ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനസ്ഥാനം ഔഷധ സസ്യങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് കേരളം ഔഷധ സസ്യങ്ങളുടെ ഒരു കലവറയായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നമ്മുടെ സംസ്ഥാനത്തുനിന്ന് ഔഷധ സസ്യങ്ങള്‍ അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ചില സസ്യങ്ങള്‍ വംശനാശത്തിന്‍റെ ഭീഷണിയിലായിരിക്കുകയാണ്. ഇതിനു പരിഹാരമായി ഔഷധ സസ്യകൃഷി വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതാണ്. പലയിനം ഔഷധസസ്യങ്ങളും ഉദ്യാനങ്ങള്‍ക്ക് അലങ്കാരമായി നട്ടുപിടിപ്പിക്കാവുന്നതാണ്.
സാധാരണയായി വന്യാവസ്ഥയില്‍ കണ്ടുവരുന്ന നിരവധി ഔഷധസസ്യങ്ങളെ ഗൃഹാങ്കണങ്ങളിലെ ആകര്‍ഷകമായ ഉദ്യാനസസ്യമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഉദ്യാനത്തിന് ശോഭ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായ വര്‍ണം, രൂപം, ആകൃതി വിശേഷം മുതലായവ നല്‍കുന്ന വിവിധതരം ഔഷധ സസ്യങ്ങള്‍ ഉദ്യാനത്തില്‍ വളര്‍ത്താവുന്നതാണ്. ഇത് വീടിന് മോടി കൂട്ടുകയും മാനസികമായ ഉല്ലാസത്തിനും സന്തോഷത്തിനും കാരണമാകുകുയും ചെയ്യും. ഈ ഉദ്യാനങ്ങള്‍ നമ്മുടെ പരിസരത്തെ ഔഷധ സന്പന്നമാക്കുകയും ഗൃഹചികിത്സക്കാവശ്യമായ ഔഷധസസ്യങ്ങള്‍ നല്‍കുകയും കുടുംബത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
ഉദ്യാനത്തിന്‍റെ പ്രധാന ഘടകങ്ങളായ മരങ്ങള്‍ ,കുറ്റിച്ചെടികള്‍,വാര്‍ഷിക സസ്യങ്ങള്‍ , പച്ചപ്പുല്‍ത്തകിടി , മുള ,കള്ളിമുള്‍ച്ചെടികള്‍ , വേലി , പാതയോരങ്ങളിലുള്ള ചെറിയ വേലി, പൂമെത്ത , തൂക്കുചട്ടികള്‍ , പടര്‍ന്നുവളരുന്ന ചെടികള്‍ , ഉദ്യാനത്തിന്‍റെ കവാടത്തിനു മുകളില്‍ വളച്ചു പടര്‍ത്തി വളര്‍ത്തുന്ന ചെടികള്‍ , കൃതിമപാറ അഥവാ ശിലോദ്യാനം ,താമരക്കുളം , പല ആകൃതിയില്‍ മുറിച്ചുവളര്‍ത്തുന്ന സസ്യങ്ങല്‍ ,കുള്ളന്‍വൃക്ഷങ്ങള്‍ മുതലായവ നിര്‍മിക്കുവാന്‍ പറ്റിയ പലയിനം ഔഷധസസ്യങ്ങള്‍ ലഭ്യമാണ്. ഈ സസ്യങ്ങള്‍ ഉപയോഗിച്ച് നല്ല ആകര്‍ഷകമായ ഉദ്യാനം ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കും.
