സസ്യ നിർമ്മിത ഔഷധങ്ങൾ പ്രത്യേകിച്ച് ആയുർവേദ ഔഷധങ്ങൾക്ക് ലോകവ്യാപകമായി കൂടുതൽ ആവശ്യം വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പ്രധാനകാരണം സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ലാത്തതും ഗുണയുക്തവുമാണ് എന്നതാണ്. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗവും ഔഷധസസ്യങ്ങൾ തന്നെയാണ് അസംസ്കൃത വസ്തുക്കൾ. 4500 ഓളം വിവിധ സസ്യവിഭാഗങ്ങൾ ഭൂമുഖത്തുണ്ട്. ഭൂമുഖത്തുള്ള 12 ഓളം ജൈവ വൈവിധ്യകേന്ദ്രങ്ങളിൽ ഒന്നാണ് ഭാരതം. ഭാരതീയ വൈദ്യശാസ്ത്രങ്ങളിൽ ഏകദേശം 1079 തരം ചെടികൾ ഔഷധാവശ്യത്തിന് ഉപയോഗിച്ച് വരുന്നു. ഇതിൽ ഹെർബ്സ് 344 എണ്ണവും കുറ്റിച്ചെടികൾ 220 ഉം ഔഷധവൃക്ഷങ്ങൾ 354 ഉം വള്ളിച്ചെടികൾ 127 ഉം മറ്റുള്ളവ 34 ഉം ഉൾപ്പെടുന്നു. ഔഷധനിർമ്മാണത്തിന് സസ്യത്തിന്റെ പ്രവർത്തനക്ഷമമായ ഭാഗങ്ങളും സസ്യം പൂർണ്ണമായും ഉപയോഗിക്കുന്നു. സസ്യങ്ങളുടെ വേര്, വേരിന്മേൽ തൊലി, ഇല, തളിര്, ഞെരമ്പ്, തൊലി, ഫലം, ഫലമജ്ജ, ഫലത്തിന്റെ തൊലി, ബീജം, പത്രിക, കിഴങ്ങ്, മുള്ള്, പൂവ്, പൂങ്കുല ,കേസരം, നിര്യാസം, ക്ഷീരം, എണ്ണ എന്നിവയാണ് പ്രധാനമായും പരമ്പരാഗതമായ ആയുർവേദ ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ വേരുകളുടെ ഉപയോഗം 50 ശതമാനത്തോളം വരും 12 ശതമാനം തടിയും, 7 ശതമാനം തൊലിയും, 9 ശതമാനം സമൂലമായും, 15 ശതമാനം പഴങ്ങളും വിത്തുകളും, 3 ശതമാനം പുഷ്പങ്ങളും, ഇലകൾ 4 ശതമാനവും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സസ്യ ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ചെടികളിൽ കൂടുതലും വനത്തിൽ നിന്നും വനപ്രദേശങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. മറ്റുള്ളവ വനഇതരപ്രദേശങ്ങളിൽ നിന്നുമാണ്. ഒരു കാലത്ത് ഔഷധസസ്യങ്ങളുടെ അക്ഷയപാത്രമായിരുന്നു നമ്മുടെ നാട്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മരുന്ന് ശേഖരണം പല ഔഷധ ചെടികളുടെയും വംശവർദ്ധനവിനെ തടയുക തന്നെ ചെയ്തിട്ടുണ്ട്. ചില ചെടികൾക്ക് വംശനാശം തന്നെ സംഭവിച്ചിട്ടും ഉണ്ട്. ചില ചെടികൾ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മരുന്നുൽപാദകർക്ക് യഥാർത്ഥ മരുന്ന് ചെടികൾ ആവശ്യാനുസരണം യഥാസമയം ലഭിക്കാതെ വരും. ഇത് ചികിത്സയുടെയും ഔഷധങ്ങളുടെയും ഗുണമേന്മയെ ബാധിക്കും. ഇതിനുള്ള പ്രധാന പ്രതിവിധി ചെടികളുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധിവാൻമാരാക്കുകയും ഔഷധ സസ്യകൃഷി വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്യുക എന്നതാണ്. ജനപ്പെരുപ്പവും കേരളത്തിലെ കൃഷിഭൂമിയുടെ പരിമിതിയും വെച്ച് പലരീതികളിലായി ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാം.
