ആശവര്‍ക്കേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് ചെയര്‍പേഴ്‌സണ്‍. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ പഠിക്കും.
ഏപ്രില്‍ മാസം മൂന്നാം തിയതി സമയരം നടത്തുന്നത് ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളെ യോഗം ആരോഗ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല സമിതിയെ നിയമിക്കാമെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം, സേവന കാലാവധി, ഓണറേറിയം എന്നിവയില്‍ വ്യക്തമായ തീരുമാനം എടുക്കാമെന്നായിരുന്നു അന്നത്തെ യോഗത്തില്‍ മന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍, നിലവില്‍ സമരം നടത്തുന്ന ആശമാര്‍ ഈ തീരുമാനം അംഗീകരിച്ചില്ല. സിഐടിയു, ഐഎന്‍ടിയുസി, ബിഎസ്എഫ് എന്നിങ്ങനെയുള്ള ട്രേഡ് യൂണിയനുകള്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.
അഞ്ച് പേരാണ് കമ്മറ്റി അംഗങ്ങള്‍. ഹരിത വി കുമാറിനെ കൂടാതെ ആരോഗ്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ആര്‍ സുബാഷ് കണ്‍വീനറായിട്ടുണ്ടാകും. ധനവകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, തൊഴില്‍ വകുപ്പ് നാമനിര്‍ദേശം ചെയ്യുന്ന അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അംഗമായ കെ എം ബീന എന്നിവരായിരിക്കും അംഗങ്ങള്‍. മൂന്ന് മാസമായിരിക്കും കമ്മറ്റിയുടെ കാലാവധി. ഇതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആശമാരുടെ തെരഞ്ഞെടുപ്പ്, യോഗ്യത, ഓണറേറിയം പ്രശ്‌നങ്ങള്‍, സേവന കാലാവധി, അവധി തുടങ്ങിയ കാര്യങ്ങളാണ് പഠിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.
അതേസമയം, സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയില്‍ പ്രതീക്ഷയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമരത്തിനുള്ള ജനസമ്മതി കൂടിയതോടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ളസര്‍ക്കാരിന്റെ തന്ത്രമെന്നും ആരോപിച്ചു. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും സമരക്കാര്‍ വ്യക്തമാക്കി.