നല്ല പച്ചത്തഴപ്പ് കൊണ്ടും, ഇലകളുടെ ആകൃതിവിശേഷം കൊണ്ടും, ക്രമീകരണം കൊണ്ടും ആകര്‍ഷിക്കപ്പെടുന്ന തൂജ, ഞാവല്‍, അണലിവേഗം മുതലായ ഔഷധസസ്യങ്ങള്‍ ഇലകളുടെ ഭംഗിക്കുവേണ്ടിയും നല്ല ആകര്‍ഷകമായ പൂക്കളുള്ള അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം മുതലായവയും, തണല്‍ നല്‍കുന്ന മരങ്ങളായ വേപ്പ്, കരിങ്ങാലി, നെല്ലി മുതലായവയും ഉദ്യാനത്തില്‍ വച്ചുപിടിപ്പിക്കാവുന്നതാണ്. പല നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്ന കുറ്റിച്ചെടികളായ ചെത്തി, ചെന്പരത്തി, കൊടുവേലി, നന്ദ്യാര്‍വട്ടം, മാതളനാരകം മുതലായവ ഉദ്യാനത്തിന് വര്‍ണഭംഗി വര്‍ധിപ്പിക്കുന്നവയാണ്.
നയനാകര്‍ഷകമായ പച്ചപ്പുള്‍തകിടികള്‍ കറുകപ്പുല്ല് ഉപയോഗിച്ചും നിര്‍മിക്കാവുന്നതാണ്. ചുരുങ്ങിയ കാലം മാത്രം നില്‍ക്കുന്ന നിത്യകല്യാണി, അക്രാവ്, കോഴിവാലന്‍ മുതലായവ ഉപയോഗിച്ചുള്ള പൂമെത്ത ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ്. പടര്‍ന്നു വളരുന്ന ശംഖുപുഷ്പം, ശതാവരി, വാല്‍മുതക്ക്, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയില്‍ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തിന് മോടി കൂട്ടുന്നവയാണ്. പടര്‍ന്നുവളരുന്ന ശംഖുപുഷ്പം, ശതാവരി, പാല്‍മുതക്ക്, സോമലത, വെളുത്തുള്ളി വള്ളി, ഗോളാകൃതിയില്‍ കിഴങ്ങുകളുള്ള മേന്തോന്നി മുതലായവയും ഉദ്യാനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഉദ്യാനത്തിനുചുറ്റും ഔഷധസസ്യങ്ങള്‍കൊണ്ടുതന്നെ വേലിയുണ്ടാക്കാം ആടലോടകം, ചെറുതേക്ക്, കരിനൊച്ചി തുടങ്ങിയവ വേലിയായി വളര്‍ത്താം. ഇടയ്ക്കിടെ വേലിക്കാലായി പതിമുഖവും, ഇവയില്‍ കയര്‍ വരിഞ്ഞതുപോലെ ശതാവരിയും പടര്‍ത്തി വളര്‍ത്താം.
ഉദ്യാനത്തിനകത്ത് പാതയോരങ്ങളില്‍ കുറ്റിച്ചെടികള്‍ ഉപയോഗിച്ച് ചെറിയ വേലികള്‍ ഉണ്ടാക്കുവാന്‍ മയിലാഞ്ചി ഉചയോഗിക്കാം. മാന്‍, മയില്‍, മുയല്‍ മുതലായ പല ആകൃതികളില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന ടോപ്പയേരി എന്നറിയപ്പെടുന്ന അലങ്കാരത്തിനുയോജിച്ച ഔഷധസസ്യങ്ങളാണ് തൂജ, മയിലാഞ്ചി മുതലായവ.
ഉദ്യാനത്തിലുള്ള മരങ്ങള്‍ക്ക് ചുറ്റുമുള്ള തറ 15-30 സെന്‍റീമീറ്റര്‍ ഉയരത്തില്‍ സിമന്‍റുകൊണ്ട് കെട്ടിയെടുത്ത് അതില്‍ പൂച്ചട്ടികളില്‍ വളര്‍ത്തിയ ചെടികള്‍ അടുക്കിവെക്കുന്ന രീതിയാണ് ട്രോപ്പി എന്ന പേരില്‍ അറിയപ്പെടുന്നത്. തണല്‍ ഇഷ്ടപ്പെടുന്നവയും പൂച്ചട്ടികളില്‍ വളര്‍ത്താവുന്നതുമായ ആരോഗ്യപ്പച്ച, പനികൂര്‍ക്ക, അക്രാവ്, സര്‍പ്പഗന്ധി, കച്ചോലം, ബ്രഹ്മി, അരുത, രംഭ, തിപ്പലി മുതലായവ ഇതിനായി ഉപയോഗിക്കാം.