ഔഷധ ചെടികൾ കൃഷി ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഇടവിളയായി കൃഷി ചെയ്യുക എന്നതാണ്. വലിയ ചെലവില്ലാതെ മരുന്നുകൾ ഉല്പാദിപ്പിക്കുവാനും, ക്യഷിയിടങ്ങളില്‍ നിന്നുള്ള ആദായം വർദ്ധിപ്പിക്കുവാനും, പ്രധാന കൃഷിയുടെ ചിലവ് ചുരുക്കുന്നതിനും ഇത്തരത്തിലുള്ള കൃഷി ഉപകരിക്കും. തിപ്പലി, കുരുമുളക്, ഗ്രാമ്പു, നീലയമരി, ചിറ്റരത്ത, വയമ്പ്, അടപതിയന്‍, ഇഞ്ചി, ഇരുവേലി, കച്ചോലം, മഞ്ഞൾ, സർപ്പഗന്ധി, കൊടുവേലി, പച്ചില, നാഗദന്തി, വെറ്റില, പുഷ്കരമൂലം, കുറുന്തോട്ടി, ജാതി, നിലപ്പന, നറുനീണ്ടി എന്നീ ചെടികൾ തെങ്ങിൻ തോപ്പുകളിലും മറ്റും ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ഇവയിൽ പലതും റബ്ബർ തോട്ടങ്ങളിലും കൃഷി ചെയ്യാം. വേലി കെട്ടുന്നതിന് മരുന്ന് ചെടികൾ ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. ആടലോടകം, കരിനൊച്ചി, മുഞ്ഞ, വള്ളിപ്പാല, ശതാവരി, ചക്കരകൊല്ലി, മരമഞ്ഞൾ, പടവലം, പതിമുകം, കൂവളം, അശോകം, ചിറ്റമൃത്, ഉങ്ങ്, ചെമ്പരത്തി, നായ്ക്കുരണം, ശംഖുപുഷ്പം, താതിരി, കുന്നി, കരിംകുറിഞ്ഞി, ചങ്ങലം പരണ്ട, ഗരുഡക്കൊടി, കൊടിത്തൂവ തുടങ്ങിയ സസ്യങ്ങൾ വേലിക്കെട്ടുന്നതിനായി ഉപയോഗിക്കാം. സസ്യങ്ങൾ ഉപയോഗിച്ച് വേലികെട്ടുന്നത് നമ്മെ പ്രധാനമായും മൂന്ന് തരത്തിൽ സഹായിക്കുന്നു. ഒന്ന് ആവശ്യത്തിനുള്ള മരുന്ന്, രണ്ട് പരിസ്ഥിതി സംരക്ഷണം, മൂന്നാമതായി വേലിയും. രാമച്ചം, വയമ്പ്, മൂവില, നറുനീണ്ടി, നിലപ്പന, മുത്തങ്ങ, തഴുതാമ, ഇഞ്ചിപ്പുല്ല്, മുത്തിൾ, കച്ചോലം, തൊട്ടാവാടി, കറ്റാർവാഴ, ആവണക്ക്, കറുക, അരത്ത, ബ്രഹ്മി, ഇരുവേലി, പർപ്പടകപ്പുല്ല്, പാൽമുതക്ക് എന്നീ കൃഷി ചെയ്യുന്നത് കൊണ്ട് മരുന്നിന്റെ ഉപയോഗം നടക്കുന്നതോടൊപ്പം മണ്ണൊലിപ്പ് തടയുന്നതിന് സഹായിക്കുകയും ചെയ്യും. ചില ഔഷധചെടികൾ വീട്ട്മുറ്റത്തും ഉദ്യാനങ്ങളിലും അലങ്കാര ചെടികളായി കൃഷി ചെയ്യാം. മാതളം, നിത്യകല്യാണി, ശംഖ്പുഷ്പം,
കൊടുവേലി, ശതാവരി, തുളസി, പിച്ചകം, പുഷ്കരമുലം, ചെമ്പരത്തി. രാമച്ചം, ആമ്പൽ, താമര, അമൽപൊരി, മോന്താന്നി, തെച്ചി, സോമലത,
കൊന്ന, അശോകം, റോസ്, ചങ്ങലംപരണ്ട, കറ്റാർവാഴ, ഉമ്മം തുടങ്ങിയ സസ്യങ്ങൾ അലങ്കാരത്തോടൊപ്പം ഔഷധാവശ്യങ്ങൾക്കുമായി കൃഷി ചെയ്യാവുന്ന ചില ഇനങ്ങളാണ്. ഇത് കൂടാതെ പല ഔഷധ ചെടികളും ചെടിച്ചട്ടികളിലും ചാക്കുകളിൽ മണൽ നിറച്ചും കൃഷി ചെയ്യാം. തിപ്പലി, കുരുമുളക്, ശതാവരി, പടവലം, കറ്റാർവാഴ, തുളസി, നീലയമരി, കൊടുവേലി, താതിരി, പിച്ചകം, താമര, റോസ് എന്നിവ ഈ രീതിയിൽ കൃഷി ചെയ്യാവുന്ന ചില