യാങ്കൂൺ (മ്യാൻമർ): എഎഫ്‌സി അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഫൈനൽ റൗണ്ടിൽ. യാങ്കൂണിലെ തുവുന്ന സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് ഡി മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ചരിത്രനേട്ടം. വിജയത്തോടെ, രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ എഎഫ്‌സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) അണ്ടർ-20 വനിതാ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടി. 27-ാം മിനിറ്റിൽ പൂജയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 2006 ലാണ് ഇന്ത്യ അവസാനമായി ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. സീസണിൽ ഇന്തോനേഷ്യ (0-0), തുർക്ക്‌മെനിസ്ഥാൻ (7-0), മ്യാൻമറിനെ 1-0 ന് പരാജയപ്പെടുത്തി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങിയില്ല.
2026 ലെ AFC U-20 വനിതാ ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ 11 സ്ഥാനങ്ങൾക്കായി ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്. ആതിഥേയരായ തായ്‌ലൻഡ് ഇതിനകം യോഗ്യത നേടി. യോഗ്യതാ മത്സരങ്ങളിൽ, ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. എട്ട് ഗ്രൂപ്പ് വിജയികളും എല്ലാ ഗ്രൂപ്പുകളിലുമായി മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും അടുത്ത വർഷം ഏപ്രിൽ 1 മുതൽ 18 വരെ AFC U-20 വനിതാ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. നേരത്തേ സീനിയർ വിഭാഗം ഏഷ്യൻ കപ്പിന് ഇന്ത്യൻ വനിതാ ടീം യോഗ്യത നേടിയിരുന്നു.
പാരിതോഷികം പ്രഖ്യാപിച്ചു
മികച്ച പ്രകടനത്തിന് അണ്ടർ-20 വനിതാ ദേശീയ ടീമിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 25,000 യുഎസ് ഡോളർ (ഏകദേശം 22 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. 2026 ഏപ്രിലിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പിനായി സാധ്യമായ ഏറ്റവും മികച്ച തയ്യാറെടുപ്പ് ഉറപ്പാക്കാൻ എഐഎഫ്എഫ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് എഐഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു. പരിശീലന ക്യാമ്പുകൾ സുഗമമാക്കുന്നതിനും ടീമിന് ഉയർന്ന നിലവാരമുള്ള അന്താരാഷ്ട്ര അനുഭവം ഉറപ്പാക്കുന്നതിനും ഫെഡറേഷൻ സാധ്യമായത് ചെയ്യും.
പരിശീലനത്തിലൂടെ കളിക്കാരെ ശാരീരികമായും മാനസികമായും യോഗ്യരാക്കുക മാത്രമല്ല, ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ കളിക്കാൻ അവരെ സജ്ജമാക്കുക കൂടിയാണ് ഫെഡറേഷന്‍റെ ലക്ഷ്യം. മത്സരങ്ങൾ കളിക്കാൻ നല്ല എതിരാളികളെ ഒരുക്കുന്നതിനുള്ള അവസരങ്ങളും പരിഗണിക്കുന്നുണ്ടെന്ന് ഫെഡറേഷൻ പറഞ്ഞു.





