2025-26 മാർക്കറ്റിങ് വർഷത്തിൽ ഇന്ത്യ കയറ്റുമതി ചെയ്‌തത് 2.01 ലക്ഷം ടൺ പഞ്ചസാര. കണക്ക് പുറത്ത് വിട്ട് എഐഎസ്‌ടിഎ.
ന്യൂഡൽഹി: ഈ വർഷം ഫെബ്രുവരി വരെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്‌തത് 201,547 ടൺ പഞ്ചസാര. 2025-26 മാർക്കറ്റിങ് വർഷത്തിലെ കണക്കാണ് അസോസിയേഷൻ പുറത്ത് വിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് (യുഎഇ) ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സ്ഥലമെന്ന് ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ (എഐഎസ്‌ടിഎ) അറിയിച്ചു.
കണക്കനുസരിച്ച്, വെളുത്ത പഞ്ചസാര 163,000 ടൺ കയറ്റുമതി ചെയ്‌തു. അതേസമയം സംസ്‌കരിച്ച പഞ്ചസാര 37,638 ടൺ മാത്രമാണ് കയറ്റുമതി ചെയ്‌തത്. 47,006 ടൺ പഞ്ചസാരയാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്‌തത്. തൊട്ടുപിന്നാലെ അഫ്‌ഗാനിസ്ഥാൻ (46,163 ടൺ), ജിബൂട്ടി (30,147 ടൺ), ഭൂട്ടാൻ (20,017 ടൺ) എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 2025-26 മാർക്കറ്റിങ് വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉത്‌പാദനം 13 ശതമാനം വർധിച്ച് 29.6 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷ.
കൂടാതെ സന്നദ്ധ മില്ലുകൾക്ക് ആനുപാതികമായി 500,000 ടൺ അധിക കയറ്റുമതി അനുവദിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ വ്യാപാര സംഘടന സ്വാഗതം ചെയ്‌തു. അതേസമയം മില്ലുകൾക്കിടയിൽ കൈമാറ്റം ചെയ്യാവുന്ന പ്രാരംഭ 1.5 ദശലക്ഷം ടൺ ക്വാട്ടയിൽ നിന്ന് വ്യത്യസ്‌തമായി, പുതിയ വിഹിതം മാറ്റാൻ കഴിയില്ലെന്ന് എഐഎസ്‌ടിഎ വ്യക്തമാക്കി. ഈ ദ്വിതല സംവിധാനം പഞ്ചസാരയുടെ കയറ്റുമതിക്ക് ഒരു പരിധിവരെ സഹായകമാകുമെന്നും നിലവിൽ മില്ലുകൾക്ക് പ്രീമിയം നൽകേണ്ടതില്ലെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
കരിമ്പ് ഉത്‌പാദനം കുറയാൻ സാധ്യത
വേനൽക്കാലമായാൽ കരിമ്പ് ഉത്‌പാദനം കുറയാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ പ്രധാന കരിമ്പ് ഉത്‌പാദന പ്രദേശങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം 2023ൽ പഞ്ചസാരയുടെ കയറ്റുമതിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് കരിമ്പ് കൃഷി ഏറ്റവും കൂടുതലുള്ള സംസ്ഥാനം കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവയാണ്.
എന്നാൽ മഴ കുറഞ്ഞാൽ കരിമ്പ് ഉത്‌പാദനത്തെ വലിയ തോതിൽ ബാധിക്കും. പഞ്ചസാര ഉത്‌പാദനത്തില്‍ കുറവ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ ഇത്തരം വ്യവസായത്തിലെ നിക്ഷേപകരുടെ താത്‌പര്യം നഷ്‌ടപ്പെടുത്തിയേക്കാം. ഇന്ത്യയിലെ വരുമാനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് കരിമ്പ് വ്യവസായം. കരിമ്പ് ഉത്‌പാദനത്തിലെ കുറവും പെട്രോള്‍ അടക്കമുള്ള മറ്റ് അവശ്യ വസ്‌തുക്കളുടെ വില വര്‍ധനയും ജനങ്ങളെ കൂടുതല്‍ വലയ്‌ക്കും.







