ചെന്നൈ : കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്കാൻ തയ്യാറായി നടൻ സൂര്യ. ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനായിട്ടാണ് ഈ തുക നൽകുക. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി. തീയറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. .