ന്യൂഡൽഹി: വിദേശ പൗരന്മാർക്കായി ഇന്ത്യയിലേക്കുള്ള വിസ, താമസം, രജിസ്‌ട്രേഷൻ നിയമങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണായക മാറ്റങ്ങൾ വരുത്തി. പുതുതായി വിജ്ഞാപനം ചെയ്‌ത ‘ഇമിഗ്രേഷൻ ആൻ്റ് ഫോറിനേഴ്‌സ് റൂൾസ്, 2025’ പ്രകാരമാണ് ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വിദേശികളുടെ രജിസ്‌ട്രേഷൻ നടപടികൾ കർശനമാക്കുന്നതിനൊപ്പം, വിദേശികളായ ദമ്പതികൾക്ക് ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ചില ആശ്വാസകരമായ ഇളവുകളും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്
180 ദിവസത്തെ വിസ റൂളിൽ മാറ്റം
മുൻപുണ്ടായിരുന്ന നിയമപ്രകാരം, 180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക്, തങ്ങളുടെ താമസകാലാവധി നീട്ടണമെന്നുണ്ടെങ്കിൽ ഇന്ത്യയിലെത്തി 180 ദിവസം കഴിഞ്ഞ് ’14 ദിവസത്തിനകം’ രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച്, വിസാ കാലാവധി കഴിഞ്ഞ് തുടരാൻ ആഗ്രഹിക്കുന്നവർ 180 ദിവസം തികയുന്നതിന് മുൻപ് തന്നെ (നിർബന്ധമായും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ മാത്രം അനുമതി
180 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള വിസയുള്ളവരും എന്നാൽ “ഒരു തവണത്തെ താമസം 180 ദിവസത്തിൽ കൂടരുത്” എന്ന നിബന്ധനയുള്ളവരുമായ വിദേശികൾക്ക് പുതിയ നിയമം കർശനമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവർ ഒരൊറ്റ സന്ദർശനത്തിലോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തിലോ 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ കാലാവധി തീരുന്നതിന് മുൻപ് തന്നെ രജിസ്റ്റർ ചെയ്യണം. എന്നാൽ ഇത്തരം രജിസ്‌ട്രേഷനുകൾ ‘അത്യന്തം അടിയന്തര സാഹചര്യങ്ങളിൽ’ മാത്രമേ ഇനി മുതൽ അനുവദിക്കുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
കുട്ടികളുടെ വിസ നടപടികളിൽ വലിയ ഇളവ്
ഇന്ത്യയിൽ ജനിക്കുന്ന വിദേശ കുട്ടികളുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന സങ്കീർണമായ ഒരു നിയമത്തിലാണ് സർക്കാർ ഇളവ് വരുത്തിയത്. മുൻപ്, മാതാപിതാക്കളിൽ ആരെങ്കിലും ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ വിദേശികളാണെങ്കിൽ, ഇന്ത്യയിൽ കുട്ടി ജനിച്ച് 30 ദിവസത്തിനകം പുതിയ വിസയ്‌ക്കോ എക്സിറ്റ് പെർമിറ്റിനായോ ഓൺലൈൻ പോർട്ടൽ വഴി ഇമിഗ്രേഷൻ ഓഫീസറെ വിവരമറിയിക്കണമായിരുന്നു.
എന്നാൽ പുതിയ നിയമപ്രകാരം, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും, അവർ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ 30 ദിവസത്തെ നിർബന്ധിത ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല. അതേസമയം, കുട്ടി പിന്നീട് ഇന്ത്യയിൽ വെച്ച് ഏതെങ്കിലും വിദേശ രാജ്യത്തിൻ്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, അതിന് പിന്നാലെ 30 ദിവസത്തിനകം ഇമിഗ്രേഷൻ ഓഫീസറെ വിവരമറിയിക്കേണ്ടതുണ്ട്.
ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും പുതിയ നിർദേശം
വിദേശികൾക്ക് ചികിത്സയോ താമസസൗകര്യമോ നൽകുന്ന രാജ്യത്തെ എല്ലാ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ അധികൃതർക്ക് നൽകേണ്ട റിപ്പോർട്ടുകളിലും ഭരണപരമായ നടപടിക്രമങ്ങളിലും പുതിയ വിജ്ഞാപനം പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെയും ഇമിഗ്രേഷൻ നടപടികൾ സുതാര്യമാക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഈ നീക്കം. വിദേശികളുടെ താമസം കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ പുതിയ ചട്ടങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.





