പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ മരം നടുന്നു, വളരുന്നതൊന്നിച്ച്; ചന്ദനമരങ്ങളില്‍ ‘സേവിങ്‌സ്’, വേറിട്ടൊരു നാട്

0
28

പെണ്‍ഭ്രൂണഹത്യകള്‍ നടന്നിരുന്നൊരു ഭൂതകാലമുണ്ടായിരുന്നു നമ്മുടെ നാടിന്. പെണ്‍കുഞ്ഞുങ്ങളുടെ ജനനം വെറുത്തിരുന്ന ചില സമൂഹങ്ങള്‍. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗം മനസിലാക്കി നടത്തിയിരുന്ന പച്ചയായ കൊലപാതങ്ങളെന്നേ ഈ ഹീനകൃത്യത്തെ വിളിക്കാനാകൂ. കാലം പോകെ കാര്യങ്ങള്‍ സിംഹഭാഗവും പുരോഗമിച്ചു. എങ്കിലും ഇന്നും പെണ്‍കുട്ടികളുടെ ജനനം അത്രകണ്ട് ആഘോഷമാക്കാത്ത പല സമൂഹവും നമ്മുടെ രാജ്യത്തുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പെൺകുട്ടികളുടെ ജനനം ആഘോഷിക്കാത്ത ഒരു സമൂഹത്തിൽ, ബിഹാറിലെ വൈശാലിയിലെ ബിദുപൂർ ബ്ലോക്കിലെ പകൗളി ഗ്രാമം വ്യത്യസ്‌തമാകുകയാണ്. ഈ ഗ്രാമത്തില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും ആഘോഷിക്കപ്പെടുകയാണ്. കുഞ്ഞിന്‍റെ ജനനം ഒരു ചന്ദനമരം നട്ടുകൊണ്ട് ആഘോഷിക്കുകയാണ് ഇവിടുത്തുകാർ. കുട്ടിയ്‌ക്കൊപ്പം ഈ മരവും വളരുന്നു. വിദ്യാഭ്യാസം, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് ഈ മരം ഉപയോഗപ്പെടും.

“എന്‍റെ വിവാഹത്തിന് ചന്ദനമരം വിറ്റാണ് അച്ഛൻ പണം കണ്ടെത്തിയത്. എന്‍റെ അച്ഛൻ ജനിച്ച സമയത്ത് മുത്തശ്ശിയും വീട്ടുമുറ്റത്ത് ചന്ദനമരം നട്ടിരുന്നു. ഈ പാരമ്പര്യം ഞങ്ങള്‍ വർഷങ്ങളായി തുടർന്ന് പോരുന്നു. മരങ്ങളും ഞങ്ങളും സഹോദരങ്ങളെ പോലെയാണ് വളരുന്നത്. ഈ മരങ്ങളോടൊക്കെ പ്രത്യേകമായൊരു അടുപ്പമുണ്ട്.’ -28കാരിയായ സ്വാതി പറഞ്ഞു. തന്‍റെ അച്ഛൻ കാമാഖ്യ സിങ്ങിന്‍റെ ജനന സമയത്ത് നട്ട ചന്ദനമരം അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപകരിക്കപ്പെട്ടു എന്നും സ്വാതി കൂട്ടിച്ചേർത്തു.

പട്‌നയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ഏകദേശം 700 വീടുകളുണ്ട്, 4,000 പേരാണ് ഉള്ളത്. എല്ലാ വീടുകളുടെയും മുന്നിൽ ചന്ദനമരങ്ങൾ കാണാം. പകൗലിയിൽ അവയുടെ എണ്ണം 900-ന് അടുത്താണ്. ചന്ദനമരങ്ങളുടെ വളർച്ചയ്ക്ക് ബിഹാറിലെ മണ്ണ് അനുയോജ്യമല്ലെന്ന് പറയുമ്പോഴും ബിദുപൂർ വ്യത്യസ്‌തമാകുകയാണ്. ബിദുപൂരിലെ ഗ്രാമങ്ങളിലൊക്കെ ചന്ദനം സമൃദ്ധമായി വളരുന്നു. പകൗലിയിൽ പെണ്‍കുട്ടിയുടെ ജനനസമയത്താണ് ചന്ദനമരങ്ങള്‍ നടുന്നത്. ഈ പാരമ്പര്യം എത്ര കാലമായി തുടരുന്നുവെന്ന് ആർക്കും അറിയില്ല.

‘മരം ഉണങ്ങാതിരിക്കാനും മോഷ്‌ടിക്കപ്പെടാതിരിക്കാനും ഞങ്ങൾ അത്രയേറെ ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപയോഗപ്രദമാകുന്ന രണ്ട് ചന്ദനമരങ്ങൾ ഞങ്ങൾ നടും.’ -അടുത്തിടെ ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛനായ സുധാകർ സിങ് പറഞ്ഞു.

