വിസയ്ക്ക് 15,000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് അമേരിക്ക,

0
78

പുതിയ നിബന്ധന ഈ മാസം 21 മുതല്‍ നിലവില്‍ വരുമെന്ന് travel.state.gov എന്ന വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ 15000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തി ട്രംപ് ഭരണകൂടം. ബോണ്ട് ആവശ്യമുള്ള രാജ്യങ്ങള്‍ മൂന്ന് മടങ്ങ് കൂട്ടിയിട്ടുണ്ട്.

ഏഴ് രാജ്യങ്ങളെ കൂടിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തി ഒരാഴ്‌ച മുമ്പ് പട്ടിക വിപുലപ്പെടുത്തിയിരുന്നു. ഇതോടെ ബോണ്ട് വേണ്ടുന്ന രാജ്യങ്ങളുടെ എണ്ണം പതിമൂന്നായിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം 25 രാജ്യങ്ങളെ കൂടി പട്ടികയില്‍ പെടുത്തി. ഈ മാസം 21 മുതല്‍ പുതിയ ചട്ടം നിലവില്‍ വരുമെന്നും travel.state.gov എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അറിയിപ്പില്‍ പറയുന്നു.

മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്. ഇതിലേറെയും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ലാറ്റിന്‍ അമേരിക്ക, ഏഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള രാജ്യങ്ങളും പട്ടികയിലുണ്ട്. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്‌നമായി മാറും.

അമേരിക്കയിലേക്ക് വരുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍റെ ഭാഗമായാണ് പുത്തന്‍ ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തിപരമായ അഭിമുഖത്തിനും ഹാജരാകണം. കൂടാതെ ഇവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ചരിത്രവും പരിശോധിക്കും. ഇവരുടെയും കുടുംബത്തിന്‍റെയും മുന്‍ യാത്രാ, ജീവിത ക്രമീകരണങ്ങളും പരിശോധിക്കും.

ചില രാജ്യങ്ങളിലെ പൗരന്‍മാരെ ഏറെ കാലം രാജ്യത്ത് തങ്ങാന്‍ അനുവദിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിശദീകരണം. അതേസമയം ബോണ്ട് നല്‍കുന്നത് കൊണ്ട് വിസ നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നില്ലെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വിസ നിഷേധിക്കുകയാണെങ്കില്‍ പക്ഷേ ബോണ്ട് തുക തിരികെ നല്‍കും. അത് പോലെ തന്നെ വിസ ആവശ്യപ്പെട്ട വ്യക്തി അമേരിക്കന്‍ ചട്ടങ്ങള്‍ അനുസരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാലും തുക തിരികെ ലഭിക്കും.

അല്‍ജീരിയ, അംഗോള, അന്‍റിഗ്വ, ബര്‍ബുഡ, ബംഗ്ലാദേശ്, ബെനിന്‍, ബുറുണ്ടി, കേപ് വെര്‍ദെ, ക്യൂബ, ദിജിബൗട്ടി,ഡൊമിനിക, ഫിജി, ഗാബോണ്‍, ഐവറി കോസ്റ്റ്, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, നൈജീരിയ, സെനഗല്‍, താജിക്കിസ്ഥാന്‍, ടോഗോ,ടോന്‍ഗ, ടുവാലു, ഉഗാണ്ട, വനൗതു, വെനിസ്വേല, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി പതിനയ്യായിരം ഡോളര്‍ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭൂട്ടാന്‍, ബോട്‌സ്വാന, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഗാമ്പിയ, ഗയാന, ഗയാന-ബിസൗ, മാലാവി, മൗറിട്ടാനിയ, നമീബിയ, സാവോ ടോമെ, പ്രിന്‍സിപ്പി, ടാന്‍സാനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, സാമ്പിയ തുടങ്ങിയവയും പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here