക്ക് ഇറങ്ങാനുള്ള ഹെലിപാഡ് നിശ്ചയിച്ചത്. ഇന്നലെ വരെ നിലയ്ക്കലില്‍ ഇറങ്ങാനായിരുന്നു പദ്ധതി.
എന്നാല്‍ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ഹെലിപാഡ് പ്രമാടത്തേക്ക് മാറ്റാന്‍ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. വളരെ വൈകി ഇത്തരത്തില്‍ ഒരു തീരുമാനം വന്നതു കൊണ്ടാണ് ഹെലിപാഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ആവശ്യമായ സമയം ലഭിക്കാത്തത്.
രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പിഡബ്‌ള്യൂഡി ഉദ്യോഗസ്ഥരാണ് കോണ്‍ക്രീറ്റ് ഉറപ്പിച്ചത്. ഇവിടെ നല്ല ഉറപ്പില്‍ ഹെലികോപ്ടറിന് ലാന്‍ഡ് ചെയ്യാനുള്ള മാര്‍ക്കിങ് തയാറാക്കി. എന്നാല്‍ ലാന്‍ഡിങ് സമയത്ത് ഇത്തരത്തില്‍ തയാറാക്കിയ ഹെലിപാത്ത് മാര്‍ക്ക് ചെയ്തിരുന്നിടത്തു നിന്ന് 5 അടി മാറി കോണ്‍ക്രീറ്റിന് ഉറപ്പില്ലാത്തിടത്താണ് പൈലറ്റ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്.
ഇതോടെ രാഷ്ട്രപതി ഇറങ്ങിയ ശേഷം ഹെലികോപ്ടര്‍ മുന്നോട്ട് മാര്‍ക്കിങ്ങിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ടയര്‍ ഉറപ്പില്ലാത്ത കോണ്‍ക്രീറ്റില്‍ പുതയുകയായിരുന്നു. ഇവിടെ നിന്ന് കോപ്റ്ററിനെ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മാര്‍ക്കിങ്ങിലേക്ക് തള്ളി നീക്കുകയാണുണ്ടായതെന്ന് പൊലീസ് മേധാവി പറഞ്ഞു. ഇത് പൈലറ്റിനു സംഭവിച്ച നിസാരമായ ഒരു വീഴ്ചയെത്തുടര്‍ന്നുണ്ടായ സംഭവമാണ്.
പെട്ടെന്ന് കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ സാധാരണ സംഭവിക്കാവുന്ന കാര്യമാണ്. അതല്ലാതെ ലാന്‍ഡിംഗില്‍ മറ്റു പ്രശ്‌നങ്ങളോ സുരക്ഷാ വീഴ്ചയോ ഇല്ല. ഇക്കാര്യത്തില്‍ പൊലീസിന് യാതൊരു പങ്കുമില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ ഹെലിപാഡ് തയാറാക്കിയത്. ഇന്നലെ രാത്രി വൈകിയാണ് കോണ്‍ക്രീറ്റ് ചെയതത്. അവിടെ ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവരുടെ സാന്നിധ്യത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തത്.
ഇന്നു രാവിലെയോടെയാണ് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയത്. കോണ്‍ക്രീറ്റ് പൂര്‍ത്തിയായാല്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും അത് ഉറയ്ക്കുന്നതിന് ആവശ്യമാണ്. എന്നാല്‍ ആ സമയ പരിധിക്കുള്ളില്‍ ഉറയ്ക്കാത്ത ഹെലിപാഡില്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനില്‍ രാത്രി തങ്ങിയ ശേഷം ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് 8.40ന് പ്രമാടത്ത് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് പമ്പയിലെത്തി പമ്പാ സ്‌നാനം നടത്തി ഗണപതി ക്ഷേത്രത്തില്‍ കെട്ടു നിറച്ച് മലകയറുകയായിരുന്നു.
നേരത്തെ ട്രയല്‍ റണ്‍ നടത്തിയ ആറോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാഷ്ട്രപതി ശബരിമല സന്നിധാനത്തെത്തി പതിനെട്ടാം പടി ചവിട്ടി അയ്യപ്പ സന്നിധിയിലെത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ സജ്ജമാക്കിയ സ്വാമി അയ്യപ്പന്‍ റോഡുവഴിയാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സന്നിധാനത്തേക്കു നീങ്ങിയത്.
പമ്പയില്‍ നിന്ന് 20 മിനിട്ടുകൊണ്ട് കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും നിറഞ്ഞ വഴി താണ്ടി രാഷ്ട്രപതി സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തിയ രാഷ്ട്രപതിയെ തന്ത്രി മഹേഷ് മോഹനര് പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചു. മന്ത്രി വിഎന്‍ വാസവന്‍, ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, മറ്റ് അംഗങ്ങള്‍, ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് ശ്രീകോവിലിനു മുന്നിലെത്തി ദര്‍ശനം നടത്തുകയായിരുന്നു. ദര്‍ശനത്തിനു ശേഷം സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിലാണ് രാഷ്ട്രപതി വിശ്രമിച്ചത്.