ഇനങ്ങളാണ്. അടുക്കളത്തോട്ടമായും ഔഷധ ചെടികൾ കൃഷിചെയ്യാം. മുരിങ്ങ, അഗത്തിചീര. നെല്ലി, കൈപ്പ് കുമ്പളം, കരിവേപ്പ്, കദളിവാഴ, ചെറുനാരങ്ങ, ഇലവംശം, കുടമ്പുളി, ജാതി, മാവ് തുടങ്ങിയവ അടുക്കളതോട്ടങ്ങളിൽ കൃഷി ചെയ്യാം. ഇതിനുള്ള പ്രധാന ഗുണം ഔഷധമായും ആഹാരമായും ഉപയോഗിക്കാമെന്നതുതന്നെ. മറ്റ് വിളകൾ കൃഷിചെയ്യാൻ പറ്റാത്ത തരിശു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാം. ഉദാഹരണമായി കുന്നിൻ പ്രദേശങ്ങളിൽ ഓരില, നറുനീണ്ടി, കടുകപ്പാല, കറ്റാർവാഴ, രാമച്ചം, ചെറൂള, കൊടുത്തൂവ, ഉമ്മം, കുമിഴ്, കണ്ടകാരിചുണ്ട, പാട, വഴുതിന, മുഞ്ഞ, കരിം കുറിഞ്ഞി, പാതിരി, എന്നിവ സമൃദ്ധമായി വളരുന്നതും, തഴുതാമ, കയ്യോന്നി, ബ്രഹ്മി, കുടങ്ങൽ, വയമ്പ്, വയൽച്ചുള്ളി, അടക്കാമണിയൻ എന്നിവ ചതുപ്പ് പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്നുമുണ്ട്. മണൽ പ്രദേശങ്ങളിൽ ഉഴിഞ്ഞ, എരുക്ക്, നിത്യകല്യാണി, നീലയമരി, കിര്യാത്ത, കടലാടി, ചെറുതേക്ക്, കണ്ടാകാരി, കുന്നി, ഞാവൽ, കുടകപ്പാല, പർപ്പടക പുല്ല്, ഞെരിഞ്ഞൽ എന്നിവക്ക് പുറമേ ഔഷധ ഗുണമുള്ള വിവിധയിനം കള്ളിച്ചെടികളും സമൃദ്ധമായി വളരുന്നു. കൊടുവേലി കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്താൽ എലി ശല്യത്തെ ഇല്ലാതാക്കാൻ സഹായകമാകും. സാമൂഹ്യ വനൽക്കരണത്തിലൂടെയും ഔഷധസസ്യങ്ങൾ കൃഷി ചെയ്യാം. ഈ പദ്ധതി അനുസരിച്ച് തുറസായ സ്ഥലങ്ങളിലും വനഭൂമികളിലും ഔഷധസസ്യങ്ങൽ കൃഷി ചെയ്യാം. ഇതിനായി ഔഷധവൃക്ഷങ്ങളും തിരഞ്ഞെടുക്കാം. ആര്യവേപ്പ്, വേങ്ങ, കരിങ്ങാലി, രക്തചന്ദനം, ചന്ദനം, കൂവളം, കൊന്ന, കടുക്ക, നെല്ലി, താന്നി, നീർമരുത്, അശോകം, കോൽപുളി, കുടംപുളി, വിവിധയിനം ആൽമരങ്ങൾ, മാവ്, പയ്യാനി, പാതിരി, കുമിഴ് മുതലായവ കൃഷി ചെയ്യാം. വൃക്ഷങ്ങളുടെ ഔഷധോപയോഗത്തോടൊപ്പം തടിയും തണലും ശുദ്ധവായുവും നമുക്ക് നൽകുന്നു. കൂടാതെ ഇവയിൽ പലതും ഫലവൃക്ഷങ്ങളുമാണ്. വ്യവസായ ശാലകൾ തുടങ്ങുമ്പോൾ ചുറ്റുമുള്ള സ്ഥലങ്ങളിൽ ഔഷധതോട്ടങ്ങൾ വെച്ച് പിടിപ്പിക്കുകയാണെങ്കിൽ പരിസരമലിനീകരണം തടയുന്ന ഗ്രീൻ ബെൽറ്റ് ആയി പ്രവർത്തിക്കുന്നതോടൊപ്പം ഔഷധോപയോഗത്തിനും ഉപയോഗിക്കപ്പെടുന്നു. ഔഷധസസ്യങ്ങളെ കുടിൽവ്യവസായ രൂപത്തിലൊ ഗ്രൂപ്പ് ഫാമിങ്ങ് നടത്തിയോ, ഗ്രാമങ്ങളിൽ സ്ഥലസൗകര്യത്തിനനുസരിച്ച് കൃഷി ചെയ്യാവുന്നതാണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്നതും, കേരളത്തിൽ പരമ്പരാഗത ആയുർവേദ ഔഷധങ്ങള്‍ നിർമ്മിക്കുന്നതിന് കൂടുതൽ ഉപയോഗിക്കുന്നതുമായ ചില സസ്യഭാഗങ്ങൾ താഴെ പറയും പ്രകാരമാണ്.