പ്രകൃതിദത്തമായ പാറക്കെട്ടുകളും കല്ലുകളില്‍ ഇടകലര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷലതാദികള്‍ അടങ്ങുന്ന ദൃശ്യമാണ് റോക്കറി അഥവാ ശിലോദ്യാനം. ഔഷധസസ്യങ്ങളായ കറ്റാര്‍വാഴ, കള്ളിമുള്‍ച്ചെടികള്‍, മരള്‍ മുതലായവ ശിലോദ്യാനത്തിന് യോജിച്ചവയാണ്.
കുള്ളന്‍വൃക്ഷങ്ങളായി അരയാല്‍, പേരാല്‍ മുതലായവ വളര്‍ത്തി ഉദ്യാനത്തിന്‍റെ മോടി വര്‍ധിപ്പിക്കാം. മേല്‍പറഞ്ഞ രീതിയില്‍ ഓരോ വീട്ടിലും ഒരു ഔഷധോദ്യാനം നിര്‍മിക്കുന്നത് മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകരമാകും.
ഇലകളുടെ ഭംഗിക്കായി വളര്‍ത്താവുന്ന മരങ്ങള്‍
തൂജ, യൂക്കാലിപ്റ്റസ്, രാമനാമപ്പച്ച, സൗഹൃദച്ചീര, അണലിവേഗം, ഞാവല്‍, കായം
ആകര്‍ഷകമായ പൂക്കള്‍ ഉള്ള മരങ്ങള്‍
അശോകം, കണിക്കൊന്ന, രാജമല്ലി, മന്ദാരം
തണല്‍ നല്‍കുന്ന മരങ്ങള്‍
ചന്ദനം, രക്തചന്ദനം, നെല്ലി വേപ്പ്
കുറ്റിച്ചെടികള്‍
ചെന്പരത്തി, മാതളനാരകം, അരളി, ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തി, ചിറ്റാടലോടകം
വേലി
ചിക്കൂര്‍മാനിസ്, ആടലോടകം, പതിമുഖം, അമുക്കുരം, ബ്രഹ്മി, കച്ചോലം, തിപ്പലി, സര്‍പ്പഗന്ധി, കരിനൊച്ചി
പാതയോരങ്ങളിലുള്ള ചെറിയവേലി
മൈലാഞ്ചി, തൂജ
പൂമെത്ത
ശവനാറി, അക്രാവ്, നാലുമണിച്ചെടി
ചെടിച്ചട്ടിയില്‍ വളര്‍ത്തുന്നവ
ആരോഗ്യപ്പച്ച, അരുത, വയന്പ്, ആഫ്രിക്കന്‍ മല്ലി, പനിക്കൂര്‍ക്ക, പുളിയാറില
പടര്‍ന്നു വളരുന്നവ
സോമലത, ശതാവരി, പാല്‍മുതക്ക്, ശംഖുപുഷ്പം, വെളുത്തുള്ളി വള്ളി, ഈശ്വരമൂലി, ചക്കരക്കൊല്ലി, ചങ്ങലംപരണ്ട, മേന്തോന്നി
പുല്‍ത്തകിടിക്ക് യോജിച്ചത്
കറുകപ്പുല്‍
താമരക്കുളം ഉണ്ടാക്കാന്‍ യോജിച്ചത്
താമര, ആന്പല്‍
ശിലോദ്യാനത്തിനുയോജിച്ചത്
കറ്റാര്‍വാഴ, കള്ളിച്ചെടികള്‍, മരള്‍
ടോപ്പിയോറി
മൈലാഞ്ചി, തൂജ
കുള്ളന്‍ വൃക്ഷങ്ങള്‍
അരയാല്‍, പേരാല്‍







