കേന്ദ്രത്തിന്‍റെ നോട്ടിസിന് മറുപടി സമർപ്പിച്ച് വാട്ട്‌സ്‌ആപ്പ്:

0
37

ന്യൂഡൽഹി: യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ അയച്ച നോട്ടിസിന് വാട്ട്‌സ്ആപ്പ് മറുപടി നൽകി. പ്രതികരണം നിലവിൽ കേന്ദ്ര സർക്കാർ പരിശോധിച്ച് വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. അപരിചിതർക്ക് ഫോൺ നമ്പറുകൾ നൽകാതെ ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന വാട്ട്‌സ്‌ആപ്പിന്‍റെ യൂസർനെയിം ഫീച്ചർ തട്ടിപ്പ് സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം വാട്ട്‌സ്‌ആപ്പിന്‍റെ മാതൃകമ്പനിയായ മെറ്റയ്‌ക്ക് നോട്ടിസ് അയച്ചത്.

പുതിയ ഫീച്ചറിന്‍റെ പ്രവർത്തനത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വിശദമായ മറുപടി നൽകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ അന്തിമ തീരുമാനമാകുന്നത് വരെ ഫീച്ചറിന് രാജ്യത്ത് താത്‌ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വാട്ട്‌സ്ആപ്പിന്‍റെ യൂസര്‍നെയിം ഫീച്ചർ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾക്കും ആൾമാറാട്ട തട്ടിപ്പുകൾക്കും കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നോട്ടിസ് അയച്ചത്.

മറുപടി സമർപ്പിക്കാൻ വാട്ട്‌സ്ആപ്പ് കൂടുതൽ സമയം തേടിയിരുന്നു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ പുതിയ ഫീച്ചർ പുറത്തിറക്കില്ലെന്ന് സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഐടി മന്ത്രാലയത്തിന് മറുപടി സമർപ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും, നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ആൾമാറാട്ട സാധ്യത വർധിപ്പിക്കുമെന്നും വഞ്ചനയ്ക്കുള്ള അവസരങ്ങൾ സൃഷ്‌ട്ടിക്കുമെന്നുമുള്ള ആശങ്ക സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നു. ഔദ്യോഗിക ഏജൻസികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉപയോക്തൃനാമങ്ങൾ സ്വീകരിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിച്ചേക്കാമെന്നും ഇത് പൊതുസുരക്ഷയെ പ്രതികൂലമായി ബാധിക്കാമെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് വാട്ട്‌സ്‌ആപ്പ് യൂസർനെയിം ഫീച്ചർ?
മറ്റൊരാൾക്ക് മൊബൈൽ നമ്പർ നൽകാതെ തന്നെ ‘യൂസർനെയിം’ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ടെലിഗ്രാം ഐഡി പങ്കിടുന്നതിന് സമാനമായിരിക്കും ഇത്. മൊബൈൽ നമ്പർ നൽകേണ്ട ആവശ്യമില്ല. പകരം യൂസർനെയിം മാത്രം നൽകിയാൽ മതി. യൂസർനെയിം ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും.

ഒരു വാട്ട്‌സ്‌ആപ്പ് ഉപയോക്താവിന് ഫോൺ നമ്പറിന് പകരം നൽകുന്ന യൂസർനെയിം തെരഞ്ഞാൽ മറ്റൊരാൾക്ക് അക്കൗണ്ട് കണ്ടെത്താനും സന്ദേശങ്ങൾ അയയ്‌ക്കാനും സാധിക്കുമെന്നും വാട്ട്‌സ്‌ആപ്പ് പറയുന്നു. കേന്ദ്ര സർക്കാർ ആശങ്കകൾ ചൂണ്ടിക്കാട്ടുമ്പോഴും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മാർഗമായാണ് മെറ്റ യൂസർനെയിം ഫീച്ചർ അവതരിപ്പിച്ചത്.

സർക്കാർ ആശങ്ക ഉയർത്തിയതിന് പിന്നാലെ യൂസർനെയിം ഫീച്ചറിന്‍റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണവുമായി മെറ്റ FAQs പുറത്തിറക്കിയിരുന്നു. ഉപയോക്താക്കളിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിശദമായ ഉത്തരങ്ങൾ അടങ്ങുന്നതാണ് FAQs.

ടെലിഗ്രാമിനും സിഗ്നലിനും നോട്ടിസ്
യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി വാട്ട്‌സ്‌ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാർ നോട്ടിസ് അയച്ചിരുന്നു. ആൾമാറാട്ടം, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇത്തരം ഫീച്ചറുകൾ വഴിവെച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. ഇത്തരം തട്ടിപ്പുകൾ തടയാൻ ആപ്പുകൾ സ്വീകരിക്കുന്ന മുൻകരുതലുകളെ കുറിച്ച് വിശദമാക്കാനാണ് കേന്ദ്ര ഐടി മന്ത്രാലയം നോട്ടിസിൽ ആവശ്യപ്പെട്ടത്. മറുപടി നൽകാൻ രണ്ട് പ്ലാറ്റ്‌ഫോമുകൾക്കും സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here