തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളുമായി സംസ്ഥാന മന്ത്രിസഭ. 436 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തികകൾ സൃഷ്ടിക്കാനും മറ്റ് പ്രധാന ഭരണ നടപടികൾക്കും മന്ത്രിസഭ യോഗം അംഗീകാരം നൽകി.
സംസ്ഥാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികകൾ നിലവിൽ ഇല്ലാത്ത 436 പഞ്ചായത്തുകളിൽ താത്കാലിക തസ്തികകൾ സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് തീരുമാനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് സർക്കാർ അനുമതിയും നൽകി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.
ഇതിനൊപ്പം, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (KMML) സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60 വയസായി ഉയർത്താനും മന്ത്രിസഭ അംഗീകാരം നൽകി.
സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി സ്ഥാപനത്തിന്റെ കടമെടുപ്പ് പരിധി 2500 കോടിയിൽ നിന്ന് 3500 കോടി രൂപയായി ഉയർത്താനും യോഗം തീരുമാനിച്ചു.
പി.എസ്.സിയിലും ജുഡീഷ്യറിയിലും പുതിയ തസ്തികകൾ
സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനിൽ (PSC) 35 പുതിയ തസ്തികകൾ സൃഷ്ടിക്കും.
ജോയിന്റ് സെക്രട്ടറി – 1
അണ്ടർ സെക്രട്ടറി – 3
സെക്ഷൻ ഓഫീസർ – 6
അസിസ്റ്റന്റ് – 18
സിസ്റ്റം മാനേജർ – 1
നെറ്റ് വർക്ക് എൻജിനിയർ – 1
സിസ്റ്റം അനലിസ്റ്റ് – 1
അസിസ്റ്റന്റ് ഹാർഡ്‌വെയർ എൻജിനിയർ – 2
സെക്യൂരിറ്റി ഗാർഡ് (ദിവസവേതനം) – 2
അതേസമയം ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 തസ്തികകൾ കൂടി സൃഷ്ടിക്കും.
ജൂനിയർ സൂപ്രണ്ട് – 18
ബെഞ്ച് ക്ലാർക്ക് – 8
ജൂനിയർ സൂപ്രണ്ട് & ഹെഡ് ക്ലാർക്ക് – 3
ക്ലാർക്ക് – 23
ശമ്പള പരിഷ്കരണങ്ങളും മറ്റ് തീരുമാനങ്ങളും
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു.
അതുപോലെ എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അധ്യാപകർക്ക് എ.ഐ.സി.ടി.ഇ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കാനും വ്യവസ്ഥകളോടെ അംഗീകാരം നൽകി.
നഗരകാര്യ വകുപ്പിൽ നിന്ന് പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉണ്ടായ വൈകല്യം കാരണം ജോലി അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിന് തദ്ദേശസ്വയംഭരണ വകുപ്പിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ എറണാകുളം ജില്ലയിൽ നിയമനം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
കരാർ കാലാവധി ദീർഘിപ്പിച്ചു
ചില പ്രധാന സ്ഥാപനങ്ങളിലെ മേധാവികളുടെ കാലാവധിയും മന്ത്രിസഭ ദീർഘിപ്പിച്ചു.
കെ സ്പെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. ലെവിൻ – ഒരു വർഷം കൂടി
സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന – 2025 ജൂൺ 1 മുതൽ ഒരു വർഷം
സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ. ആർ – ജനുവരി 10 മുതൽ ഒരു വർഷം
ഇതോടൊപ്പം ഡിജിറ്റൽ സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടിനും മന്ത്രിസഭ അംഗീകാരം നൽകി.








