സംസ്ഥാനത്ത് വീണ്ടും ആശങ്ക, അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
42

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് രണ്ട് മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസുകാരിയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിണറിലെ വെള്ളത്തിൽ നിന്നാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം പിടിപ്പെട്ടത് എന്ന് സ്ഥിരീകരിച്ചിരുന്നു. ഓഗസ്‌റ്റ് എട്ട് മുതൽ മാതൃശിശു വിഭാഗം ഐസിയുവിൽ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാസ്ഥയിൽ തുടരുന്നതിനിടെയാണ് മരണം.

മലപ്പുറം വേങ്ങര സ്വദേശി റംല (52) ക്ക് ഓഗസ്‌റ്റ് ഒന്നിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയ അവരെ പിന്നീട്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഏഴ് പേർ കൂടി രോഗം പിടിപെട്ട് ചികിത്സയിലുണ്ട്. രോഗ ബാധയെത്തുടര്‍ന്ന് താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ സ്വദേശി ഒമ്പതു വയസുകാരി അനയ കഴിഞ്ഞ മാസം മരണമടഞ്ഞിരുന്നു. കുട്ടിയുടെ സഹോദരനടക്കമുള്ളവരാണ് ചികിത്സയിലുള്ളത്. മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരൻ, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരൻ, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരൻ, വയനാട് ബത്തേരി സ്വദേശിയായ 45-കാരൻ പന്തീരാങ്കാവ് സ്വദേശിയായ 43 കാരി എന്നിവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗത്തിൻ്റെ ഉറവിടം കൃത്യമായി മനസിലാക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. എന്നാൽ മരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ള ചിലർ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ ഉറവിടത്തിൻ്റെ കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതേസമയം, ആരോഗ്യ വകുപ്പിൻ്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2025ല്‍ ഇതുവരെ 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. 97 ശതമാനമാണ് ഇതിൻ്റെ മരണ നിരക്കെന്നും ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം?

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്‌തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രോഗലക്ഷണങ്ങൾ

അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയിൽ എത്തുന്നത്. മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയിട്ടും രോഗം ഭേദമാകാത്ത സാഹചര്യത്തിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന് തിരിച്ചറിയാൻ സ്രവ പരിശോധന നടത്തുന്നത്.

മെനിഞ്ചൈറ്റിസ് തലച്ചോറിനെയും സുഷുമ്നാ നാഡിയെയും പൊതിയുന്ന നേരിയ സ്തരത്തിനുണ്ടാകുന്ന വീക്കമാണ്. വൈറൽ, ബാക്ടീരിയൽ, ഫംഗൽ എന്നിങ്ങനെ വിവിധ തരം മെനിഞ്ചൈറ്റിസുകളുണ്ട്. ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ഗുരുതരമായതിനാൽ അടിയന്തര ചികിത്സ ആവശ്യമാണ്. രോഗം വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത് പ്രധാനമാണെന്ന് ഡോ. ഗീത പി. ഇടിവി ഭാരതി

ഇത് എങ്ങനെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here