വൃത്തിയെക്കുറിച്ചും ഹരിത ഓണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാൻ സംസ്ഥാന വ്യാപകമായി പ്രയാണമാരംഭിച്ച് ശുചിത്വ മിഷൻ്റെ മോവേലി.
കണ്ണൂര്‍: ‘ഈ ഓണം ഹരിത ഓണം’ എന്ന സന്ദേശം നല്‍കി സംസ്ഥാന വ്യാപകമായി പ്രചാരണ യാത്രക്ക് തുടക്കം കുറിച്ച് ശുചിത്വ മിഷൻ. വൃത്തിയുടെ ചക്രവര്‍ത്തികൂടിയായ ‘മാവേലി’ ഇത്തവണത്തെ ഓണത്തിന് ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രജകള്‍ക്ക് ബോധവത്കരണം നൽകും. വൃത്തിയെക്കുറിച്ചും ഹരിത ഓണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാൻ സംസ്ഥാന വ്യാപകമായി പതിനാല് ജില്ലകളിലും പ്രയാണമാരംഭിച്ചിരിക്കയാണ് നമ്മുടെ മോവേലി മന്നൻ.
വിവിധ ജില്ലകളിൽ മാവേലിമാര്‍ നഗര-ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചാരം നടത്തും. സെപ്‌തംബര്‍ രണ്ട് വരെയാണ് ഈ ഓണക്കാലത്തെ ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നൽകുന്ന മാവേലിയുടെ സന്ദര്‍ശനം. വെറും സന്ദര്‍ശനം മാത്രമല്ല മാവേലി വേഷം കെട്ടിയ ‘ചക്രവര്‍ത്തി ‘ ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ കൂടി നിന്നവരോട് ചോദിക്കും. ശരിയുത്തരം നല്‍കുന്നവര്‍ക്ക് മാവേലി തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാതലത്തില്‍ ശുചിത്വ മിഷനാണ് ഇത്തരമൊരു വേറിട്ട പരിപാടി ഓണക്കാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം പോലുള്ള രോഗം പിടിപെട്ട് മരണം സംഭവിക്കുന്ന സാഹചര്യം നിലനില്‍ക്കെ ഈ ഓണക്കാലത്ത് മാവേലിയുടെ വേഷത്തില്‍ ശുചിത്വ സന്ദേശം നൽകുന്നത് ഏറെ പ്രസക്തമാണ്. അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ടാല്‍ 97 ശതമാനം വരെ മരണ നിരക്ക് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടികിടക്കുന്ന ജലവും മലിന ജലവുമാണ് രോഗാണുക്കളുടെ കേന്ദ്രം. മലിന ജലം മൂക്കിലൂടെ പ്രവേശിച്ച് രോഗാണുക്കള്‍ തലച്ചോറിലെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് മുതല്‍ ഒൻപത് ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. രോഗത്തിൻ്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കിണര്‍ വെള്ളം പോലും ശ്രദ്ധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മൂക്കിലൂടെ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരിക്കുന്നു. കേരളം ഇത്തരം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ അവസരത്തില്‍ ശുചിത്വ മിഷൻ്റെ മാവേലിയുടെ സന്ദേശം ഏറെ പ്രസക്തമാണ്.
ഓണാഘോഷത്തിൻ്റെ ഭാഗമായി കേരളമെങ്ങും ജൈവ-അജൈവ മാലിന്യങ്ങള്‍ നിറയുന്നത് പതിവായിരുന്നു. അതിന് കടഞ്ഞാണിടാന്‍ മാവേലിയുടെ നഗര-ഗ്രാമ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് ശുചിത്വ മിഷൻ്റെ വിലയിരുത്തൽ. നഗരങ്ങളിലും ഗ്രാമങ്ങളിലെ കവലകളിലും ഇറങ്ങി വൃത്തിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് മിഷൻ്റെ ഉദ്ദേശം. മാവേലി പോകുന്നിടത്തെല്ലാം ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ശുചിത്വ പ്രചാരണവുമായി മാവേലി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. കണ്ണൂർ ജില്ലയിൽ മാവേലിയുടെ വേഷം കെട്ടിയത് ഒരു സ്ത്രീയാണെന്നുള്ളതും കൗതുകം വർധിപ്പിച്ചു. ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയന്‍ പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്‌തു. അസി. കലക്‌ടര്‍ എഹ്‌തെദാ മുഹസിര്‍ മുഖ്യാതിഥിയായി. ജില്ലാ ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍. കെ. എം. സുനില്‍ കുമാര്‍ ഹരിത കേരളം പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.