‘ഞാൻ ജനിച്ചപ്പോള്‍ എന്‍റെ അച്ഛൻ ഒരു ചന്ദനമരം നട്ടു. എന്നോടൊപ്പം മരവും വളർന്നു. എന്‍റെ തുടർപഠനത്തിനായി മരം വില്‍ക്കുമെന്നാണ് അച്ഛൻ പറഞ്ഞത്.’ -21കാരി രൗഷിക പറഞ്ഞതിങ്ങനെയാണ്. ‘ഞങ്ങളുടെ നാട്ടില്‍ ചന്ദനമരത്തെ ആളുകള്‍ ബഹുമാനിക്കുന്നു. ആ മരത്തെ ആരാധിക്കുന്നു എന്നുവേണമെങ്കിലും പറയാം. പെണ്‍മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ഉറപ്പ് നല്‍കുന്ന ഒരുതരം സാമ്പത്തിക സുരക്ഷയാണ് ഈ ചന്ദനമരങ്ങള്‍’ – രൗഷികയുടെ അച്ഛൻ വിനോദ് കുമാർ സിങ് പറഞ്ഞു.

തനിക്ക് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ മീരാദേവി ചന്ദനമരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. മകളുടെ വിവാഹത്തിനായി ഒരെണ്ണം അവർ വിറ്റു. മകന്‍റെ വിദ്യാഭ്യാസത്തിനായി രണ്ട് വലിയ ചന്ദനമരങ്ങള്‍ അവർ സൂക്ഷിച്ചിട്ടുണ്ട്. തന്‍റെ പിതാവിന്‍റെ സഹോദരിയുടെ വിവാഹത്തിനായി രണ്ടോ മൂന്നോ ചന്ദനമരങ്ങള്‍ തന്‍റെ അച്ഛൻ വിറ്റതിനെ കുറിച്ചാണ് വരുണ്‍ കുമാർ പറഞ്ഞത്.

രസകരമായ കാര്യം ഇതൊന്നുമല്ല, ഇവരാരും ചന്ദന തൈകള്‍ നഴ്‌സറികളില്‍ നിന്ന് വാങ്ങിയല്ല നട്ടുപിടിപ്പിച്ചത്. തത്തകള്‍ കൊത്തിക്കൊണ്ട് വരുന്ന വിത്തുകള്‍ വീണ് മുളക്കുന്നിടങ്ങളില്‍ നിന്നാണ് ഇവർ തൈകള്‍ ശേഖരിക്കുന്നത്. ഈ മരങ്ങള്‍ ഗ്രാമവാസികളുടെ സന്തോഷത്തിലും സങ്കടത്തിലും ഒരു കുടുംബാംഗത്തെ പോലെ ഒപ്പമുണ്ടെന്ന് ഗ്രാമത്തിലെ മൂപ്പന്മാരില്‍ ഒരാളായ ശംഭു പറഞ്ഞു.

‘മലയഗിരി ചന്ദനമരങ്ങൾ ഇവിടെയുണ്ട്. വളരെക്കാലം നിലനിൽക്കുന്ന സൗമ്യവും ആകർഷകവുമായ സുഗന്ധമാണ് അവയുടെ പ്രത്യേകത. തിലകം ഇടുന്നത് പോലുള്ള പുണ്യകർമ്മങ്ങളിലും ചർമ്മ സംരക്ഷണ ഉത്‌പന്നങ്ങൾ നിർമിക്കുമ്പോഴും ചന്ദനം ഉപയോഗിക്കാറുണ്ട്,’ -മീരാദേവി വിശദീകരിച്ചു.

ഒരു തൈയ്ക്ക് 100 രൂപയോ അതിൽ കൂടുതലോ വിലയുണ്ട്. 10 മുതൽ 12 വർഷത്തിനുള്ളിൽ ഈ മരം അതിന്‍റെ പരമാവധി വളർച്ച കൈവരിക്കുന്നു. മരം എത്രത്തോളം പഴക്കമുള്ളതാണോ അത്രയും വില കൂടുതലാണ്. 50,000 മുതൽ 2 ലക്ഷം രൂപ വരെ വിലവരും. വാങ്ങുന്നവരിൽ ഭൂരിഭാഗവും ഹരിയാനയിൽ നിന്നാണ്.’ -ഗ്രാമവാസികളിൽ ഒരാളായ രഞ്ജിത് കുമാർ പറഞ്ഞു.

‘ചന്ദനം ശുഭകരമായി കണക്കാക്കപ്പെടുന്നു. വിവാഹ ചടങ്ങുകളിലും അന്ത്യകർമങ്ങളിലും ഉൾപ്പെടെ വിവിധ അവസരങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഇത് വളരെ സുഗന്ധമുള്ള ഒരു വൃക്ഷമാണ്.’ -കൃഷി ഗവേഷകനായ സൗരഭ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here