വലതുകാലിനും മുഖത്തും പരിക്കേറ്റ പുലി ഏഴ് മാസത്തെ ചികിത്സയ്ക്കുശേഷം ഭേദമായി. ചികിത്സയുടെ ഭാഗമായി തൃശൂർ സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിലായിരുന്നു.
റെമോ’ എന്ന പേര് കേൾക്കുമ്പോൾ തമിഴ് സിനിമയിലെ വിക്രം കഥാപാത്രത്തെയാണ് ഓർമ വരികയെങ്കിലും കാസർകോട് ജില്ലയെ ഒന്നര വർഷത്തോളം വിറപ്പിച്ച ഒരു ‘കില്ലാഡി റെമോ’ ഉണ്ട്. കാസർകോട് ജില്ലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയ പുള്ളിപ്പുലിയാണ് ഈ റെമോ. എങ്കിലും ഇപ്പോൾ ആളൊരു പാവമായി മാറിയിരിക്കുന്നു.
പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച ഈ പുലി തുടക്കത്തിൽ അക്രമാസക്തനായിരുന്നുവെന്ന് വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാർ പറയുന്നു. സ്വന്തം വാൽ കടിച്ചുമുറിച്ച് മുറിവേൽപിച്ച പുലിയുടെ പരുക്കുകൾ ചികിത്സയിലൂടെ ഭേദമായി. ചികിത്സ പൂർത്തിയാക്കിയ ശേഷം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷം റെമോയെ പാർക്കിലേക്ക് മാറ്റും.
മാർച്ച് 26ന് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ ആവലുങ്കാലിൽ വനംവകുപ്പ് കൂട് വച്ച് പിടികൂടിയ പുലിയെയാണ് പരുക്കുകളെ തുടർന്ന് തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. കഴിഞ്ഞ ഫെബ്രുവരി 5ന് കൊളത്തൂർ മടന്തക്കോട് മാളത്തിൽ മുള്ളൻപന്നിക്ക് വച്ച ഇരുമ്പ് കേബിൾ കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് മുൻഭാഗത്തെ വലതുകാലിന് പരിക്കേറ്റിരുന്നു. ഇതിനുപുറമെ, കൂട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഖത്തും സാരമായി പരുക്കേറ്റതിനാലാണ് വനംവകുപ്പ് ചീഫ് കൺസർവേറ്റർൻ്റെ അനുമതി വാങ്ങി ചികിത്സയ്ക്കായി സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്
മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടർമാർ പരിശോധിച്ച ശേഷം കഴിഞ്ഞ 7 മാസമായി പുലി സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയെ തുടർന്ന് റെമോയുടെ പരുക്കുകൾ പൂർണമായും ഭേദമായി. പാർക്ക് അധികൃതരാണ് ഏകദേശം 6 വയസ് പ്രായമുള്ള ഈ ആൺപുലിക്ക് റെമോ എന്ന് പേരിട്ടത്.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം നടപടികൾ പൂർത്തിയാക്കി കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയോടെ പാർക്കിൽ തുറന്നുവിടാനാണ് തീരുമാനം. റെമോയെ കൂടാതെ വയനാട്ടിൽ നിന്നെത്തിച്ച ഒരു പുലിയും തൃശൂർ മൃഗശാലയിൽ നിന്നു മാറ്റിയ പുലിയും ഇവിടെയുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കായ പുത്തൂർ പാർക്ക് മുന്നൂറിലധികം ഏക്കർ ഭൂമിയിലാണ് ഒരുക്കിയിട്ടുള്ളത്.
ജനുവരി ഒന്ന് മുതലാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പൂർണമായും പ്രവേശനം അനുവദിക്കുക. എന്നാൽ ഇന്നുമുതൽ രണ്ട് മാസത്തേക്ക് നേരത്തെ കൂട്ടി ബുക്ക് ചെയ്യുന്ന നിശ്ചിത ആളുകൾക്ക് മാത്രമാകും പ്രവേശനം നൽകുക. തൃശൂർ മൃഗശാലയിലെ മൃഗങ്ങൾക്ക് പുറമെ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും പോലും മൃഗങ്ങളെ ഇവിടെ എത്തിക്കും.





