ഗർഭാശയ കാൻസറിന് കാരണമാകുന്ന പുതിയ ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തി. സാധ്യതയുള്ള പ്രതിരോധ തന്ത്രങ്ങളും പുതിയ ചികിത്സാ സമീപനങ്ങളും വികസിപ്പിക്കാൻ ഗവേഷണം സഹായിച്ചേക്കാം എന്ന് വിലയിരുത്തൽ.
ഗർഭാശയ കാന്‍സറിന് കാരണമാകുന്ന പുതിയ ജീനോമിക് അപകടഘടകങ്ങള്‍ കണ്ടെത്തി. ഗർഭാശയത്തിൻ്റെ ആവരണത്തിൽ ട്യൂമർ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിഎൻഎയിലെ പുതിയ ഘടകങ്ങളാണ് അന്താരാഷ്ട്ര സംഘം കണ്ടെത്തിയത്. എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്ന് അറിയപ്പെടുന്ന ഗര്‍ഭാശയത്തിലെ ആവരണത്തില്‍ വരുന്ന ഈ ഗൈനക്കോളജിക്കല്‍ കാന്‍സർ വളരെ അപകടകാരിയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോകമെമ്പാടും പ്രതിവര്‍ഷം 4 ലക്ഷം സ്ത്രീകളിൽ ഈ രോഗം കണ്ടെത്തുന്നു. ഇതിൽ ഏകദേശം 1 ലക്ഷം പേർ മരിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, ലൈംഗിക ഹോർമോണായ ഈസ്ട്രജൻ്റെ ഉയർന്ന അളവ് എന്നിവയാണ് സാധാരണ ഇതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.
എന്‍ടോമെട്രിയയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പ്രായം കൂടുംതോറും വര്‍ധിക്കുന്നു. ഇതിൽ ഏകദേശം 5 ശതമാനം കേസുകള്‍ക്കും കാരണം ജനിതക ഘടനയാണ്. ലിഞ്ച് സിൻഡ്രോം അല്ലെങ്കിൽ കൗഡൻ സിൻഡ്രോം പോലുള്ള ഒരു പാരമ്പര്യ സിൻഡ്രോമിൻ്റെ ഫലമായി ഉണ്ടാകുന്ന കാന്‍സറിൻ്റെ റിസ്‌ക് വര്‍ധിപ്പിക്കുന്നത് ജീൻ മ്യൂട്ടേഷനുകളാണ്.
എൻഡോമെട്രിയൽ കാൻസറിന് കാരണമാകുന്ന അഞ്ച് പുതിയ ഘടകങ്ങള്‍ ജർമനിയിലെ ഹാനോവർ മെഡിക്കൽ സ്‌കൂളിലെ (MHH) സംഘം കണ്ടെത്തി. ബയോമെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇതോടെ അപകടസാധ്യതാ ഘടകങ്ങളുടെ എണ്ണം 16 ൽ നിന്ന് 21 ആയി ഉയർന്നു.
പാരമ്പര്യ ഗർഭാശയ കാൻസറിൻ്റെ സാധ്യത കഴിയുന്നത്ര കൃത്യമായി പ്രവചിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇത് ഒരു പടി കൂടി അടുപ്പിക്കുന്നു എന്ന് എംഎച്ച്എച്ചിലെ ഗൈനക്കോളജിക്കൽ റിസർച്ച് യൂണിറ്റിൻ്റെ തലവനായ ഡോ. തിലോ ഡോർക്ക് ബൗസെറ്റ് പറഞ്ഞു. രോഗത്തിന് കാരണമാകുന്ന ജീനുകൾ കൂടുതൽ കണ്ടെത്തുമ്പോൾ, ഒരു സ്ത്രീക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ കൃത്യമായി കണക്കാക്കാൻ കഴിയുമെന്ന് ഡോർക്ക് ബൗസെറ്റ് കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലെ ദേശീയ ബയോബാങ്കുകളിൽ നിന്ന് ശേഖരിച്ച ജനിതക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിസർച്ച് നടന്നത്. എൻഡോമെട്രിയൽ കാൻസർ ബാധിച്ച 17,000-ത്തിലധികം രോഗികളിലെ ജനിതക മാറ്റങ്ങൾ പഠന വിധേയമാക്കി. ഈ ജനിതക മാറ്റങ്ങളെ ഏകദേശം 290,000 ആരോഗ്യമുള്ള സ്ത്രീകളുടെ ജീനോമുകളുമായി താരതമ്യം ചെയ്‌തു.
പരമ്പരാഗത ഗര്‍ഭാശയ കാന്‍സറിൻ്റെ നാവിഗേറ്റർ-3 (NAV3) എന്ന് വിളിക്കപ്പെടുന്ന പുതിയ അപകടസാധ്യതയുള്ള ജീനുകളിൽ ഒരു വകഭേദത്തെ സംഘം കൂടുതൽ വിശദമായി പരിശോധിച്ചു. എന്‍എവി 3 നിർജീവമാക്കിയപ്പോൾ, ഗർഭാശയ കോശങ്ങൾ വേഗത്തിൽ വളർന്നു. മറുവശത്ത്, അമിതമായ എന്‍എവി 3 പ്രവർത്തനം കോശത്തിൻ്റെ നാശത്തിലേക്ക് നയിക്കുന്നതിന് കാരണമായി.
“എന്‍എവി 3 സാധാരണയായി എൻഡോമെട്രിയത്തിലെ കോശ വളർച്ചയെ പരിമിതപ്പെടുത്തുന്നു എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കാൻസർ രൂപീകരണത്തെ അടിച്ചമർത്തുന്ന ഇതിനെ ട്യൂമർ സപ്രസർ ജീൻ എന്ന് വിളിക്കപ്പെടുന്നു. അടിച്ചമര്‍ത്തല്‍ തുടരുന്നതിനനുസരിച്ച് എൻഡോമെട്രിയൽ കാർസിനോമകളിൽ എന്‍എവി3 വളരെയധികം കുറയുന്നു”. എംഎച്ച്എച്ചിലെ മോളിക്യുലാർ ബയോളജിസ്റ്റ് ഡോ. ധന്യ രാമചന്ദ്രൻ പറയുന്നു. സാധ്യതയുള്ള പ്രതിരോധ തന്ത്രങ്ങളും പുതിയ ചികിത്സാ സമീപനങ്ങളും വികസിപ്പിക്കാൻ ഗവേഷണം സഹായിച്ചേക്കാം എന്ന് ഇതുമായി ബന്ധപ്പെട്ട ടീം പറയുന്നു.








