തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിതയെക്കുറിച്ചറിയാം

0
32

തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കാത്ത മട്ടന്നൂര്‍ നഗര സഭയിലുള്‍പ്പെടെ സംസ്ഥാനത്താകമാനം മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ എ ഷാജഹാന്‍ അറിയിച്ചു.

മാതൃകാ പെരമാറ്റച്ചട്ടം

തെരഞ്ഞെടുപ്പു കമ്മിഷന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിയുന്നതു മുതല്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് അധികൃതരും വ്യക്തികളും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളെയാണ് മാതൃകാ പെരുമാറ്റ ചട്ടം എന്നു വിളിക്കുന്നത്. പെരുമാറ്റ ചട്ടം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ലംഘനം പരിശോധിക്കുന്നതിന് ജില്ലാ തലത്തില്‍ കലക്ടര്‍മാര്‍ അധ്യക്ഷന്‍മാരായ സമിതിയുമുണ്ട്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിക്കും.

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള മാതൃകാ പെരുമാറ്റം ഇവയാണ്:

മതം, വംശം, ജാതി, സമുദായം, ഭാഷാപരമായ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചേര്‍ന്ന ശിക്ഷ ലഭിക്കും.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരുടെ സ്വകാര്യ ജീവിതത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കാന്‍ പാടില്ല.

ജാതിയുടെയും മതത്തിൻ്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. മുസ്ലീം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ മത സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.

സമ്മതിദായകര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക എന്നിവ കുറ്റകരമാണ്.

വോട്ടെടുപ്പു ദിവസം പോളിങ് സ്‌റ്റേഷൻ്റെ നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് വോട്ടു തേടുക, പോളിങ് സ്‌റ്റേഷനിലേക്കും തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടു വരികയും വാഹനങ്ങളില്‍ കൊണ്ടു പോകുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പു നിയമ പ്രകാരമുള്ള കുറ്റ കൃത്യങ്ങളാണ്.

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും അവരുടെ അനുയായികളും ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അവരുടെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്യാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുമര്‍ എഴുതുകയോ പോസ്റ്റര്‍ പതിപ്പിക്കുകയോ ബാനര്‍, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല.

തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണത്തിനും ഹരിത പെരുമാറ്റ ചട്ടം അനുസരിച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃ ചംക്രമണം ചെയ്യുന്ന വസ്തുക്കളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല

മന്ത്രിമാര്‍, എംപിമാര്‍, എംല്‍എമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, തദ്ദേശ ഭരണ സ്ഥാപന അംഗങ്ങള്‍ എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെടുത്തരുത്. മേല്‍പ്പറഞ്ഞ ഈ ആളുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

അധികാരത്തിലിരിക്കുന്ന കക്ഷിയുടെ താത്പര്യാര്‍ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്.

പൊതു സമ്മേളനത്തിന് ഉപയോഗിക്കുന്ന മൈതാനങ്ങള്‍, പൊതു സ്ഥലങ്ങള്‍, ഹെലിപ്പാഡുകള്‍ എന്നിവ ഭരണ കക്ഷിയുടെ ഉപയോഗത്തിനായി കയ്യടക്കി വയ്ക്കാന്‍ പാടില്ല. ഭരണ കക്ഷിക്ക് ലഭ്യമയാ അതേ വ്യവസ്ഥയില്‍ മറ്റ് കക്ഷികള്‍ക്കും നല്‍കേണ്ടതാണ്.

റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രചാരണ ഓഫീസോ സമ്മേളന സ്ഥലമോ ആയി ഉപയോഗിക്കാന്‍ പാടില്ല

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിനായി അവരുടെ ഭരണ നേട്ടങ്ങളെ കുറിച്ചോ സര്‍ക്കാര്‍ ചെലവില്‍ വര്‍ത്തമാന പത്രങ്ങളിലോ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ പരസ്യം നല്‍കാന്‍ പാടില്ല

പുതുതായി ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ നല്‍കാമെന്ന് ഉറപ്പു നല്‍കുകയോ ചെയ്യാതിരിക്കുക

പുതിയ പദ്ധതികള്‍, സ്‌കീമുകള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം തറക്കല്ലിടല്‍ മുതലായവ ഒഴിവാക്കുക. റോഡ് നിര്‍മാണം, വൈദ്യുതീകരണം തുടങ്ങിയവയെ കുറിച്ച് പുതുതായി ഉറപ്പുകളോ പ്രഖ്യാപനങ്ങളോ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി
നല്‍കാന്‍ പാടില്ല

സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ തദ്ദേശ ഭരണ സ്ഥാപനങ്ങളിലോ താത്കാലിക നിയമനങ്ങള്‍ നടത്തരുത്.

LEAVE A REPLY

Please enter your comment!
Please enter your name here