വേരുകൾ
ആവണക്ക്, ആടലോടകം, കുറുന്തോട്ടി, കൂവളം, കുമിഴ്, ഉമ്മത്ത്, കണ്ടകാരി, വഴുതിന, പുത്തരിച്ചുണ്ട, കരിനൊച്ചി, പുഷ്കരമൂലം രാമച്ചം, ഓരില, മൂവില, കൊടുത്തൂവ, വയൽച്ചുള്ളി, വയമ്പ്, മുഞ്ഞ, കരളകം എന്നിവയുടെ വേരുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കാതൽ
കാതൽ കൂടുതലായി ഉപയോഗിക്കുന്നത് കരിങ്ങാലി, പതിമുകം, വേങ്ങ, ചന്ദനം, രക്തചന്ദനം എന്നീ വൃക്ഷങ്ങളുടേതും വള്ളികൾ കൂടുതൽ ഉപയോഗിക്കുന്നത് ചിറ്റമൃത്, ചങ്ങലംപരണ്ട, പർപ്പടക പുല്ല്, ബ്രഹ്മി, പടവലം എന്നിവയുടേതുമാണ്.
തൊലികൾ
അത്തി, ഇത്തി, അരയാൽ, പേരാൽ, അശോകം, ഉങ്ങ്, കണിക്കൊന്ന, ഞാവൽ, നീർമരുത്, ആര്യവേപ്പ്, മുരിങ്ങ, കരിവേലം, പാച്ചോറ്റി, ഇല വംശം എന്നിവയുടെ തൊലികളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഇലകൾ
കരിനൊച്ചി, കറ്റാർവാഴ, കയ്യോന്നി, ആര്യവേപ്പ്, കൂവളം, താന്നി, തുളസി, മുരിങ്ങ, നീലയമരി, പിച്ചകം, കോൽപുളി, പച്ചില, ചെമ്പരത്തി, വെറ്റില എന്നിവയുടെ ഇലകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കിഴങ്ങുകൾ
അടപതിയൻ, കൊടുവേലി, നറുനീണ്ടി, മഞ്ഞൾ, ഇഞ്ചി, ശതാവരി, പാൽമുതക്ക്, കദളിവാഴ എന്നിവയാണ് ഉപയോഗിക്കുന്നത്.
പൂക്കൾ
കരയാംപു, തുളസി, തെച്ചി, താമര, തെങ്ങ്, താതിരി, ജാതി എന്നിവയുടെയാണ്.
ഫലങ്ങൾ
കൂടുതലായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ, മാതളനാരങ്ങ ഇളനീർ, കുമ്പളങ്ങ, നെല്ലിക്ക, കടുക്ക, താന്നിക്ക, ജാതിക്ക, തേങ്ങ, തിപ്പലി, കുരുമുളക്, പരുത്തികുരു, മുതിര, ഉഴുന്ന്, എള്ള്, ഏലക്ക എന്നിവയുടേതുമാണ്.
സമൂലം
കൂടുതലായി ഉപയോഗിക്കുന്ന സസ്യങ്ങൾ പടവലം, ചെറുള, തഴുതാമ, ഇരുവേലി, അടക്കാമണിയൻ, ഉഴിഞ്ഞ, കിര്യാത്ത, കീഴാർനെല്ലി എന്നിവയുമാകുന്നു.
ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് വ്യാവസായിക പ്രാധാന്യമുള്ളതും പ്രഥമ ശുശ്രൂഷക്ക് ഉപയോഗിക്കാവുന്നതുമായ ചെടികൾ തിരഞ്ഞെടുക്കുവാനും ഔഷധ വ്യവസായികളുമായി ധാരണപത്രം ഉറപ്പാക്കുവാനുമാണ്.







