പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കും.
ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നു. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ല. വർഗീയമല്ലാത്ത വലിയ ന്യൂനപക്ഷം കേരളത്തിൽ ഉണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കണം. ഹിന്ദുത്വ നേതൃത്വത്തിന്റെ കാലത്ത് അത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. ഇത് കമ്മ്യൂണിസ്റ്റുകാർ മറന്നുപോകുന്നുവെന്നും സച്ചിദാനന്ദൻ പറയുന്നു.







