ദീപാവലി പടിവാതില്‍ക്കലെത്തി നില്‍ക്കേ ദേശീയ തലസ്ഥാനത്ത് ഹരിത പടക്കങ്ങളുടെ വില്‍പ്പന ആരംഭിച്ചു. ഇന്ന് (ഒക്‌ടോബര്‍ 18) രാവിലെ മുതലാണ് ഹരിത പടക്കങ്ങളുടെ വിപണി സജീവമായത്. ലൈസന്‍സുള്ളവര്‍ക്ക് മാത്രമെ പടക്കങ്ങള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
ഡല്‍ഹിയിലെ പ്രത്യേകം തെരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്‌ക്ക് അനുമതിയുള്ളൂ. ഹരിത പടക്കങ്ങളുടെ വില്‍പ്പന ആരംഭിച്ചത് മുതല്‍ ഡല്‍ഹിയിലും പരിസരങ്ങളിലും പൊലീസ് പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 16) വൈകുന്നേരം വരെ ഹരിത പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ലൈസന്‍സിങ് യൂണിറ്റിന് വെറും 20 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ (ഒക്‌ടോബര്‍ 17) രാത്രിയോടെ അപേക്ഷകരുടെ എണ്ണം 200 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (ഒക്‌ടോബര്‍ 15) ഇതുസംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വന്നത്. ഉപാധികളോടെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് പറഞ്ഞ സുപ്രീംകോടതി പടക്ക നിരോധനത്തിന് ഇളവ് അനുവദിക്കുകയായിരുന്നു. ഒക്‌ടോബര്‍ 18 മുതല്‍ 2 വരെ മാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
ഈ ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ 7 മണി വരെയും വൈകിട്ട് 6 മണി മുതല്‍ 10 മണി വരെയുമാണ് അനുമതിയുള്ളൂ. വിധിക്ക് പിന്നാലെ മുഖ്യമന്ത്രി രേഖ ഗുപ്‌ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളുടെ വൈകാരികത കൂടി പരിഗണിച്ച വിധിക്ക് നന്ദിയെന്ന് രേഖ ഗുപ്‌ത പറഞ്ഞു.
നിരോധനം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം: അനിയന്ത്രിതമായ മലിനീകരണം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷമാണ് വടക്കേ ഇന്ത്യയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും നിരോധനമുണ്ടായിരുന്നു. പടക്കം പൊട്ടിക്കല്‍, അവയുടെ വാങ്ങലും വില്‍ക്കലും സംഭരണവുമെല്ലാം വിലക്കിയിരുന്നു.
എന്താണ് ഹരിത പടക്കങ്ങള്‍? എങ്ങനെ തിരിച്ചറിയാം: ബേറിയം നൈട്രേറ്റ് പോലെയുള്ള വിഷവസ്‌തുക്കള്‍ കുറഞ്ഞതോ ഒട്ടും തന്നെ ഇല്ലാത്തതോ ആയ പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ മലീനീകരണം കുറവായിരിക്കും ഇതിന്. ഇവ തിരിച്ചറിയാനും മാര്‍ഗങ്ങളുണ്ട്.
ഹരിത പടക്കങ്ങളുടെ പാക്കറ്റുകളില്‍ CSIR-NEERI ലോഗോ കാണാനാകും. ഇതിനാകട്ടെ പച്ച നിറമായിരിക്കും. ഇതില്ലാത്തവ ഹരിത പടക്കങ്ങളായിരിക്കില്ല. മാത്രമല്ല പടക്കത്തിന്‍റെ പാക്കറ്റുകളില്‍ ഒരു ക്യൂആര്‍ കോഡും ഉണ്ടാകും.
മൊബൈലില്‍ അത് സ്‌കാന്‍ ചെയ്യുക. അപ്പോള്‍ പടക്കത്തിന്‍റെ മലിനീകരണ തോത്, അതില്‍ ചേര്‍ത്തിട്ടുള്ള രാസവസ്‌തുക്കളുടെ അളവ് എന്നിവ അറിയാനാകും. പടക്കത്തിന്‍റെ പാക്കറ്റില്‍ നിര്‍മാതാവിന്‍റേത് അടക്കമുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ടാകും.
നിയമം തെറ്റിച്ചാല്‍ കിട്ടും മുട്ടന്‍ പണി: ഹരിത പടക്കങ്ങള്‍ അല്ലാത്തവ വില്‍ക്കുകയോ വാങ്ങുയോ ചെയ്യുന്നത് കുറ്റമാണ്. ഇത് മലിനീകരണ നിയന്ത്രണ സമിതിയുടെയും സ്‌ഫോടക വസ്‌തു നിയമത്തിന്‍റെയും പരിധിയില്‍ വരും. ഇത്തരം പടക്കങ്ങള്‍ വില്‍ക്കുകയോ സൂക്ഷിക്കുകയോ ചെയ്‌താല്‍ 5000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. മാത്രല്ല വില്‍പ്പനയ്‌ക്കുള്ള ലൈസന്‍സും റദ്ദാക്കും. പടക്കം ഉപയോഗിക്കുന്നവര്‍ക്കാകട്ടെ 200 രൂപ പിഴയും 6 മാസം തടവും ശിക്ഷ ലഭിക്കും.






